Saturday, 23 Nov 2024

കടുത്ത ദുരിതദോഷങ്ങൾ മാറാൻ അത്ഭുതശക്തിയുള്ള 16 ഹോമങ്ങൾ

തരവത്ത് ശങ്കരനുണ്ണി
ഈശ്വരാരാധനയുടെ വിവിധ മാർഗ്ഗങ്ങളിൽ വളരെ പ്രാധാന്യമുള്ളതാണ് ഹോമങ്ങൾ. നിരീക്ഷണത്തിലൂടെ പൂർവ്വികരായ മഹർഷിമാരാണ് ഇവയെ നമുക്ക് സാക്ഷ്യപ്പെടുത്തുന്നത്. അനേകം വർഷങ്ങളിലെ അനുഭവങ്ങളിലൂടെ ക്ഷിപ്രഫലസിദ്ധിയാണ് ഇതിന് പറയപ്പെട്ടിരിക്കുന്നത്. ഉപാസകനായ വ്യക്തി തന്റെ ഉപാസനാ ശക്തിയുടെ ഒരംശത്തെ ഹോമാഹ്‌നിയിൽ ആവഹിച്ച് പൂജിച്ച് മന്ത്രപൂർവ്വം ദ്രവ്യസമർപ്പണം ചെയ്യുന്നതാണ് ഹോമം. ഓരോ വിഷയങ്ങൾക്കും അനുസരിച്ച് മന്ത്രം ദ്രവ്യം എന്നിവയിലെല്ലാം വ്യത്യാസം ഉണ്ട്. ഓരോ കാര്യങ്ങളുടെയും വിജയത്തിന് പെട്ടെന്ന് ഗുണകരമായ മൂർത്തികളുടെ ഹോമം നടത്താം. അത്ഭുത ഫലസിദ്ധിയുള്ള 16 ഹോമങ്ങൾ :

1 ഗണപതിഹോമം
വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. തടസ്സങ്ങൾ ഒഴിവാക്കാനും ഐശ്വര്യവും സമ്പൽ സമൃദ്ധിയും കൈവരിക്കുന്നതിനും പുതിയ സംരംഭങ്ങൾക്ക് മുന്നോടിയായും ഈ കർമ്മം നടത്തും.

2 മൃത്യുഞ്ജയ ഹോമം
രോഗശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യുഞ്ജയ ഹോമം നടത്തുന്നത്. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഗണപതിഹോമം കഴിഞ്ഞ് ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക, പാൽ, പൽപ്പായാസം എന്നീ ദ്രവ്യങ്ങൾ 144 തവണ വീതം മൃത്യുഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കണം. ആരോഗ്യവർദ്ധനക്കും മൃത്യുഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യം ഉണ്ടെങ്കിൽ ഹോമസംഖ്യ കുട്ടാം. ഏഴ് കൂട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമിക്കുന്നത് മഹാ മൃത്യുഞ്ജയ ഹോമം എന്ന് പറയുന്നു.

3 മഹാസുദർശന ഹവനം
ശത്രുദോഷ ദുരിതം നീങ്ങുന്നതിന് ഏറെ ഫലപ്രദമാണ് മഹാസുദർശന ഹോമം. രാവിലെയോ വൈകിട്ടോ ഇത് ചെയ്യാം. മഹാസുദർശന മൂർത്തിയെ ആവാഹിച്ച് ഹോമങ്ങളും പൂജകളും നടത്തി ശത്രുദോഷം നിശേഷം മാറ്റാവുന്നതാണ് .

4 അഘോരഹോമം
ശത്രുദോഷം ദുരിതം വളരെയധികം കഠിനമാണങ്കിൽ ശിവസങ്കല്പത്തിലുള്ള ശക്തമായ അഘോരഹോമം ചെയ്യാവുന്നതാണ്. രാവിലേയോ, വൈകിട്ടോ ഈ ഹോമം ചെയ്യാറുണ്ട്. വളരെ ശക്തമായ ഹോമമാണ്. അതിനാൽ പ്രശ്നവിധിയിലൂടെ അത്യാവശ്യമാണങ്കിലെ നടത്താവൂ.

