Tuesday, 1 Oct 2024

ഐശ്വര്യത്തിനും ധനസമൃദ്ധിക്കും ദീപാവലി വ്രതം, ലക്ഷ്മീപൂജ

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാൻ മാത്രമുള്ളതല്ല, വ്രതം നോറ്റ്  കുടുംബൈശ്വര്യം നേടാൻകൂടിയുള്ള ദിവസമാണ് . ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ നമ്മുടെ ആഗ്രഹങ്ങൾ കരഗതമാകുകയും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നുമാണ് വിശ്വാസം. 
ഉത്തരേന്ത്യയിലും തമിഴ് നാട്ടിലും മറ്റുമാണ് ദീപാവലി ആഘോഷം ഏറ്റവും പ്രധാനം. ദീപാവലിയെ സംബന്ധിച്ച് ഒട്ടേറെ  ഐതിഹ്യങ്ങളുണ്ട്.  

വനവാസത്തിനു ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണ് ദീപാവലിയെന്നതാണ് ഒരു ഐതിഹ്യം. അതുകൊണ്ട് ശ്രീരാമക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്. 

ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച് ആ അസുരന്റെ തടവിൽ കഴിഞ്ഞിരുന്ന 16,000 സ്‌ത്രീകളെയും മോചിപ്പിച്ചു സംരക്ഷണം കൊടുത്ത ദിവസമായതിനാൽ നരകചതുർദശിയായി ദീപാവലി  ദിവസം ആചരിക്കുന്നുവെന്നതാണ് മറ്റൊരു ഐതിഹ്യം. അതിനാലാണ്  ഈ ദിവസം ശ്രീകൃഷ്ണ ആരാധനയ്ക്ക് പ്രാധാന്യം കൈവന്നത്. ദീപാവലി  ദിവസത്തെ ശ്രീകൃഷ്ണ ആരാധന വളരെ
ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം.
പാൽക്കടൽ കടഞ്ഞപ്പോൾ അതിൽ നിന്നും മഹാലക്ഷ്മി ഉയർന്നു വന്ന ദിവസമാണ് ദീപാവലി എന്നതാണ് വേറൊരു ഐതിഹ്യം. അതുകൊണ്ട് തന്നെ ഈ ദിവസം ലക്ഷ്മീപൂജയ്ക്ക് വളരെ പ്രധാനമാണത്രേ.
മഹാലക്ഷ്മീ വ്രതമെടുത്ത് ലക്ഷ്മീപൂജ നടത്തുന്നതിന് പറ്റിയ ദിവസമാണ്  ദീപാവലി. ഈ ദിവസവുംഓരോ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ചകളിലും  പലരും മഹാലക്ഷ്മീ വ്രതമെടുത്ത് ആഗ്രഹസാഫല്യം നേടാറുണ്ട്. രാവിലെ കുളിച്ചു ശുഭവസ്ത്രം ധരിച്ച് ആദ്യം ഗണപതിയെ വണങ്ങണം. തുടർന്ന് മഹാലക്ഷ്മിയുടെ ചിത്രം മുല്ല, പിച്ചി, തുടങ്ങിയ വെളുത്ത  പൂക്കളാലുള്ള മാലകൊണ്ട് അലങ്കരിക്കണം. നാളികേരം, പഴം, വെറ്റില, അടയ്ക്ക, കർപ്പൂരം, അവല്‍, ശര്‍ക്കര, കല്‍ക്കണ്ടം എന്നിവയും  നാണയങ്ങളും സമര്‍പ്പിച്ച് മഹാലക്ഷ്മി സ്ത്രോത്രം ജപിച്ച് മൂന്നു പ്രാവശ്യം ദേവിയെ വണങ്ങണം. ദീപവലി ദിവസം തുടങ്ങി 21  വെള്ളിയാഴ്ച മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് വ്രതം നോറ്റ് മഹാലക്ഷ്മിയെ വണങ്ങിയാല്‍ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കും. 2019 ഒക്ടോബർ 27 ഞായറാഴ്ചയാണ് ഇത്തവണ ദീപാവലി.
