കടങ്ങൾ ഇല്ലാതാക്കി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ശക്തി ബഗളാമുഖി
ദശ മഹാവിദ്യ 8
ശിവഭഗവാന്റെ ബഗളാമുഖൻ ഭാവത്തിന്റെ ശക്തിയാണ് ബഗളാമുഖി. ചലനാത്മകമായ ഭാവമാണ് ആദി പരാശക്തിയുടെ ദശമഹാവിദ്യകളിൽ ഏഴാമത്തെ ശക്തിയുടെ പ്രത്യേകത. എതിർപ്പുകൾ അനുകൂലമാക്കി മാറ്റുന്ന ശക്തിസ്വരൂപമാണിത്. ശത്രുവിനെ മിത്രമാക്കുകയും തിന്മയെ നന്മയാക്കുകയും ചെയ്യുന്ന ദേവി. മാർഗ്ഗതടസം ബഗളാമുഖി ഇല്ലാതാക്കും. ക്രോധം ശമിപ്പിക്കും. ദുര്‍ഗുണങ്ങൾ സത്ഗുണങ്ങള്‍ ആക്കും. പേരും പ്രശസ്തിയും നല്‍കും. പ്രകൃതിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ നശിപ്പിക്കും. എതിർശക്തിയിൽ നിന്നു രക്ഷപ്പെടാൻ ബഗളാമുഖിയെയാണ് ആരാധിക്കേണ്ടത്. അതിനാൽ ഏത് തരത്തിലുള്ള ശത്രുദോഷവും നശിപ്പിക്കാൻ ബഗളാമുഖിയെ ആരാധിക്കുക. എത്ര കഠിനമായ എതിര്‍പ്പിനെയും അനുകൂലമാക്കി മാറ്റാനും ഉപാസകന്റെ മാര്‍ഗത്തിന് തടസ്സമാകുന്ന സകല പ്രതിബന്ധങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കാനും ഈ ശക്തിക്ക് കഴിയും. പ്രകൃതി ശക്തികളെ പോലും അനുകൂലമാക്കാം. മത്സരങ്ങളില്‍ വിജയിക്കാം. പേരും പ്രശസ്തിയും നേടാം. എല്ലാറ്റിനും ബഗളാമുഖിയുടെ അനുഗ്രഹം മാത്രം മതി. ദേവിയുടെ പതി എകവക്ത്ര മഹാരുദ്രനാണ്. മഞ്ഞനിറമുളള വസ്ത്രങ്ങള്‍ ധരിച്ച ദേവി പീതാംബര എന്നും അറിയപ്പെടുന്നു. അതിനാൽ മഞ്ഞവസ്ത്രം ധരിച്ച് മഞ്ഞൾമണി കോർത്ത ജപമാല ഉപയോഗിച്ച് കിഴക്ക് ദർശനമായിരുന്ന് ബഗളാമുഖി മന്ത്രം ജപിക്കണം. കടങ്ങൾ ഇല്ലാതാക്കുന്നതും ഈ ശക്തിയാണ്. ഈ ദേവിയെ ആരാധിക്കുന്നവർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനും എതിരാളികളെ തട്ടിയകറ്റാനും ആർക്കും കീഴടക്കാൻ കഴിയാത്ത ശക്തി ആർജ്ജിക്കാനും കഴിയും. അക്കങ്ങളുടെ ദേവത ആയതിനാൽ നവരാത്രിയിൽ പൂജിക്കുന്നു. ചൊവ്വാദോഷ പരിഹാരത്തിന് ബഗളാമുഖി ദേവിയെ സ്തുതിക്കണം. ഉത്തമ ഗുരു ഉപദേശമില്ലാതെ ബഗളാമുഖി മന്ത്രം ജപിച്ചാൽ മാനസിക രോഗമോ ബുദ്ധിമാന്ദ്യമോ വരെ സംഭവിക്കാം. അതിനാൽ മന്ത്രം ഇവിടെ ചേർക്കുന്നില്ല.
ബഗളാമുഖി ധ്യാനം
സൗവര്‍ണ്ണാസന സംസ്ഥിതാം ത്രിനയനാം പീതാംശുകോല്ലാസിനീം
ഹേമാഭാംഗ രുചിം ശശാങ്ക മകുടാം
സച്ചമ്പക സ്രഗ്യുതാം
ഹസ്തൈര്‍ മുദ്ഗര പാശ വജ്ര രശനാ
സംബിഭ്രതീം ഭൂഷനൈര്‍
വ്യാപ്താംഗീം ബഗളാമുഖീം ത്രിജഗതാം
സംസ്തംഭിനീം ചിന്തയേത്
(സ്വര്‍ണ സിംഹാസനത്തില്‍ ഇരിക്കുന്നവളും മൂന്നു കണ്ണുള്ളവളും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചവളും ശിരസ്സില്‍ ചന്ദ്രക്കല ധരിച്ചവളും ഗദ, പാശം, വജ്രം എന്നിവ ധരിച്ചവളും ത്രിലോകങ്ങളെയും സ്തംഭിപ്പിക്കുന്നവളും ആയ ബഗളാമുഖിയെ ധ്യാനിക്കുന്നു.)
Story Summary: Desha Mahavidya 8: Significance of Bagalamukhi