Sunday, 22 Sep 2024

ഐശ്വര്യത്തിനും വ്യാഴ ദുരിതം കുറയ്ക്കുവാനും ഇത് നല്ലത്

ജാതകവശാൽ വ്യാഴം  അനുകൂലം അല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമാണ്  ഏകാദശി വ്രതം. കുടുംബത്തിന്റെ ഐശ്വര്യത്തിന്  സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതവുമാണിത്.

അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ, മകം, പൂരം, ഉത്രം, അത്തം, ചിത്തിര ആദ്യ പകുതി, വിശാഖം അവസാനകാൽ, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ, അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ, നക്ഷത്രക്കാർ ഇപ്പോൾ ഏകാദശി വ്രതമെടുക്കുന്നത് നല്ലതാണ്.

ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലാണ് ഏകാദശിവ്രതം. ഇഹലോകത്ത് സുഖവും പരലോകത്ത്  വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. 

ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്. ഏകാദശി ദിനം പൂർണ്ണ  ഉപവാസം. അതിനു സാധിക്കാത്തവർക്ക് ഒരു നേരം പഴങ്ങൾ  കഴിക്കാം. അല്ലെങ്കിൽ അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങൾ കഴിക്കാം. കുളിക്കുന്നതിന്എണ്ണ തേയ്ക്കരുത്. പകലുറങ്ങരുത്. രാവിലെ കുളിച്ചിട്ട് വിഷ്ണുവിനെ   ധ്യാനിക്കണം. സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയ അര്‍ച്ചന  ചെയ്യുക.  വിഷ്ണുസഹസ്രനാമ ജപം ഉത്തമം. തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുന്നതും നല്ലത്. പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കാം.തുളസിത്തറയ്ക്കു പ്രദക്ഷിണം ചെയ്യുമ്പോൾ ഇനിപ്പറയുന്ന മന്ത്രം ചൊല്ലുക. 

പ്രസീദ തുളസീദേവി 
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം

ഹരിവാസരസമയം

ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും  ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറും കൂടിയ 30 നാഴിക അതായത് 12 മണിക്കൂർ സമയത്തെ ഹരിവരാസരം എന്നാണ് പറയുക. ഏകാദശി വ്രത കാലത്തിലെ പ്രധാന ഭാഗമാണ് ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്ന് വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം .

  – ജ്യോത്സ്യൻ വേണു മഹാദേവ്
    + 91 9847475559

error: Content is protected !!
Exit mobile version