പാലാഴിമഥനത്തില്‍നിന്ന് ഉത്ഭവിച്ച മഹാവിഷ്ണുവിന്റെ ധര്‍മ്മപത്‌നിയായ ലക്ഷ്മി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിദേവതയാണ്. കാമദേവന്റെ മാതാവായും  ക്ഷീരസാഗരസമുത്ഭവയായ ദേവിയെ അറിയപ്പെടുന്നു. 
മഹാലക്ഷ്മിക്ക് എട്ടുവിധത്തില്‍  ഭാവകല്‍പന നല്‍കി  ആരാധിക്കുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിവയാണ് അഷ്ടലക്ഷ്മി സങ്കല്‍പം.
ക്രിയാശക്തിയുടെ പ്രതീകമാണ് ലക്ഷ്മീദേവി. സൃഷ്ടിയുടെ ആരംഭകാലത്ത് പരമാത്മാവിന്റെ ഇടതുഭാഗത്തു നിന്നും ഒരു ദേവി ഉണ്ടാവുകയും ആ ദേവിതന്നെ ലക്ഷ്മിയും രാധയുമായി മാറുകയും ലക്ഷ്മി മഹാവിഷ്ണുവിന്റെ വല്ലഭയാവുകയും ചെയ്തുവെന്നാണ് ദേവീഭാഗവതത്തില്‍ വിവരിക്കുന്നത്. പല കാലത്തായി പല അവതാരങ്ങള്‍ ലക്ഷ്മീദേവി കൈക്കൊണ്ടിട്ടുണ്ട്. ലക്ഷ്മീദേവിയെ മുഖ്യദേവതയായി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ കേരളത്തിൽ കുറവാണ്. തിരുവനന്തപുരത്ത് ശാസ്തമംഗലം ബ്രഹ്മപുരം ക്ഷേത്രത്തിൽ മഹാലക്ഷ്മിയാണ് മുഖ്യ പ്രതിഷ്ഠ.
വരദാഭയമുദ്രകളും പത്മങ്ങളും ധരിച്ചുകൊണ്ടും പത്മത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നതുമായ രൂപസങ്കല്‍പങ്ങളാണ് ലക്ഷ്മി ദേവിക്ക് പൊതുവെയുള്ളത്. കന്നിമാസത്തിലെ മകം നക്ഷത്രത്തിലും ഈ ഐശ്വര്യദേവതയെ പ്രത്യേകം പൂജിച്ചുവരുന്നു. ചിങ്ങമാസത്തിലെ കൃഷ്ണാഷ്ടമി ദിവസം ലക്ഷ്മീപൂജ ചെയ്യുന്നതും അതിവിശേഷമാണ്. ദീപാവലി ദിവസം ലക്ഷ്മീപ്രീതി നേടാൻ മഹാലക്ഷ്മ്യഷ്ടകം കുറഞ്ഞത് ഒൻപതു തവണ ജപിക്കണം. ഈ ജപം നിത്യേന ഒരു തവണയെങ്കിലും പതിവാക്കുന്നത് വളരെ നല്ലതാണ്, ഐശ്വര്യം കൂടെയുണ്ടാകും.

ശ്രീ മഹാലക്ഷ്മി സ്തോത്രം
ദേവിയ്ക്ക് ഏറെ പ്രിയങ്കരമായ സ്തോത്രമാണിത്. ദേവിയെ പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ഈ  സ്തോത്രം ജപിക്കുക.  ദിവസവും ഒരു പ്രാവശ്യമെങ്കിലും ഇത്  ജപിക്കുന്നവർക്ക് സാമ്പത്തിക ക്ലേശമുണ്ടാകില്ല. 


1

നമസ്തേസ്തു മഹാമായേ

ശ്രീപീഠേ സുരപൂജിതേ

ശംഖചക്ര ഗദാഹസ്തേ

മഹാലക്ഷ്മി നമോസ്തുതേ

(മഹാമായയായ  മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യർ മാത്രമല്ല ദേവന്‍മാരും വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ നമിക്കുന്നു.)

