Friday, 5 Jul 2024

കടബാദ്ധ്യതകൾ, ശത്രുദോഷം, ടെൻഷൻ അകറ്റാം; ഈ 3 ശ്ലോകങ്ങൾ ജപിക്കൂ

മംഗള ഗൗരി
മാറ്റാരും തന്നെ ആലംബമില്ലാത്തവർക്കും കടം, രോഗ ദുരിതം, മാനസിക വിഷമങ്ങൾ എന്നിവ കാരണം ബുദ്ധിമുട്ടുന്നവർക്കും ഏത് സമയവും ആശ്രയിക്കാവുന്ന ഭഗവാനാണ് നരസിംഹമൂർത്തി. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഏറ്റവും ഉഗ്രരൂപിയും ഭയാനകമായ സങ്കല്പവുമാണ് നരസിംഹമൂര്‍ത്തിയെങ്കിലും ഭക്തരിൽ
ഇത്രയധികം കനിയുന്ന മറ്റൊരു ദേവനില്ല. ഋണമോചന നരസിംഹ സ്‌തോത്രത്തിലെ താഴെ പറയുന്ന ശ്ലോകങ്ങൾ എല്ലാ ദിവസവും സന്ധ്യാവേളയിൽ നരസിംഹസ്വാമിയെ ധ്യാനിച്ച് ജപിച്ചാൽ എല്ലാത്തരം കടബാധ്യതകളും ക്രൂര ഗ്രഹദോഷങ്ങളും മാറിക്കിട്ടും.

ക്രൂരഗ്രഹൈ: പീഡിതാനാം ഭക്താനാമഭയപ്രദം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

വേദവേദാന്ത യജ്ഞേശ്വരം ബ്രഹ്മ രുദ്രാദി വന്ദിതം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

പാപഗ്രഹങ്ങളാൽ പീഡിപ്പിക്കപ്പെടുന്ന ഭക്തർക്ക് അഭയം നൽകുന്ന മഹാവീരനായ ആ നരസിംഹ മൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു. വേദം, വേദാന്തം, യജ്ഞം ഇവയുടെ നാഥനും ബ്രഹ്മാവ്, ശിവൻ തുടങ്ങിയവരാൽ വന്ദിക്കപ്പെടുന്നവനും ആയ മഹാവീരനായ ആ നരസിംഹമൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു. എല്ലാ കടബാധ്യതകളിൽ നിന്നും എന്നെ കരകയറ്റേണമേ.

ശത്രുദോഷം നീങ്ങാനും മനസ്സിന്റെ പിരിമുറുക്കങ്ങൾ കുറയ്ക്കാനും നരസിംഹമന്ത്രം എന്നും ജപിക്കണം. ഭക്തർക്ക് എന്താണോ ആവശ്യമായത് അത് മനസിൽ അപേക്ഷിച്ചുകൊണ്ട് ജപിക്കുന്നതാണ് ഏറ്റവും ഉത്തമം.

നരസിംഹമന്ത്രം……….
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം
ഭദ്രം മൃത്യുമൃത്യും നമാമ്യഹം
ഹിരണ്യകശിപു എന്ന ദുഷ്ടനായ അസുരരാജനെ നിഗ്രഹിക്കുന്നതിനാണ് വിഷ്ണു ഭഗവാന്‍ നരസിംഹാവതാരം എടുത്തത്. അത്ഭുതകരമായ തപോബലം ആര്‍ജിച്ച ഹിരണ്യകശിപു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി ലോകം മുഴുവനും കീഴടക്കണമെന്ന ലക്ഷ്യത്തോടെ ധാരാളം വരങ്ങള്‍ നേടി. അമരത്വം ചോദിച്ച ഹിരണ്യകശിപുവിനോട് അതു നല്‍കാൻ കഴിയില്ലെന്ന് ബ്രഹ്മാവ് പറഞ്ഞു. അസുരരാജന്‍ ഉടൻ മറ്റൊരു ഉപാധി വച്ചു: മനുഷ്യനോ മൃഗമോ തന്നെ നിഗ്രഹിക്കരുത്. പകലോ രാത്രിയിലോ പാടില്ല. ആയുധം കൊണ്ടോ ആയുധമില്ലാതെയോ ഭൂമിയിലോ ആകാശത്തോ പാതാളത്തിലോ വച്ച് തന്നെ കൊല്ലരുത്.

