Friday, 20 Sep 2024

കടബാധ്യതകളകലാൻ കാര്‍ത്തിക വ്രതം; ശാശ്വതമായ ധനസമൃദ്ധിക്ക് 18 മാസം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

എല്ലാമാസത്തിലെയും കാര്‍ത്തിക ദിവസം വ്രതം പാലിക്കുന്നത് കടബാധ്യതകളകലാനും, സാമ്പത്തിക നേട്ടമുണ്ടാകാനും, കിട്ടുന്ന ധനം നിലനില്ക്കുന്നതിനും ഗുണകരമാണ്. ഒരിക്കലൂണായി വ്രതം പാലിക്കണം. പൂര്‍ണ്ണ ഉപവാസം പാടില്ല എന്നതാണ് കാർത്തിക വ്രതം എടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. വ്രത ദിവസം വെളുത്ത വസ്ത്രം ധരിക്കണം. അന്ന് ദേവീക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഈ ദിവസം മഹാലക്ഷ്മീ സംബന്ധമായ പ്രാര്‍ത്ഥനകള്‍ക്ക് അതിവേഗം ഫലം ലഭിക്കും. ഓം ശ്രീം നമഃ എന്ന ലക്ഷ്മീ ബീജമന്ത്രം രാവിലെ മാത്രം 1008 പ്രാവശ്യം ജപിക്കുന്നതും നല്ലതാണ്. വൃദ്ധരായ സ്ത്രീകള്‍ക്ക് കാർത്തിക ദിവസം ആഹാരം, വസ്ത്രം എന്നിവ ദാനം നല്കുന്നതും ഗുണകരം. 18 മാസം കാര്‍ത്തിക നക്ഷത്ര ദിവസം ഈ വ്രതമെടുത്താൽ കടബാധ്യതകൾ ശാശ്വതമായി ഒഴിയും. ലക്ഷ്മീനാരായണപൂജ, അഷ്ടലക്ഷ്മീമന്ത്രം കൊണ്ട് ഹോമം എന്നിവ വ്രതത്തോടൊപ്പം ക്ഷേത്രത്തിൽ നടത്തുന്നത് ഉത്തമമാണെന്ന് ആചാര്യ വിധിയുണ്ട്.

കാര്‍ത്തിക വ്രതെമെടുക്കുന്നവര്‍ കുളിച്ച് ശുദ്ധിയായി രാവിലെ വീടിനു മുന്നില്‍ നിലവിളക്ക് കത്തിച്ചു വച്ച് മഹാലക്ഷ്മിക്ക് പൊങ്കാലയിടുന്നത് നല്ലതാണ്. ദേവിക്ക് ഏറെ പ്രിയങ്കരമായ പാല്‍ പായസമാണ് പൊങ്കാലയായി സമർപ്പിക്കേണ്ടത്. കടം മാറാനും കൈയിലെ ധനം നില നില്‍ക്കാനും എല്ലാ മാസവും കാർത്തിക ദിവസം ആലില വിളക്ക് കത്തിക്കുന്നത് നല്ലതാണെന്നും വിശ്വാസമുണ്ട്. 9 അല്ലെങ്കിൽ18 അല്ലെങ്കിൽ 21 എന്നിങ്ങനെ ആലില വട്ടത്തില്‍ നിരത്തി അതില്‍ നെയ്ത്തിരി വച്ചാണ് കത്തിക്കേണ്ടത്. മുജ്ജന്മദോഷം മാറാനും ആലില വിളക്ക് ഉത്തമമാണ്. 21, 36, 108 ക്രമത്തിൽ ഭവനത്തിൽ എല്ലാ മാസവും കാർത്തിക ദിവസം നെയ് വിളക്ക് കത്തിക്കുകയുമാവാം. കാര്‍ത്തികയ്ക്ക് നാരങ്ങാ വിളക്ക് കത്തിക്കുന്നതും ഐശ്വര്യദായകമാണ്.

അഗ്നിനക്ഷത്രമായ കാർത്തിക ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാർത്തിക നക്ഷത്രവും പൗർണ്ണമിയും ഒന്നിച്ചു വരുന്ന വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂർണ്ണബലം സിദ്ധിക്കുന്നത് എന്ന് പറയപ്പെടുന്നു.

ഏതൊരു വ്രതത്തിലും ഏറ്റവും പ്രധാനം മന:ശുദ്ധി തന്നെയാണ്. തികഞ്ഞ ഭക്തിയോടെ, മന:ശുദ്ധിയോടെ, ഏകാഗ്രതയോടെ വ്രതമെടുത്താൽ ഏതൊരു കാര്യത്തിലും അത്ഭുതകരമായ ഫലസിദ്ധിയുണ്ടാകും. മനസിനെയും വിചാരവികാരങ്ങളെയും അടക്കി ഈശ്വര ചൈതന്യത്തില്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് കുറച്ചു നേരമെങ്കിലും ചേര്‍ന്നു നില്ക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ശുഭോർജ്ജം തന്നെയാണ് പുണ്യം. പ്രാര്‍ത്ഥനയും ജപവും വെറുതെ നടത്തിയിട്ട് യാതൊരു കാര്യവുമില്ല. ശ്രദ്ധയില്ലാതെ ചെയ്യുന്ന ആയിരം മന്ത്രജപത്തേക്കാൾ ശ്രദ്ധയോടെ ചെയ്യുന്ന എട്ടു തവണത്തെ മന്ത്രജപത്തിന് അസാമാന്യ ശക്തിയും ഫലദാന ശേഷിയുമുണ്ട്. മന്ത്രങ്ങള്‍ ഗുരുമുഖത്ത് നിന്നും സ്വീകരിക്കുന്നതാണ് നല്ലത്. കാരണം ഉച്ചാരണത്തിൽ തെറ്റു വരില്ല. വ്രതം എടുക്കുമ്പോൾ സ്‌തോത്രങ്ങളും സ്തുതികളും തെറ്റുകൂടാതെ ചൊല്ലുവാൻ കർശനമായും ശ്രദ്ധിക്കണം. വ്രതമെടുക്കുന്നവർ ചടങ്ങിനു വേണ്ടി ഉപവസിച്ചതു കൊണ്ടും മത്സ്യമാംസാദികൾ വെടിഞ്ഞതു കൊണ്ടും മാത്രം യാതൊരു കാര്യവുമില്ല. നല്ല ചിന്തയും, കഴിയുന്നത്ര പ്രാര്‍ത്ഥനയും, വ്രതമെടുക്കുന്നവർ കര്‍ശനമായി പാലിക്കണം. ശാരീരിക ബന്ധവും ലൈംഗിക വിഷയ ചിന്തയും സംസാരവുമെല്ലാം ഒഴിവാക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Importance and Benefits of Karthika Vritham

error: Content is protected !!
Exit mobile version