5 ശൂലിനിഹോമം
ദൃഷ്ടിദോഷം, ശത്രുദോഷം, ശക്തമായ മറ്റ് ദോഷങ്ങൾ തുടങ്ങിയവയ്ക്ക് ശൂലിനിഹോമം പരിഹാരമാണ്. ഹോമ സംഖ്യ ദോഷങ്ങളുടെ കാഠിന്യത്തിന്റെ ഏറ്റ കുറച്ചിൽ അനുസരിച്ച് ചെയ്യാം. പൂജിക്കുന്നതിനു ശൂലിനിയന്ത്രം വരയ്ക്കണം. പൂജയ്ക്ക് ചുവന്ന പട്ട് , ചുവന്നമാലകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത് .

6 നൃസിംഹഹോമം
ഉഗ്രമൂർത്തിയായ നരസിംഹമൂർത്തിയെ അഗ്നിയിൽ ആവാഹിച്ച് ചെയ്യുന്ന ഹോമമാണ് നൃസിംഹഹോമം. 26 ശക്തിസംഖ്യ ഹോമിക്കാം. ഉഗ്രശക്തിയുള്ള ഹോമമായതിനാൽ അത്യാവശ്യ ഘട്ടങ്ങളിലെ ചെയ്യാവൂ. ചുവന്നപൂക്കൾ ഉത്തമം. നൃസിംഹഹോമം ശത്രുദോഷ ശാന്തിക്ക് ഉത്തമമാണ് .

7 പ്രത്യംഗിരാ ഹോമം
ആഭിചാരദോഷം കൊണ്ട് വലയുന്നവർക്ക്‌ അത്യാവശ്യ ഘട്ടങ്ങളിൽ ദേവിസങ്കൽപത്തിൽ നടത്തുന്ന ഹോമമാണ് പ്രത്യംഗിരാ ഹോമം. സുദർശനഹോമം, നരസിംഹഹോമം, അഘോരഹോമം, ശൂലിനിഹോമം തുടങ്ങിയ ഹോമങ്ങൾ വഴി ഫല ലഭിക്കാത്ത ഘട്ടത്തിലേ ഈ ഹോമം നടത്താറുള്ളു. നല്ല ഉപാസനാ ബലം ഉള്ളവരേ ഈ ഹോമം ചെയ്യാവൂ ദൃഷ്ടിദോഷം, ശാപം, നേർച്ചകൾ ഇവയെല്ലാം മാറ്റുന്നതിന് പ്രത്യംഗിരാ ഹോമമാണ് ഉത്തമം.

8 ആയൂസൂക്തഹോമം
ഹോമാഗ്നിയിൽ ശിവനെ അവാഹിച്ച് പൂജിച്ചു നടത്തുന്ന ഈ ഹോമം ആയുർബലത്തിന് വിശേഷമാണ്. ദശാസന്ധി ദോഷകാലത്തും വിശേഷിച്ച് കണ്ടകശ്ശനി പോലുള്ള ദുരിതകാലങ്ങളിലും ആയൂസൂക്തഹോമം നടത്തുന്നത് ഉത്തമമാണ്. ഏഴ് പ്രാവശ്യമോ 12 പ്രാവശ്യമോ നടത്താം.

9 കറുകഹോമം
ആയൂസൂക്ത മന്ത്രം, ത്ര്യംബകം മന്ത്രം ഇവ കൊണ്ട് നടത്തുന്ന കറുകഹോമം പ്രസിദ്ധമാണ്. ആയുർദോഷം, രോഗദുരിത നിവാരണം എന്നിവയ്ക്ക് ചെലവ് കുറച്ച് ചെയ്യാവുന്ന കർമ്മമാണിത്. കറുകയും നെയ്യുമാണ് ഹോമിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ ഹവിസ്സും ഹോമിക്കാറുണ്ട് കുട്ടികൾക്ക് ബാലാരിഷ്ടത മാറാനും ഇത് ഉത്തമമാണ്.

10 മൃതസഞ്ജീവനി ഹോമം
ആയുർദോഷം ശക്തമായുണ്ടങ്കിൽ ദോഷദുരിതം നീക്കുന്നതിന് നടത്തുന്ന അത്യാപൂർവ്വ ഹോമമാണിത്. ചിലർ ബ്രാഹ്മമുഹൂർത്തത്തിലും ചിലർ രാത്രിയിലും നടത്താറുണ്ട്. ചില ആചാരങ്ങളിൽ പിറ്റേദിവസം അസ്തമയം വരെയും ഹോമം തുടരുന്നു. അത്യപൂർവ്വവും അതീവ ശക്തിയുള്ളതുമായ ഈ ഹോമം ഉത്തമനായ കർമ്മിയെ കൊണ്ടേ ചെയ്യിക്കാൻ പാടുള്ളൂ .

