ഒരാശ്രയവുമില്ലാത്തവരുടെ കടവും ശത്രു ശല്യവും മാറ്റാൻ ഇതാ ഒരു വഴി
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ആലംബഹീനരിലും പാവങ്ങളിലും അതിവേഗം പ്രസാദിക്കുന്ന ഉഗ്രമൂർത്തിയാണ് നരസിംഹ ഭഗവാൻ. ഒരാശ്രയവുമില്ലാതെ അന്തം വിട്ടു പോകുന്ന ജീവിത പ്രതിസന്ധികളിൽ നരസിംഹമൂർത്തിയെ വിളിച്ച് പ്രാർത്ഥിച്ചാൽ മതി ദുരിതങ്ങളിൽ നിന്നും പെട്ടെന്ന് കരകയറാം.
സൗമ്യമൂർത്തിയായ മഹാവിഷ്ണുവിന്റെ അതിരൗദ്രഭാവമാണ് നരസിംഹമൂർത്തി. ശക്തമായ ശത്രുദോഷങ്ങൾ വരെ ഹനിക്കുന്ന നരസിംഹ ഭഗവാനെ ഭജിക്കാൻ വ്യാഴാഴ്ചകളാണ് ഉത്തമം. ആ ദിവസം നടത്തുന്ന പ്രാർത്ഥനകൾ പെട്ടെന്ന് ഫലിക്കുന്നതാണ് അനുഭവം. വ്രതമെടുത്ത് പ്രാർത്ഥിച്ചാൽ അതിവേഗം കൂടുതൽ അനുഗ്രഹം ലഭിക്കും. നരസിംഹമൂർത്തിക്ക് ക്ഷേത്രമില്ലാത്ത സ്ഥലമാണെങ്കിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിച്ചാൽ മതി.
വിഷ്ണു ഭക്തനായതിന്റെ പേരിൽ സ്വന്തം മകനായ പ്രഹ്‌ളാദനെ അതിക്രൂരമായി പീഡിപ്പിച്ച ദുഷ്ടനായ ഹിരണ്യകശിപുവിന്റെ മദം തീർത്ത് നിഗ്രഹിച്ച അവതാര
മൂർത്തിയാണ് നരസിംഹ ഭഗവാൻ. ഇതിലൂടെ പ്രഹ്‌ളാദനെ മാത്രമല്ല തന്റെ എല്ലാ ഭക്തരെയും കൂടുതൽ ഭക്തരാക്കി മാറ്റുകയാണ് വിഷ്ണു ഭഗവാൻ നരസിംഹാവതാരത്തിലൂടെ ചെയ്തത്. മനസിലെ മൃഗീയവാസനകൾ നശിപ്പിച്ച് നല്ല പ്രവൃത്തികളിലേക്ക് തിരിഞ്ഞാൽ ഏതൊരാൾക്കും ഉത്തമ വ്യക്തികളായി മാറാനാകും. അതിലൂടെ മനോഭിലാഷങ്ങളെല്ലാം സാക്ഷാത്കരിക്കാൻ കഴിയും – ഇതാണ് നരസിംഹ അവതാരം നൽകുന്ന സന്ദേശം.
ക്ഷിപ്രസാദിയായ നരസിംഹമൂർത്തിയെ ഉപാസിച്ചാൽ വ്യാഴം, ശനി ഗ്രഹദോഷങ്ങൾ, ദൃഷ്ടിദോഷങ്ങൾ ഇവയെല്ലാം ശമിക്കും. വിഷ്ണു, നരസിംഹ ക്ഷേത്ര സന്നിധിയിൽ സുദർശന ഹോമം നടത്തിയാൽ ഗ്രഹദോഷങ്ങൾ, ദൃഷ്ടിദോഷങ്ങൾ എന്നിവ ഉടൻ പരിഹരിക്കാം. ജാതകത്തിലെ ശത്രുബാധ, രോഗബാധ, പ്രേതബാധ, വിവാഹതടസം എന്നിവ മാറാൻ ലക്ഷ്മീ സമേതനായ നരസിംഹ മൂർത്തിയെ പൂജിച്ചാൽ മതി.