ഈ വരം സ്വന്തമാക്കി സ്വന്തം ജീവന്‍ സുരക്ഷിതമാക്കിയ ഹിരണ്യ കശിപു ഇനി ആര്‍ക്കും ഒരു വിധത്തിലും തന്നെ വധിക്കാന്‍ സാധിക്കില്ല എന്ന ധൈര്യത്തില്‍ എല്ലാ ലോകവും കീഴടക്കി വാണു. മനുഷ്യരെയും ദേവന്മാരെയും ഋഷിമാരേയും എല്ലാം ദ്രോഹിച്ചു. സ്വന്തം പുത്രനായ പ്രഹ്ളാദനെ പ്പോലും ദണ്ഡിച്ചു. മകന്റെ വിഷ്ണു ഭക്തിയില്‍ ഹിരണ്യകശിപു കലി പൂണ്ടു. പ്രഹ്ളാദനെ പലവിധത്തിലും കൊല്ലാന്‍ നോക്കി. ആ ഘട്ടങ്ങളിലെല്ലാം ഭഗവാന്‍ പ്രഹ്ളാദനെ രക്ഷിച്ചു. അങ്ങനെ വിഷ്ണുഭഗവാനെ കുറിച്ച് നിരന്തരം ഭക്തിപൂര്‍വ്വം വാചാലനായ പ്രഹ്ളാദനും ഹിരണ്യകശിപുവും തമ്മില്‍ ശക്തമായ കലഹം ഉണ്ടായി.

എല്ലായിടത്തും താന്‍ ഭഗവാനെ കാണുന്നു എന്ന് പ്രഹ്ളാദന്‍ പറഞ്ഞപ്പോള്‍ തൊട്ടടുത്ത് നിന്ന തൂണിലേക്ക് ഇതിലും നിന്റെ വിഷ്ണുവുണ്ടോ എന്ന് ചോദിച്ച് പകലും രാത്രിയുമല്ലാത്ത ആ സമയത്ത് ഹിരണ്യകശിപു വെട്ടി. അപ്പോള്‍ ആ തൂണില്‍ നിന്നും വിഷ്ണുഭഗവാന്‍ മനുഷ്യനും മൃഗവും അല്ലാത്ത പകുതി മനുഷ്യനും പകുതി മൃഗവുമായി നരസിംഹമായി അവതരിച്ച് ഹിരണ്യകശിപുവിനെ കീഴടക്കി തന്റെ മടിയില്‍ കിടത്തി സ്വന്തം നഖം കൊണ്ട് നിഗ്രഹിച്ചു. ഇങ്ങനെ ദുഷ്ടനായ ഹിരണ്യകശിപുവില്‍ നിന്ന് സ്വഭക്തനായ പ്രഹ്ളാദനെ നരസിംഹ മൂര്‍ത്തി രക്ഷിച്ചു എന്നാണ് ഐതിഹ്യം. നിമിഷാവതാരമായ നരസിംഹാവതാരം സംഭവിച്ചത് വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശിയും ചോതി നക്ഷത്രവും ഒന്നിച്ച് വന്ന ദിവസം സന്ധ്യയ്ക്കാണ്. അതിനാൽ സന്ധ്യാവേളയും ചോതി നക്ഷത്രവും ഭക്തവത്സലനായ നരസിംഹസ്വാമിക്ക് വിശേഷമാണ്.

മംഗള ഗൗരി

Story Summary: Powerful Narasimha Mantras for Removing Debts


error: Content is protected !!
Exit mobile version