ഒരോ ദീപാരാധനയ്ക്കും പ്രത്യേകം ഫലസിദ്ധി
ദീപം കൊണ്ടുള്ള ആരാധനയാണ് ദീപാരാധന. താന്ത്രികമായും മാന്ത്രികമായും വൈദിക കർമ്മങ്ങളിലൂടെ സകല ചൈതന്യവും ആവാഹിച്ച് ആരാധനാ മൂർത്തിയിലേക്ക് സമർപ്പിക്കുന്ന ഈ ചടങ്ങ് ഏതൊരു പൂജയിലെയും സുപ്രധാന ഭാഗമാണ്.
വാദ്യമേളങ്ങളുടെയും മംഗളകരമായ മണിയൊച്ചയുടെയും അകമ്പടിയിൽ നടക്കുന്ന ഈ ചടങ്ങ് ഭക്തരുടെ കണ്ണുകൾക്ക് മനോഹരമായദീപക്കാഴ്ചയും മനസുകൾക്ക് ദിവ്യാനുഭൂതിയും സമ്മാനിക്കും. ധൂപസുഗന്ധവും വാദ്യമേളങ്ങളും എല്ലാം ഒത്തുചേരുന്ന അനുഭൂതി സാന്ദ്രമായ അന്തരീക്ഷമാണ് ദീപാരാധന പ്രദാനം ചെയ്യുന്നത്. ഒരു പക്ഷേ വിശ്വാസികളല്ലാത്തവരുടെ മനസിൽ പോലും ഒരു നിമിഷം ദീപാരാധന ഇളക്കം ഉണ്ടാക്കിയെന്നിരിക്കും.
പ്രഭാപൂരം ചൊരിയുന്ന വിളക്ക് ആരാധനാ വിഗ്രഹത്തെ ഉഴിയുമ്പോൾ ആ മൂർത്തിയുടെ കമനീയ രൂപം പൂർണമായും പ്രകാശിതമാകും. അപ്പോൾ സ്വയമറിയാതെ തന്നെ ഭക്തരിൽപ്രാർത്ഥനയുടെ തീവ്രത വർദ്ധിക്കും. വിഗ്രഹത്തിന് ഒരു അലൗകിക ഭംഗി കൈവരും.
ദീപാരാധനക്ക് തട്ടുവിളക്ക്, പർവ്വതവിളക്ക്, നാഗപത്തിവിളക്ക്, ഏകാങ്കവിളക്ക് തുടങ്ങി വിവിധ വിളക്കുകൾ ഉപയോഗിക്കും. അവസാനം കർപ്പൂരം കത്തിച്ച് പൂവുഴിഞ്ഞ് ഈശ്വര പാദത്തിൽ സമർപ്പിക്കുന്നതോടെ ദീപാരാധന പൂർത്തിയാകും.ദീപാരാധന പല വിധമുണ്ട്. അലങ്കാരദീപാരാധന, പന്തീരടി ദീപാരാധന, ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെയാണ് പേരുകൾ. ഓരോ ദീപാരാധന തൊഴുത് പ്രാർത്ഥിക്കുന്നതിനും പ്രത്യേക ഫലസിദ്ധി ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്.
ഉഷപൂജ ദീപാരാധന: രാവിലെ ഉഷഃ പൂജയുടെ ഒടുവിൽ നടത്തുന്ന ഈ ദീപാരാധന തൊഴുതാൽ വിദ്യാവിജയവും തൊഴിലും കിട്ടാൻ അനുഗ്രഹിക്കും.
അലങ്കാരദീപാരാധന: രാവിലെ അഭിഷേകത്തിന് ശേഷം മൂർത്തിയെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തി നടത്തുന്ന ദീപാരാധാനയാണിത്. ഇത് തൊഴുത് പ്രാർത്ഥിച്ചാൽ പാപശാന്തിയുണ്ടാകും. മുജന്മ പാപങ്ങൾ വരെ ഒഴിഞ്ഞുപോകും.
പന്തീരടി ദീപാരാധന: ഉച്ച പൂജയ്ക്ക് മുൻപുള്ളപന്തീരടി പൂജയുടെ സമാപനമായി നടത്തുന്ന ഈ ദീപാരാധന തൊഴുതാൽ ധനസമൃദ്ധി, ദാരിദ്ര്യ ദു:ഖമോചനം, ഐശ്വര്യം, മന:ശാന്തി ഇവയെല്ലാം ലഭിക്കും.
ഉച്ചപൂജ ദീപാരാധന: ക്ഷേത്രങ്ങളിൽ ഉച്ചയ്ക്ക് ശ്രീകോവിൽ അടയ്ക്കും മുൻപ് നടക്കുന്ന ഈദീപാരാധന ദർശിച്ചാൽ സകല പാപങ്ങളും അവസാനിക്കും. ഐശ്വര്യം ലഭിക്കും.
സന്ധ്യാദീപാരാധന: സന്ധ്യാ വേളയിലെ ദീപാരാധന കണ്ടു തൊഴുതാൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം.
അത്താഴപൂജ ദീപാരാധന: അത്താഴപൂജ നടത്തിയ ശേഷമുള്ള ദീപാരാധനയാണിത്. നിത്യ പുജകളെല്ലാം പൂർത്തിയാക്കുന്ന ഈ ദീപാരാധന ദർശിച്ച് തൊഴുന്നത് ശ്രേഷ്ഠമാണ്. ദർശനപുണ്യമായി ആചാര്യന്മാർ വിശേഷിപ്പിക്കുന്ന അത്താഴപൂജ ദീപാരാധനയുടെ വിശേഷഫലം ദാമ്പത്യ സുഖമാണ് .
കർപ്പൂരമാണ് ദീപാരാധനയ്ക്ക് ഉപയോഗിക്കുന്നത്. ഒട്ടും അവശേഷിപ്പിക്കാതെ എരിഞ്ഞു തീരുന്നതാണ് കർപ്പൂരം. നമ്മുടെ വാസനകൾ അറിവാകുന്ന അഗ്നി ജ്വലിക്കുമ്പോൾ സ്വയം കത്തിയമരുന്നതിന്റെപ്രതീകമാണിത്. ദീപാരാധനയിലെ ദീപം ഭഗവാൻ്റെ പ്രകാശം പ്രതിഫലിപ്പിക്കുന്നു. ആ പ്രകാശവലയം ഭക്തരുടെ പ്രാർത്ഥനയ്ക്ക് ശക്തി വർദ്ധിപ്പിക്കുന്നു. മനസ്സിന് ഏകാഗ്രത നൽകുന്നു. ഈശ്വര വിഗ്രഹത്തെ പ്രകാശിപ്പിച്ച വെളിച്ചം, ചൈതന്യം നമ്മുടെ കണ്ണുകളെയും മനസിനെയും പ്രകാശിപ്പിക്കണേ എന്ന് പ്രാർത്ഥിച്ച് വേണം ദീപാരാധനയ്ക്ക് ശേഷം ശ്രീകോവിലിന് പുറത്തേക്ക് ആനയിക്കുന്ന ജ്വാലയ്ക്ക് മുകളിൽ കൈകൾ പിടിക്കേണ്ടത്. എന്നിട്ട് ആ കൈകൾ ദീപത്തിനു മുകളിൽ പിടിച്ച് കണ്ണുകളിലും നെറുകയിലും വയ്ക്കുകയാണ് ഭക്തർ ചെയ്യേണ്ടത്.