11 സ്വയംവര പാർവ്വതിഹോമം
ഹോമാഗ്നിയിൽ പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം വിവാഹതടസ്സം നീങ്ങുന്നതിന് ഉത്തമമാണ്. ഹോമത്തിനുള്ള വിറക് അശോകം, പ്ലാവ്, അരയാൽ എന്നിവയാണ്. ഹോമശേഷം കന്യാകമാർക്ക് അന്നദാനം, വസ്ത്രദാനം നല്ലത്.തിങ്കൾ, വെള്ളി, പൗർണ്ണമി ദിവസങ്ങൾ ഈ കർമ്മത്തിന് ഉത്തമം.

12 തൃഷ്ടിപ്പ് ഹോമം
ദൃഷ്ടിദോഷശാന്തിക്കും ശത്രുദോഷം നീങ്ങുന്നതിനും ചെയ്യുന്ന ഹോമമാണ് തൃഷ്ടിപ്പ് ഹോമം രാത്രിയാണ് ഉത്തമം. ശത്രുക്കൾ നമുക്കു നേരേ ചെയ്യുന്ന ഏത് തരം കർമ്മങ്ങളും അവർക്ക് തന്നെ തിരിച്ചടിക്കുന്നതാണ് ഈ കർമ്മത്തിന്റെ പ്രത്യേകത. പല കർമ്മങ്ങൾ ചെയ്തിട്ടും ദുരിതശാന്തിയില്ലെങ്കിൽ ഈ ഹോമം നടത്തുന്നത് ഫലം തരും. മന്ത്രത്തിന്റെ ശക്തിഗൗരവം മൂലം ചെറിയ സംഖ്യകളാണ് ഹോമിക്കുന്നത് .

13 അശ്വാരൂഢ ഹോമം
ദാമ്പത്യഭദ്രതയ്ക്ക് വശ്യ സ്വരൂപിണിയായ പാർവ്വതിദേവിയെ സങ്കല്പിച്ച് ആവാഹിച്ച് പൂജ ചെയ്ത് നടത്തുന്ന ഹോമമാണിത്. രണ്ടു നേരവും ചെയ്യാറുണ്ട് വിവാഹാനന്തരം ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും പരസ്പരവശ്യതയ്ക്കും ഈ കർമ്മം ഉത്തമം.

14 ഗായത്രി ഹോമം
പാപശാന്തിക്കും ദുരിതശാന്തിക്കുമുള്ള പ്രധാന ഹോമമാണ് ഗായത്രിഹോമം. സുകൃത ഹോമമെന്നും പറയാറുണ്ട്. ഗായത്രിദേവി,സൂര്യൻ, വിഷ്ണു എന്നീ മൂർത്തി സങ്കൽപത്തിലും നടത്താറുണ്ട് പല കർമ്മം ചെയ്തിട്ടും ദുരിതം പിന്തുടരുന്നുവെങ്കിൽ ഗായത്രി ഹോമം വഴി പൂർണ്ണമായ ശാന്തിയും സമാധാനവും ലഭിക്കും.

15 നവഗ്രഹ ഹോമം
വൈദികവിധിപ്രകാരമുള്ള ഹോമമാണ് നവഗ്രഹ ഹോമം. ഹോമാഗ്നിയിൽ 9 ഗ്രഹങ്ങളുടെയും മന്ത്രം കൊണ്ട് ഹോമിക്കണം. ഹോമകുണ്ഡത്തിന്റെ കിഴക്ക് വശത്ത് നവഗ്രഹപത്മം തയ്യാറാക്കി പൂജിക്കണം. നവഗ്രഹ പ്രീതിയ്ക്കും ദശാപഹാര ദോഷദുരിതം നീങ്ങുന്നതിനും ഉത്തമമാണ് .

16 തിലഹോമം
പിതൃപ്രീതിക്ക് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കർമ്മം ആണ് തിലഹോമം, മരിച്ചു പോയവരുടെ ആത്മാവിന്റെ ശുദ്ധിക്ക് ചെയ്യുന്നതാണിത്. പിതൃ പ്രതിമയിൽ ഹോമം
കഴിഞ്ഞ് സമ്പാതം സ്ഥാപിക്കണം.

തരവത്ത് ശങ്കരനുണ്ണി പാലക്കാട്
+91 9847118340

Story Summary: 16 Powerful Homma for solving different types of problems

error: Content is protected !!
Exit mobile version