Thursday, 21 Nov 2024

കണ്ണിന് കർപ്പൂരമാകാൻ തൃശൂർ പൂരം; ആകാശപ്പൂരത്തിന് വന്ദേ ഭാരതും കെ റെയിലും

മംഗള ഗൗരി
വടക്കുംനാഥന്റെ തിരുമുമ്പിൽ വർഷന്തോറും മേട മാസത്തിലെ പൂരത്തിന് നടക്കുന്ന വിസ്മയക്കാഴ്ചയാണ് തൃശൂർ പൂരം. മദ്ധ്യകേരളത്തിന്റെ മഹാമഹം എന്ന് വിശേഷിപ്പിക്കുന്ന തൃശൂർ പൂരം രണ്ടു നൂറ്റാണ്ട് മുൻപ് ദേശത്തിന്റെ സ്വന്തം ശക്തൻ തമ്പുരാന്റെ സമ്മാനമാണ്. മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്ന് നടക്കുന്ന ഈ ആഘോഷത്തിൽ പ്രധാനമായും 6 ഭാഗങ്ങളുണ്ട് : മഠത്തിൽ വരവ്, പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, കരിമരുന്ന് പ്രയോഗം എന്നിവയാണത്.

വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള
ക്ഷേത്രങ്ങളെ രണ്ടായി തിരിച്ച് കിഴക്കേകരക്കാർ പാറമേക്കാവ് ഭദ്രകാളിയുടെയും പടിഞ്ഞാറേകരക്കാർ തിരുവമ്പാടി ശ്രീകൃഷ്ണന്റെയും പൂരങ്ങൾ ഒരുക്കുന്നു. ഈ പൂരങ്ങൾ തമ്മിലാണ് സൗഹൃദ മത്സരം. പൂരം നാൾ പുലർച്ചെ മുതൽ പിറ്റേന്ന് മദ്ധ്യാഹ്നം വരെ പൂരാഘോഷം നീണ്ടു നിൽക്കും.

ആയിരം വർഷം പഴക്കമുള്ള ആറാട്ടുപുഴ പൂരത്തിൽ നിന്നും തെറ്റിപ്പിരിഞ്ഞ് രൂപം കൊണ്ടതാണ് തൃശൂർ പൂരം . അന്ന് നൂറോളം പൂരങ്ങൾ ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്തിരുന്നു. ഇന്ന് അൻപത്തിയാറോളം പൂരങ്ങൾ മാത്രമാണുള്ളത്. ഇതിൽ പ്രധാനം തൃപ്രയാർ ശ്രീരാമ സ്വാമിയുടെ എഴുന്നള്ളത്താണ് . അക്കാലത്ത് തൃശൂരിലെ ക്ഷേത്രങ്ങൾ ആറാട്ടുപുഴയിലായിരുന്നു പൂരം കൂടിയത്. എന്നാൽ ശക്തൻ തമ്പുരാന്റെ കാലത്ത് ഒരിക്കൽ പെരുമഴ കാരണം തൃശൂരിൽ നിന്നു പോയ പൂരങ്ങൾക്ക് ചക്കാലിയപ്പുരയിൽ ഇറക്കി എഴുന്നള്ളിക്കേണ്ടി വന്നു. ഇതിന് പ്രായശ്ചിത്തമായി പുണ്യാഹം നടത്തണമെന്ന് ആറാട്ടുപുഴ തന്ത്രി വിധിച്ചു. എന്നാൽ തൃശൂരിലെ പൂരങ്ങൾ അതിന് വഴങ്ങാതെ തിരിച്ചു പോയി. അവർ ശക്തൻ തമ്പുരാനെ വിവരം ധരിപ്പിച്ചു. ഇനി മുതൽ തൃശൂരെ പൂരങ്ങൾ വടക്കുംനാഥന്റെ മുന്നിൽ മതിയെന്ന് തമ്പുരാൻ കല്പിച്ചു. അങ്ങനെയാണ് തൃശൂർ പൂരത്തിന് തുടക്കം.

പാറമേക്കാവ്, തിരുവമ്പാടി, വടക്കുംനാഥൻ, കണിമംഗലം ശാസ്താവ്, പനമുക്കമ്പിള്ളി ശ്രീ ധർമ്മശാസ്താവ്, ചെമ്പുക്കാവ് കാർത്ത്യായനി, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, കുറ്റൂർ നെയ്തലക്കാവിലമ്മ, ചൂരക്കോട്ടു കാവ് ഭഗവതി, ലാലൂർ, അയ്യന്തോൾ കാർത്ത്യായനി, എന്നീ ക്ഷേത്രങ്ങളാണ് തൃശൂർ പൂരത്തിലെ പങ്കാളികൾ.

