ഓരോ കൂറുകാരും ദോഷനിവൃത്തിക്ക് പ്രാര്‍ത്ഥിക്കേണ്ട ദേവതകള്‍
മേടക്കൂറ് : അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം നക്ഷത്രങ്ങളിൽ പിറന്ന മേടക്കൂറുകാർ ഗണപതി ഭഗവാനെ പൂജിക്കണം. ഓം ഗം ഗണപതയേ നമ: നിത്യവും ജപിക്കണം. ക്ഷേത്രത്തിൽ ചെയ്യേണ്ട വഴിപാടുകൾ ആയുര്‍സൂക്ത പുഷ്പാഞ്ജലി, ഗണപതിഹോമം, കറുകമാല, നെയ്‌വിളക്ക് എന്നിവയാണ് .
ഇടവക്കൂറ് : കാർത്തിക അവസാന മൂന്നു പാദം, രോഹിണി, മകയിരം ആദ്യപകുതി നക്ഷത്രങ്ങളിൽ പിറന്ന ഇടവക്കൂറുകാർ ഭദ്രകാളിയെ ആരാധിക്കണം. ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യെ നമ: പതിവായി ജപിക്കണം. ചുവന്നപട്ട്, ഹാരം, കടുംപായസം, ഐകമത്യസൂക്തം, ദേവീസൂക്താര്‍ച്ചന എന്നീ വഴിപാടുകൾ ചൊവ്വാഴ്ചകളിൽ നടത്തണം.
മിഥുനക്കൂറ് : മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പാദം നക്ഷത്രങ്ങളിൽ പിറന്നവർ മഹാവിഷ്ണുവിനെ ആരാധിക്കണം. ഓം നമോ നാരായണായ നമ: നിത്യവും ജപിക്കണം. ക്ഷേത്ര ദർശന വേളയിൽ മഞ്ഞപ്പട്ട്, താമരപ്പൂമാല, മഞ്ഞമാല എന്നിവ സമർപ്പിക്കാം. മുഴുക്കാപ്പ്, പാല്‍പായസം എന്നീ വഴിപാടുകൾ നടത്തുക. ഭാഗവതപാരായണം, നാരായണസൂക്താര്‍ച്ചന എന്നിവ നടത്തുക.
കര്‍ക്കടകക്കൂറ്: പുണർതം അവസാന പാദം, പൂയം, ആയില്യം നക്ഷത്രങ്ങളിൽ പിറന്നവർ ദുർഗ്ഗാ ദേവിയെ പൂജിക്കണം. വനദുര്‍ഗ്ഗ, കിരാതപാര്‍വ്വതിഎന്നീ ദേവതകളെ ഉപാസിക്കാൻ കഴിയുമെങ്കിൽ വളരെ നല്ലത്. പതിവായി ഓം ഹ്രീം ദും ദുർഗ്ഗായ നമ: ജപിക്കുക. നെയ്പായസം, വെള്ള പുഷ്പങ്ങളാല്‍ പുഷ്പാഞ്ജലി എന്നിവ നടത്തി മൂന്ന് തവണ ദുർഗ്ഗാ ക്ഷേത്രത്തിൽ അടി പ്രദക്ഷിണം വയ്ക്കുക.
ചിങ്ങക്കൂറ് : മകം, പൂരം, ഉത്രം ആദ്യ പാദം നക്ഷത്രങ്ങളിൽ പിറന്നവർ ശാസ്താവിനെ ഉപാസിക്കണം. ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ പതിവായി ജപിക്കണം. ശാസ്താവ്, അയ്യപ്പൻ,വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളിൽ ദർശനം നടത്തണം. നീരാജനം, എള്ള് പായസം, നീലപ്പൂക്കള്‍കൊണ്ട് ഹാരം, നെയ് വിളക്ക്, നെയ്യഭിഷേകം എന്നിവ നടത്തണം. നീലപ്പട്ട്, കറുത്തപട്ട് എന്നിവ സമർപ്പിക്കാം.
