Sunday, 6 Oct 2024

കടംതീരാൻ കുചേലദിനത്തിൽ അവൽനിവേദ്യം

ആശ്രിതവത്സലനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്ദങ്ങളില്‍ അഭയം തേടി ജീവിതാഭിവൃദ്ധി കൈവരിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് കുചേല ദിനം. ഈ ദിവസം ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിക്കുകയും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് കഴിക്കുകയും ചെയ്താൽ ഗൃഹദുരിതങ്ങളും സാമ്പത്തിക ക്ളേശങ്ങളും കടവും മാനസിക, ശാരീരിക പീഡകളും അകലും. ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. കുചേല അവല്‍ദിനമെന്നും ഇത് അറിയപ്പെടുന്നു.

ത്രൈലോക്യനാഥനും ഭക്തവത്സലനുമായ ശ്രീകൃഷ്ണന്റെ ഭക്തനും സതീര്‍ത്ഥ്യനുമായിരുന്നു കുചേലന്‍. ദാരിദ്യത്തിന്റെ പാരമ്യതയില്‍ കഴിയുകയായിരുന്ന കുചേലന്‍ ഒരു ദിവസം ഭാര്യയുടെ നിർബന്ധപ്രകാരം ഭഗവാനെ കാണാന്‍ അവല്‍പ്പൊതിയുമായി ദ്വാരകയിലെത്തി. ഗോപുരവാതിലില്‍ എത്തിയപ്പോൾത്തന്നെ കുചേലനെ കണ്ട ശ്രീകൃഷ്ണൻ മാളികയില്‍ നിന്ന് ഓടിയെത്തി കൂട്ടുകാരനെ ആശ്ളേഷിച്ച് സ്വീകരിച്ച് കാല്‍കഴുകി തീര്‍ത്ഥം ശിരസ്സിൽ തളിച്ചു. പിന്നീട് വെണ്‍ചാമരം വീശി ക്ഷീണം അകറ്റി. തുടര്‍ന്ന് സ്‌നേഹാന്വേഷണം നടത്തി. പിന്നെ ഭഗവാൻ സതീത്ഥ്യൻ കൊണ്ടുവന്ന അവല്‍ ഭക്ഷിക്കുകയും അദ്ദേഹത്തിന്റെ കടങ്ങളെല്ലാം തീർത്ത് ദുഃഖനിവൃത്തി വരുത്തി അനുഗ്രഹിച്ചു. കുചേലന്‍ യാതൊന്നും ആവശ്യപ്പെടാതെയാണ് ഭഗവാൻ ഇതെല്ലാം ചെയ്തത്. ഈ അത്യപൂര്‍വ്വ സംഭവത്തിന്റെ, ഈശ്വലീലയുടെ ഓര്‍മ്മ പുതുക്കലാണ് കുചേലദിനമായി ആചരിക്കുന്നത്.

ഈ ദിവസം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി അവല്‍ നിവേദിച്ച് പ്രാര്‍ത്ഥിക്കുന്നതും കുചേര കൃഷ്ണാശ്ളേഷ ദൃശ്യം കഥകളി കാണുന്നതും കടത്തിൽ നിന്നും ഭക്തരെ മോചിപ്പിക്കും. സുഖവും ഐശ്വര്യവും ധനാഭിവൃദ്ധിയും നൽകും. അന്ന് ഗുരുവായൂര്‍ ദർശനം നടത്താൻ കഴിയാത്തവര്‍ സൗകര്യപ്രദമായ ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി അവല്‍ക്കിഴി സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. ഇത്തരത്തിൽ കൃഷ്ണ പൂജയും അവല്‍ നിവേദ്യവും നടത്തിയാലും ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

error: Content is protected !!
Exit mobile version