കടുത്ത ആപത്തുകളും ഭയവും മാറ്റാൻ ഭദ്രകാളിപ്പത്ത്
ജ്യോതിഷരത്നം ശ്രീജിത്ത് ശ്രീനി ശർമ്മ
ആദിപരാശക്തിയുടെ രൗദ്രഭാവങ്ങളിൽ ഒന്നായ ശ്രീഭദ്രകാളിയുടെ പത്ത് ശ്ലോകങ്ങളുള്ള സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. കടുത്ത ആപത്തും ഭയവും അനുഭവിക്കുന്ന എല്ലാവർക്കും ഏറ്റവും മികച്ച ദോഷ പരിഹാരമാണ് ഭദ്രകാളിപ്പത്ത് ജപം. കഠിനമായ രോഗദുരിതങ്ങൾ, ദാരിദ്ര്യം തുടങ്ങിയ കഷ്ടപ്പാടുകൾ നേരിടുന്നവർക്കും മറ്റു വിധത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും ഏറ്റവും നല്ല രക്ഷാകവചമാണ് പതിവായുള്ള ഈ സ്തോത്ര ജപം. എല്ലാ ദിവസവും ജപിക്കാൻ അസൗകര്യം നേരിടുന്നവർ ചൊവ്വ, വെള്ളി, അമാവാസി ദിവസങ്ങളിലെങ്കിലും ഭദ്രകാളിപ്പത്ത് ജപിക്കണം. രാവിലെയാണ് ജപത്തിന് ഉത്തമം. കുളിച്ച് ശുദ്ധമായി നിലവിളക്ക് കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദർശനമായിരുന്ന് ജപിക്കുക. പതിവായി ജപിച്ചാൽ അതിവേഗം ദുരിതങ്ങൾ നീങ്ങുകയും ആഗ്രഹസിദ്ധി ലഭിക്കുകയും ചെയ്യുമെന്ന് അനുഭവസ്ഥർ പറയുന്നു. അസുര നിഗ്രഹത്തിനായി അവതരിച്ച ഭദ്രകാളി കാഴ്ചയിൽ ഘോരരൂപിണി എങ്കിലും ആശ്രിതവത്സലയാണ്. അജ്ഞാനം നശിപ്പിച്ച് ലോകത്തെ സംരക്ഷിക്കുന്ന മാതൃഭാവ ദേവതയാണ് പരമശിവന്റെ ജടയിൽ നിന്നും അവതരിച്ച ശ്രീ ഭദ്രകാളി. പാർവതി സ്വീകരിച്ച തമോഗുണമെന്നും ശിവപുത്രി എന്നും എട്ടു കൈകളുള്ള കാളിയെക്കുറിച്ച് സങ്കല്പമുണ്ട്. എല്ലാ വിധത്തിലുള്ള ഭയം, സാമ്പത്തിക വിഷമങ്ങൾ, രോഗാരിഷ്ടത, കുടുംബ പ്രശ്നങ്ങൾ എന്നിവയിൽ നിന്നും ഭക്തരെ രക്ഷിക്കുന്ന ഭദ്രകാളിപ്പത്ത് ഭദ്രകാളി ക്ഷേത്രത്തിൽ വച്ച് ജപിച്ചാൽ ഫലസിദ്ധി കൂടുതലാണെന്ന് ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്.
ഭദ്രകാളിപ്പത്ത്
കണ്ഠേ കാളി മഹാകാളി
കാളനീരദവർണ്ണിനി
കാളകണ്ഠാത്മജാതേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ദാരുകാദി മഹാദുഷ്ട –
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ചരാചരജഗന്നാഥേ
ചന്ദ്ര, സൂര്യാഗ്നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
മഹൈശ്വര്യപ്രദേ ദേവീ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ ശ്രീ
ഭദ്രകാളീ നമോസ്തുതേ
സർവവ്യാധി പ്രശമനി
സർവമൃത്യുനിവാരണി
സർവമന്ത്രസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
പുരുഷാർത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ഭദ്രമൂർത്തേ ഭഗാരാദ്ധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
നിസ്തുലേ നിഷ്ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിർമ്മലേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശൽ പീഠരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
കന്മഷാരണ്യദാവാഗ്നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ശ്രീ ഭദ്രകാള്യൈ നമ:
ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽജവം
ഓതുവോർക്കും
ശ്രവിപ്പോർക്കും
പ്രാപ്തമാം സർവ മംഗളം
-ജ്യോതിഷരത്നം ശ്രീജിത്ത് ശ്രീനി ശർമ്മ, +91 88020 00072