കന്നിക്കൂറ്: ഉത്രം അവസാന മൂന്നു പാദം , അത്തം, ചിത്തിര ആദ്യ പകുതി നക്ഷത്രക്കാർ. ലക്ഷ്മീദേവിയെ ഉപാസിക്കണം. ഓം ഐം ശ്രീം ഹ്രീം ക്ലീം നമ: പതിവായി ജപിക്കണം. പാല്‍പായസം, വെള്ളപ്പട്ട്, വെള്ള നിവേദ്യം, നന്ത്യാര്‍വട്ടപ്പൂവുകൊണ്ട് പുഷ്പാഞ്ജലി, വെള്ളത്താമരമാല, അന്നദാനം,ക്ഷേത്രത്തിൽ 21 പ്രദക്ഷിണം എന്നിവയാണ് ദോഷ പരിഹാരങ്ങൾ
തുലാക്കൂറ് : ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദം നക്ഷത്രക്കാർ സുബ്രഹ്മണ്യനെ ഉപാസിക്കണം. ഓം വചത്ഭുവേ നമ: മന്ത്രം നിത്യവും ജപിക്കണം. നാരങ്ങാമാല, പഞ്ചാമൃതാഭിഷേകം പനിനീർ അഭിഷേകം എന്നിവയാണ് മുരുക ക്ഷേത്രങ്ങളിൽ നടത്താവുന്ന വഴിപാടുകൾ. കാവിപ്പട്ട്, വെള്ളിവേല്‍ എന്നിവ സമർപ്പിക്കുന്നത് നല്ലതാണ്.
വൃശ്ചികക്കൂറ്: വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ അന്നപൂര്‍ണ്ണേശ്വരിയെ ഉപാസിക്കണം. ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണ സ്വാഹ എന്ന മന്ത്രം പതിവായി ജപിക്കണം. പാല്‍പായസം,ഒറ്റയപ്പം എന്നിവയാണ് നിവേദ്യങ്ങൾ. താമ്പൂലം, വെളുത്ത ഹാരം എന്നിവ സമർപ്പിക്കണം. ക്ഷേത്രത്തിൽ 21 തവണ പ്രദക്ഷിണം ഉത്തമം.
ധനുക്കൂറ് : മൂലം, പൂരാടം, ഉത്രാടം ആദ്യപാദംനക്ഷത്രക്കാർ ശ്രീരാമനെ ഉപാസിക്കണം.ഓം രാം രാമായ നമ: മന്ത്രം പതിവായി ജപിക്കണം. പാല്‍പായസമാണ് നിവേദ്യം. മുഴുക്കാപ്പ്, രാമതുളസീഹാരം, അശോകപുഷ്പംകൊണ്ട് പുഷ്പാഞ്ജലി എന്നിവ ഉത്തമം.
മകരക്കൂറ്: ഉത്രാടം അവസാന മൂന്നു പാദം, തിരുവോണം, അവിട്ടം ആദ്യപകുതി നക്ഷത്രക്കാർ ദുര്‍ഗ്ഗാദേവിയെ ഉപാസിക്കണം. ഓം ഹ്രീം ദും ദുർഗ്ഗായെ നമ: മന്ത്രജപം പതിവാക്കണം. കടുംപായസം വഴിപാട് നടത്തുക.ചിത്രവര്‍ണപ്പട്ട്, വിവിധവര്‍ണ്ണഹാരം, ക്ഷേത്ര പ്രദക്ഷിണം എന്നിവയാണ് മറ്റ് പരിഹാരങ്ങൾ.
കുംഭക്കൂറ്: അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ നക്ഷത്രക്കാർ ഉമാമഹേശ്വര ഉപാസന നടത്തണം. ഓം നമ: ശിവായ മന്ത്ര ജപം പതിവാക്കണം. തിങ്കളാഴ്ചകളിൽജലധാര, ക്ഷീരധാര, ശംഖാഭിഷേകം എന്നിവ നടത്തണം. എരിക്കിന്‍ പൂമാല, കൂവളമാല, തുമ്പപ്പൂ എന്നിവ സമർപ്പിക്കാം. പുഷ്പാഞ്ജലി, ഉമാമഹേശ്വരപൂജ എന്നിവയാണ് മറ്റ് പരിഹാരങ്ങൾ.
മീനക്കൂറ് : പൂരൂരുട്ടാതി അവസാന പാദം, ഉത്തൃട്ടാതി, രേവതി നക്ഷത്രത്തിൽ പിറന്നവർ ശ്രീകൃഷ്ണ പൂജ നടത്തണം. ഓം ക്ലീം കൃഷ്ണായ നമ: നിത്യവും ജപിക്കണം. ക്ഷേത്രത്തിൽ പാല്‍പായസം, ഉണ്ണിയപ്പം, തൃക്കൈവെണ്ണ എന്നിവയാണ് വഴിപാടുകൾ നടത്തേണ്ടത്. മുഴുക്കാപ്പ്, മഞ്ഞപ്പൂക്കള്‍, തുളസീഹാരം, പച്ചപ്പട്ട്, സ്വര്‍ണ്ണമാല, താലി എന്നിവ സമർപ്പിക്കാം.
ജ്യോതിഷാചാര്യൻ ശ്രീനിവാസശര്‍മ്മ
+ 91 9961033370