Sunday, 29 Sep 2024

ഐശ്വര്യവും സമ്പത്തും തേടി വരുന്നതിന് ഇതാണ് വഴി

ദശമഹാവിദ്യ 10

ചന്ദ്രന്റെ സഹോദരിയും പാലാഴിയുടെ മകളുമാണ് കമലാത്മിക എന്ന ലക്ഷ്മീദേവി. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ദേവത. പരിശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും ദേവി. ധൂമാവതിയുടെ നേരെ വിപരീത ഭാവം. പരോപകാരം ചെയ്താൽ കമല പ്രസാദിക്കും. ആരാധനയിൽ പവിത്രത വേണമെന്ന് നിർബന്ധമാണ്.

ജീവിത വിജയത്തിന് ആവശ്യമായതെന്തും നേടുന്നതിന് കമലത്തിൽ വസിക്കുന്ന ലക്ഷ്മിയെ പൂജിക്കണം. ദശമഹാവിദ്യകളിൽ അവസാനത്തേതാണ് സൗഭാഗ്യ സങ്കൽപ്പമായ ഈ ദേവി. കമലം താമരയാണ്. വിടർന്ന താമര പോലെ സന്തുഷ്ടയാണ് ദേവി. നാല് ആനകൾ വഹിക്കുന്ന പീഠത്തിലാണ് ദേവി ഇരിക്കുന്നത്. ഒരു കൈയിൽ താമര, മറുകൈയിൽ അഭയവരമുദ്രയും ശിരസ്സിൽ പൊൻ കിരീടവും. ഇതാണ് ദേവിയുടെ പ്രത്യക്ഷ രൂപം. ഭാഗവതത്തിൽ കമലയുടെ ഉത്ഭവകഥയുണ്ട്.

ദേവാസുരന്മാർ നടത്തിയ പാലാഴി മഥനത്തിൽ ഉയർന്നുവന്ന ദേവി മഹാവിഷ്ണുവിനെ പതിയായി വരിച്ചു. സമസ്ത ഭൗതിക പ്രകൃതി സമ്പത്തുക്കളുടെയും ഉടമയായ കമലയെ പതിവായി ഉപാസിക്കുന്നത് ഐശ്വര്യ സമൃദ്ധിക്കും കളത്രപുത്രാദികളുടെ സൗഖ്യത്തിനും വിശേഷമാണ്. കമലയെ ലക്ഷ്മി, ഷോഡശീ എന്നും വിളിക്കുന്നു. ഭാർഗ്ഗവന്മാരാൽ പൂജിക്കപ്പെടുന്ന ദേവി ഭാർഗ്ഗവിയുമാണ്. ആദിശങ്കരാചാര്യ വിരചിതമായ കനകധാര സ്ത്രോത്രം, ശ്രീ സൂക്തം ഇവയുടെ ജപം ദേവിയുടെ പ്രത്യേക പ്രീതിക്ക് അർഹരാക്കും. ദേവി കോലാസുര വധത്തിന് വേണ്ടി അവതരിച്ചതായും കഥയുണ്ട്. പുരുഷസൂക്തത്തിൽ കമലയെ പരമ പുരുഷനായ മഹാവിഷ്ണുവിന്റെ പത്നിയായി പ്രതിപാദിക്കുന്നു. അശ്വം, രഥം, ഗജം, ഇവയുമായുള്ള സംബന്ധം ദേവിയുടെ രാജവൈഭവ സൂചകമാണ്. കമല ഭഗവതി സ്വയം പറയുന്നു: നിത്യനും നിർദ്ദോഷനുമായ ഭഗവാൻ നാരായണന്റെ സകല കാര്യങ്ങളും ഞാൻ സ്വയം നിർവ്വഹിക്കുന്നുവെന്ന്. ശുക്ര ഗ്രഹപ്പിഴ ദോഷങ്ങൾ പരിഹരിക്കുന്നതിന് ലക്ഷ്മിയെ പ്രാർത്ഥിക്കണം. വിവാഹം, വീട്, വാഹനം, എന്നിവയുടെ അധിപനാണ് ശുക്രന്‍. ശുക്രദശയിൽ കമലാദേവിയെ ഭജിച്ചാൽ സർവ്വ ഐശ്വര്യങ്ങളും വന്നു ചേരും. സർവ്വ അഭീഷ്ടങ്ങളും സാധിക്കും. ഏത് കാര്യത്തിന്റെയും സര്‍വ്വ വിജയത്തിന് കമലവാസിനീ പൂജ നടത്തുന്നത് ഉത്തമ ഫലം നല്‍കും.

ഗ്രഹദോഷ പരിഹാരത്തിന് ദശ മഹാവിദ്യകളിൽ ഓരോ ദേവതകളെയും ഉപാസിച്ചാൽ മതി. വ്യാഴദോഷമുള്ളവർ താരാദേവിയെ സ്തുതിക്കുന്നത് ദോഷങ്ങൾ ഇല്ലാതാക്കും. താരായന്ത്രം വിദ്യാവിജയത്തിനും സൗഭാഗ്യങ്ങൾക്കും ഉത്തമമാണ്. മരണഭയം അകറ്റുവാനും ശനിദോഷപരിഹാരത്തിനും കാളിയെ ഭജിക്കണം. സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും ആനന്ദത്തിന്റെയും ദേവതയായ ത്രിപുരസുന്ദരി ബുധദോഷം അകറ്റും. പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്ന ഭുവനേശ്വരി ചന്ദ്രദോഷങ്ങൾ അകറ്റും. കുറ്റം പറയുന്നവരെയും നുണ പറയുന്നവരെയും ശിക്ഷിക്കുന്ന ത്രിപുരഭൈരവി ആശ്രിതർക്ക് അമ്മയാണ്. രാഹുദോഷങ്ങൾ തീർക്കുന്ന ഛിന്നമസ്ത ആഗ്രഹം നിയന്ത്രിക്കുന്ന ദേവിയാണ്. മാരണം, ഉച്ചാടനം, വിദ്വേഷണം എന്നീ കാര്യങ്ങൾക്ക് ധൂമാവതിയെ ഉപാസിക്കാം. ചൊവ്വാദോഷ പരിഹാരത്തിന് പൂജിക്കേണ്ട ബഹളാമുഖി എതിരാളികളെ കീഴടക്കാൻ കഴിയുന്ന ശക്തിയേകും. വാക്ചാതുര്യം, സംഗീതം, വിദ്യ എന്നിവയുടെ ദേവതയായ രാജമാതംഗിയെ സൂര്യദോഷത്തിന് പൂജിക്കണം. ശുക്രദോഷ പരിഹാരത്തിന് കമലയെ ആരാധിക്കണം.

Story Summary: Desha Mahavidya 10:
Significance of Kamaladevi

error: Content is protected !!
Exit mobile version