Sunday, 10 Nov 2024

ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യദുഃഖ
ശമനത്തിനും തൃക്കാർത്തിക ദീപം

ജ്യോതിഷി പ്രഭാസീന സി.പി

വൃശ്ചികമാസത്തിലെ അതിമനോഹരമായ ഒരു ആചാരമാണ് കാർത്തികദീപം തെളിക്കൽ. മഹാലക്ഷ്മി പ്രീതിക്കും ഐശ്വര്യമൂർത്തിയായ വിഷ്ണുഭഗവാന്റെ അനുഗ്രഹം കൈവരിക്കാനും ഈ ദിവസം ശ്രേഷ്ഠമാണ്. വൃശ്ചികത്തിലെ തൃക്കാർത്തിക കാർത്ത്യായനി ദേവിയുടെ തിരുനാളുകൂടിയാണ്. ഈ ദിവസം സന്ധ്യക്ക് വീട്ടുപടിക്കൽ കോലം വരച്ച് വിളക്കു തെളിച്ചാൽ ഗൃഹത്തിൽ ക്ഷേമവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

കാർത്തിക വിളക്കുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുണ്ട്. അതിലൊന്ന് പാലാഴി മഥനത്തിൽ ലക്ഷ്മീ ദേവിയുടെ അവതാരവുമായി ബന്ധപ്പെട്ടതാണ്. വൃശ്ചികത്തിലെ തൃക്കാര്‍ത്തിക നാളിലാണത്രേ ദേവി സമുദ്ര സമുദ്ഭവയായത്. പാൽക്കടലിൽ നിന്നും
ദേവി അവതരിച്ച തിരുനാളായതിനാലാണ് ലക്ഷ്മി ദേവിയുടെ പ്രീതിക്കായി കാർത്തിക ദീപം തെളിയിച്ച് തൃക്കാർത്തിക ആഘോഷിക്കുന്നത്. ചില ദേവീക്ഷേത്രങ്ങളില്‍ വളരെ വലിയ ഉത്സവമായാണ് തൃക്കാർത്തിക. 2022 ഡിസംബർ 6 ചൊവ്വാഴ്ചയാണ്
ഇത്തവണ കാർത്തിക ദീപം.

മഹിഷാസുര നിഗ്രഹം കഴിഞ്ഞു വരുന്ന ദേവിയെ ദീപം തെളിച്ച് ആഘോഷപൂർവം വരവേൽക്കുന്ന ഉത്സവമാണ് തൃക്കാർത്തിക എന്ന് ദേവി പുരാണത്തില്‍ മറ്റൊരു സങ്കല്‍പം ഉണ്ട്. ദേവാസുര യുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഒരു ഉപായം കാണാനാകാതെ ദേവകള്‍ ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് പരിഹാരം സാധ്യമാകാത്തത് കാരണം എല്ലാരും കൂടി മഹാവിഷ്ണുവിനെയും പരമശിവനെയും കാണാന്‍ പോയി. അങ്ങനെ ത്രിമൂർത്തികൾ ഒന്നിച്ച് മഹിഷാസുരനെ വധിക്കാന്‍ ഒരു നാരി രൂപം സൃഷ്ടിച്ചു. ത്രിമൂർത്തികൾ ഓരോരുത്തരുടെയും ചൈതന്യം ദേവിയുടെ ഓരോ അവയവമായി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും പ്രസരിച്ച തേജസും പരമശിവനില്‍ നിന്നും പുറപ്പെട്ട ഘോരാകൃതി പൂണ്ട ശക്തിയും ജനിച്ചു, വിഷ്ണുവില്‍ നിന്നും പരന്ന നീല നിറത്തിലുള്ള പ്രകാശവും എല്ലാം കൂടി ചേർന്ന് പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി അവതരിച്ചു. ആ രൂപം കണ്ടു ദേവകള്‍ സന്തുഷ്ടരായി. മഹിഷന്റെ ഉപദ്രവത്തില്‍ നിന്നും ദേവലോകത്തെ മോചിപ്പിക്കാൻ അവതരിച്ച മഹാമായയെ അവര്‍ നിസ്തുലമായി വാഴ്ത്തി. ഭക്തർ ഈ പുണ്യ ദിനം ദീപം തെളിച്ച് തൃക്കാർത്തികയായി ആഘോഷിച്ചു.

തമിഴ്നാട്ടില്‍ കാർത്തിക ദീപത്തെ ഭരണിദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശൈവരും വൈഷ്ണവരും ശാക്തേയരും അതായത് ശിവഭക്തരും
വിഷ്ണു ഭക്തരും ദേവീ ഭക്തരും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവമാണിത്. തമിഴകത്ത് തൃക്കാര്‍ത്തിക സുബ്രഹ്മണ്യന്റെ ജന്മദിവസമായും തമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍ സുബ്രഹ്മണ്യന്‍ അവതരിച്ചത് ഈ ദിവസമാണ് എന്നും
വിശ്വാസമുണ്ട്. ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണ് ആഘോഷങ്ങളിൽ പ്രധാനം. വൈക്കത്തഷ്ടമി പോലെ കുമാരനല്ലൂര്‍ തൃക്കാര്‍ത്തികയും കേരളത്തിലെ ഏറെ പ്രസിദ്ധമായ തൃക്കാർത്തിക ആഘോഷമാണ്. പുരാണങ്ങളില്‍ തൃക്കാര്‍ത്തികയെ കുറിച്ച് വേറെയും
പല കഥകളും പ്രചാരത്തിലുണ്ട് .

തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതതും ഭവനത്തിൽ ചിരാതുകൾ തെളിച്ചു പ്രാർത്ഥിക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യദുഃഖ ശമനത്തിനും കാരണമാകുന്നു. തൃക്കാർത്തിക ദിനത്തിൽ ദേവിയുടെ സാമീപ്യം ഭൂമിയിൽ ഉണ്ടായിരിക്കും എന്നാണ് വിശ്വാസം. അന്ന് ദേവീ ക്ഷേത്രങ്ങളിൽ നാരങ്ങാ വിളക്ക്, നെയ് വിളക്ക് എന്നിവ സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ് .
ജ്യോതിഷശാസ്ത്രം പരമായും കാർത്തിക വിളക്കിന് പ്രധാന്യം കല്പിക്കപ്പെടുന്നു. സ്ഥിരരാശികളിൽ ദോഷാധിക്യമുള്ള രാശിയാണ് വൃശ്ചികം വൃശ്ചികം രാശിയുടെ ഭാഗ്യാധിപനാകുന്ന ചന്ദ്രൻ വൃശ്ചികം രാശിയിലെത്തുമ്പോൾ നീചാവസ്ഥയിലാകുന്നു. അതിനാൽ ഈ രാശിയിൽ സഞ്ചരിക്കുമ്പോൾ ചന്ദ്രന് ബലം പകരുകയും അതുവഴി വൃശ്ചികത്തിന്റെ ദോഷം കുറയ്ക്കുവാനുമാണ് വൃശ്ചികം രാശിയുടെ കർമ്മാധിപനാകുന്ന ആദിത്യൻ വൃശ്ചികം രാശിയിൽ സഞ്ചരിക്കവെ കാർത്തികദീപം തെളിക്കുന്നത്.

ജ്യോതിഷി പ്രഭാസീന സി.പി. +91 9961442256

Story Summary: Myths and Significance Of Thrikkarthika

error: Content is protected !!
Exit mobile version