വ്യാഴാഴ്ചയും ചോതി നക്ഷത്രത്തിലും നരസിംഹജയന്തി ദിവസവും വിഷ്ണു – നരസിംഹ ക്ഷേത്രദർശനവും അരയാൽ പ്രദക്ഷിണവു നരസിംഹമൂർത്തി മന്ത്ര ജപവും നടത്തുന്നത് ശത്രുക്കളുടെ ഉപദ്രവങ്ങൾ നശിപ്പിക്കാനും വ്യാപാരത്തിലെയും കർമ്മരംഗത്തെയും എതിർപ്പും ഉപദ്രവങ്ങളും കുറയുന്നതിനും നല്ലതാണ്. വൈശാഖ മാസത്തിലെ ശുക്ലപക്ഷ ചതുർദ്ദശിയാണ് നരസിംഹ ജയന്തിയായി ആചരിക്കുന്നത്. ഇത്തവണ ഇത് 2022 മേയ് 15 ഞായറാഴ്ചയാണ്.
പാനകമാണ് നരസിംഹമൂർത്തിയുടെ നിവേദ്യം. ശത്രുദോഷശാന്തിയാണ് പാനക വഴിപാടിന്റെ പ്രധാന ഫലം. ചെറുപയർ വഴിപാട് നടത്തിയാൽ തടസങ്ങൾ മാറും. രക്തപുഷ്പാഞ്ജലി കഴിച്ചാൽ ദൃഷ്ടി, ശത്രു, ഗ്രഹദോഷ ശാന്തി ലഭിക്കും. പുരുഷസൂക്താർച്ചന, ഐശ്വര്യം സമ്മാനിക്കും. ശർക്കരപായസം മന:ശാന്തിയേകും. ഇഷ്ടസിദ്ധിക്ക് നേദിക്കുന്നത് പാൽപ്പായസമാണ്. തുളസിമാല പാപമോചനവും ചുവന്നമാലയും ചുവന്നപട്ടും ആഭിചാരദോഷ ശാന്തിയേകും.
വിഷ്ണുവിന്റെ അവതാരമായതിനാലാണ് വ്യാഴാഴ്ചകൾ നരസിംഹ മൂർത്തിക്കും പ്രധാനമായത്. നരസിംഹാവതാരം സന്ധ്യാസമയത്ത് ആയിരുന്നതിനാൽ ആ സമയത്ത് നരസിംഹമൂർത്തി മന്ത്രം ജപിക്കുന്നന്നത് അനുഗ്രഹലബ്ധിക്ക് വളരെ നല്ലതാണ്.
നരസിംഹമൂർത്തി മന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം
നരസിംഹമൂർത്തിയെ പ്രീതിപ്പെടുത്താൻ താല്പര്യപ്പെടുന്നവർ ഭഗവാന് വിശേഷപ്പെട്ട ദിവസങ്ങളിൽ വ്രതമെടുത്ത് പ്രാർത്ഥിക്കുന്നത് നല്ലതാണ്. തലേ ദിവസം വ്രതം തുടങ്ങണം. ബ്രഹ്മചര്യം പാലിച്ച് മത്സ്യം, മാംസം ഉപേക്ഷിച്ച് വേണം വ്രതം. അന്ന് 108 തവണ ഓം നമോ നാരായണായ ജപിച്ച് ക്ഷേത്രത്തിന് 7 പ്രദക്ഷിണവും അരയാലിന് 7 പ്രദക്ഷിണം വച്ച ശേഷം നരസിംഹമൂർത്തി മന്ത്രം 36 തവണ ജപിക്കണം. കടുത്ത ശത്രുദോഷം ആണെങ്കിൽ 41 ദിവസം കഠിനവ്രതത്തോടെ ദിവസവും 108 തവണ വീതം നരസിംഹമൂർത്തി മന്ത്രം ജപിക്കണം.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655
Story Summary: Narasimha Murthy Worshipping for quick relief from debts and enemies