2

നമസ്തേ ഗരുഡാരൂഢേ

കോലാസുര ഭയങ്കരി

സര്‍വ്വ പാപ ഹരേ ദേവി

മഹാലക്ഷ്മി നമോസ്തുതേ


(ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ, നമിക്കുന്നു . കോലാസുരനെ വധിച്ച ദേവിയെ, ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.)

3

സര്‍വജ്ഞേ സര്‍വ്വ വരദേ

സര്‍വ്വ ദുഷ്ട ഭയങ്കരി

സര്‍വ്വ ദുഖ ഹരേ ദേവി

മഹാലക്ഷ്മി നമോസ്തുതേ

(സര്‍വശക്തയായ ദേവിയെ, അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിയെ, എല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എപ്പോഴും നമിക്കുന്നു.)

4

സിദ്ധിബുദ്ധി പ്രദേ ദേവി

ഭുക്തി മുക്തി പ്രദായിനി

മന്ത്ര മൂര്‍ത്തേ സദാ ദേവി

മഹാലക്ഷ്മി നമോസ്തുതേ

(ഭക്തര്‍ക്ക് സിദ്ധിയും ബുദ്ധിയും നല്‍കുന്നത് ദേവിയാണ്. എല്ലാ പുണ്യവും മുക്തിയും നൽകുന്ന മഹാലക്ഷ്മിയെ എപ്പോഴും നമിക്കുന്നു) 

5

ആദ്യന്ത രഹിതേ ദേവി

ആദിശക്തി മഹേശ്വരി

യോഗജേ യോഗ സംഭൂതേ

മഹാലക്ഷ്മി നമോസ്തുതേ

( ആദിയും അന്തവുമില്ലാത്തതാണ്  ദേവി. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തിയാണ് ദേവി. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട ദേവി അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. അങ്ങനെെയുള്ള മഹാലക്ഷ്മി ദേവിയെ എപ്പോഴും നമിക്കുന്നു.)

6

സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ

മഹാശക്തി മഹോദരേ

മഹാപാപ ഹരേ ദേവി

മഹാലക്ഷ്മി നമോസ്തുതേ

(ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്ന ദേവി, മഹാ ശക്തിയും എല്ലാ സന്തോഷത്തിനും ഐശ്വര്യത്തിനും കാരണക്കാരിയും ദേവിയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എപ്പോഴും നമിക്കുന്നു.)

7

പത്മാസന-സ്ഥിതേ ദേവി

പരബ്രഹ്മ സ്വരൂപിണി

പരമേശി ജഗന്മാതേ

മഹാലക്ഷ്മി നമോസ്തുതേ

(താമരപൂവില്‍ ഇരിക്കുന്ന ദേവി  പരബ്രഹ്മത്തിന്റെ അവതാരമാണ്. ദേവി  മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. അങ്ങനെയുള്ള  മഹാലക്ഷ്മിയെ എപ്പോഴും നമിക്കുന്നു.)

8

ശ്വേതാംബരധരേ ദേവി

നാനാലങ്കാര ഭൂഷിതേ

ജഗത്സ്ഥിതേ ജഗന്മാതേ

മഹാലക്ഷ്മി നമോസ്തുതേ

( ശുഭ്ര വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി  ലോകമെങ്ങും വ്യാപിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എപ്പോഴും നമിക്കുന്നു.)

മഹാലക്ഷ്മ്യഷ്ടകം സ്തോത്രം

യഃ പഠദ് ഭക്തിമാന്‍ നരഃ

സര്‍വ്വസിദ്ധി മവാപ്നോതി

രജ്യം പ്രാപ്നോതിസര്‍വ്വദാ

(ശ്രീ മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്ന ആർക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് കരഗതമാകും )

ഏകകാലേ പഠേ നിത്യം

മഹാ പാപ വിനാശനം

ദ്വികാലം യ പഠേ നിത്യം

ധന-ധാന്യ-സമാന്‍വിത

ത്രികാലം യ പഠേന്‍ നിത്യം

മഹാശത്രു വിനാശനം

മഹാലക്ഷ്മി -ഭവേന്‍ നിത്യം

പ്രസന്ന വരദ ശുഭ
           

– വേണു മഹാദേവ്
            +91 9847475559

error: Content is protected !!
Exit mobile version