ഉത്സവത്തിന് ഏഴ് ദിവസം മുമ്പ് പങ്കാളികളായ 10 ക്ഷേത്രങ്ങളിൽ നടക്കുന്ന കൊടിയേറ്റത്തോടെയാണ് തൃശൂർ പൂരത്തിന് തുടക്കം കുറിക്കുന്നത്. പൂരം നാൾ പുലർച്ചെ കണിമംഗലം ശാസ്താവ് എഴുന്നെള്ളിപ്പിന്റെ സമയത്താണ് പ്രധാന ഉത്സവം ആരംഭിക്കുന്നത്, തുടർന്ന് മറ്റ് ആറ് ക്ഷേത്രങ്ങളിലെ എഴുന്നെള്ളിപ്പും നടക്കും. അഞ്ചാം ഉത്സവത്തിന് പൂരവിളംബരം എന്നൊരു ആചാരമുണ്ട്. നെറ്റിപ്പട്ടം, മനോഹരമായ കോലം, അലങ്കാര മണികൾ, ആഭരണം എന്നിവയാൽ അലങ്കരിച്ച ഗജവീരൻ വടക്കുംനാഥൻ ക്ഷേത്രത്തിന്റെ തെക്കേ വശത്തെ പ്രവേശന കവാടം നെയ്ത്തിലക്കാവിലമ്മയുടെ വിഗ്രഹവും ശിരസ്സിലേറ്റി തള്ളി തുറക്കുന്നതാണ് ഈ ആചാരം.

ഒന്നിനൊന്ന് തലയെടുപ്പുള്ള അനേകം ഗജവീരന്മാരെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മദ്ദളം, ഇടക്ക, തിമില, ചെണ്ട, കൊമ്പ് തുടങ്ങിയ പരമ്പരാഗത വാദ്യോപകരണങ്ങൾ അടങ്ങുന്ന പഞ്ചവാദ്യ മേള, കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ തൃശൂർ പൂരത്തിന്റെ മുഖ്യമായ ആകർഷണങ്ങളാണ്.

തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് 200- ലധികം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചവാദ്യത്തോട് കൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോട് അനുബന്ധിച്ചു ഒരു മണിക്കൂർ വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാസമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ട്‌ എന്നിവയെല്ലാം ആബാലവൃദ്ധം ജനങ്ങളുടെ മനം നിറയ്ക്കുന്ന കാഴ്ചകളാണ്.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അനവധി കൗതുകങ്ങൾ ഒളിപ്പിച്ച കുടകളാണ് കുടമാറ്റത്തിൽ നിവർത്താനായി അതീവ രഹസ്യമായി ഒരുക്കുന്നത്. പാറമേക്കാവുകാർ പ്രത്യേക കുടയ്ക്കൊപ്പം ‘രാമച്ചം ഗണപതി’ സ്പെഷൽ കോലം ഇക്കുറി ആനപ്പുറത്തേറ്റും. ശുദ്ധ സുഗന്ധിയായ രാമച്ച വേരിൽ തീർത്ത ത്രിമാന ഗണപതി രൂപമാണിത്. അഞ്ചടി ഉയരം. 18 കിലോഗ്രാം രാമച്ചമാണ് ഒരു രൂപത്തിനുള്ളത്. വില:13,000 രൂപ. ആനപ്പുറമേറാൻ ഇത്തരം 14 ഗണപതിമാർ ഒരുങ്ങുന്നു.

തൃശൂരിന്റെ സ്വന്തം പുലിക്കളിയും പൂര ഭാഗമായി ആനപ്പുറമേറും. തിരുവമ്പാടിക്കാരാണ് ഒരു കുടയിൽ പുലിക്കളി തീർക്കുന്നത്. 14 വരയൻ പുലി കുടകളും നടുക്കൊരു വെള്ളപ്പുള്ളി കുടയുമാണ് സ്പെഷൽ. എല്ലാ കുടകളിലും മകുട സ്ഥാനത്ത് പുലിമുഖങ്ങളും ഉണ്ടാകും. സർവാഭരണ വിഭൂഷിതനായ സുബ്രഹ്മണ്യസ്വാമിയും പീലിവിരിച്ച മയിലുംപാറമേക്കാവുകാരുട പ്രത്യേക കുടകളിൽ ഒന്നാണ്.

വെടിക്കെട്ടിൽ വന്ദേ ഭാരതും, കെ റെയിലും രോമാഞ്ചവുമെല്ലാം ആകാശത്ത് വർണ്ണ വിസ്മയങ്ങൾ
തീർക്കുമെന്നാണ് സംഘാടകർ പറയുന്നത്. ട്രെയിൻ നീങ്ങും പോലെ ആകാശക്കാഴ്ച ഒരുക്കുന്നതാണത്രേ
വന്ദേ ഭാരതും, കെ റെയിലും .

ഏഴാം ദിവസമായ പൂരത്തിന്റെ അവസാന ദിവസത്തെ പകൽ പൂരം എന്ന് വിളിക്കുന്നു. പകൽപ്പൂരം കഴിഞ്ഞ് വെടിക്കെട്ട് കാണും. തുടർന്ന് തിരുവമ്പാടി ശ്രീകൃഷ്ണനും, പാറമേക്കാവ് ഭഗവതിയും ഉപചാരം ചൊല്ലിപ്പിരിയും.

Story Summary: Welcome to Thrissur Pooram 2023: All you need to know about the unique festival


error: Content is protected !!
Exit mobile version