കടം, തടസം, രോഗം മാറി സൗഭാഗ്യത്തിന് വ്രതം വേണ്ടാത്ത ഗണപതി സ്തുതികൾ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
പെട്ടെന്ന് പ്രസാദിക്കുന്ന ഭഗവാനാണ് ഗണപതി. ഏത് കാര്യത്തിലെയും തടസം അതിവേഗം ഗണപതി ഭഗവാൻ അകറ്റിത്തരും. സാമ്പത്തിക അഭിവൃദ്ധിക്കും ഭാഗ്യം തെളിയാനും കാര്യസിദ്ധിക്കും ഗ്രഹപ്പിഴ മാറുന്നതിനും എല്ലാം തന്നെ ഗണപതി ഭഗവാനെ ഉപാസിച്ചാൽ മതി. ഗണപതിയെ സ്മരിക്കുകയോ പൂജിക്കുകയോ ചെയ്യാതെ നടത്തുന്ന ഒരു കർമ്മവും സഫലമാകില്ലെന്ന് അരുളിച്ചെയ്തത് ശിവ ഭഗവാനാണ്. അതേസമയം ഗണപതിയുടെ അനുഗ്രഹം സിദ്ധിച്ചാൽ ഏതൊരു കർമ്മവും അനയാസമായി പൂർത്തിയാക്കാനുമാകും. ഗണപതി ഭഗവാനെ ആരാധിക്കുന്നതിന് അത്ര കഠിനവ്രതങ്ങൾ ആവശ്യമില്ല. സാധാരണ വ്രതനിഷ്ഠകൾ തന്നെ ധാരാളമാണ്. യാതൊരു വ്രതനിഷ്ഠയില്ലാതെ ജപിക്കാവുന്ന ചില ഗണേശ മന്ത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത് :
1. വിഘ്നനാശം, സൗഭാഗ്യം
തടസങ്ങൾ മാറുന്നതിനും പാപശാന്തിക്കും സൗഭാഗ്യ വർദ്ധനവിനും ഫലപ്രദമായ ഒരു ശ്ലോകമാണ് ആദ്യം. താഴെ ചേർത്തിരിക്കുന്ന ശ്ലോകം 36 തവണ നിത്യേന രാവിലെയും വൈകിട്ടും ജപിക്കണം. മുൻജന്മ പാപദോഷങ്ങൾ പോലും അകലും. പുണ്യം വർദ്ധിക്കും. ബ്രാഹ്മ മുഹൂർത്തത്തിൽ നിത്യവും 84 തവണ വീതം ജപിച്ചാലും മതി.
അകിഞ്ചനാർത്തിമാർജ്ജനം
ചിരന്തനോക്തിഭാജനം
പുരാരിപൂർവനന്ദനം
സുരാഗിഗർവചർവണം
പ്രപഞ്ചനാശഭീഷണം
ധനജ്ഞയാദിഭൂഷണം
കപോലദാനവാരിണം
ഭജേ പുരാണവാരണം
2. രോഗശാന്തിക്കും ആരോഗ്യസിദ്ധിക്കും
ഗണേശഭഗവാന്റെ അനുഗ്രഹം ലഭിക്കാൻ ഗുണകരമായ, താഴെ പറയുന്ന ശ്ലോകം 21 പ്രാവശ്യം എല്ലാ ദിവസവും ജപിക്കണം. രോഗശാന്തിക്കും ആരോഗ്യസിദ്ധിക്കും ഗുണകരമാണ്. രണ്ടു നേരം ജപിക്കുന്നത് കൂടുതൽ നന്ന്. ഈ ശ്ലോകം തന്നെ സൂര്യോദത്തിന് മുമ്പ് 48 പ്രാവശ്യം വീതം 41 ദിവസം ജപിക്കുന്നത് വിദ്യാവിജയത്തിന് ഗുണകരം. ഓർമ്മശക്തി, ബുദ്ധിശക്തി എന്നിവ വർദ്ധിക്കും. സന്ധ്യാ സമയത്ത് ഈ ശ്ലോകം 84 പ്രാവശ്യം ജപിക്കുന്നത് കുടുംബകലഹം മാറാൻ ഗുണകരം.
ഗജാനനം ഗണപതിം
ഗുണനാമാലയം പരം
തന്ദേവം ഗിരിജാ സൂനം
വന്ദേഹമമരാർച്ചിതം
3. കടബാധ്യതകൾ മാറുന്നതിന്
സമൃദ്ധിക്കും ഐശ്വര്യത്തിനും ഗുണകരമായ ഒരു ശ്ലോകം പറയാം. 28 തവണ വീതം നിത്യേന രാവിലെ ജപിക്കുക. കടബാധ്യതകൾ മാറുന്നതിനും സാമ്പത്തിക പുരോഗതിക്കും ഗുണകരം. അപ്രതീക്ഷിത ധനലബ്ധി ഉണ്ടാകും. ഭാഗ്യം തെളിയും
ഗണാനാമധിപശ്ചാണ്ഡോ
ഗജവക്ത്രസ്ത്രിലോചന:
പ്രീതോഭവതുമേ നിത്യം
വരദാതാ വിനായക
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655
Story Summary: Ganapathy Slokas for removing obstacles and debts