കന്നിമൂല ഒഴിഞ്ഞു കിടന്നാൽ വീട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും ദോഷം
സി. മണികണ്ഠൻ
വീടിന്റെ കന്നിമൂല വാസ്തു ശാസ്ത്രത്തിൽ വളരെ പ്രധാനമാണ്. കന്നിമൂല ഒഴിഞ്ഞു കിടക്കുന്നതും അവിടെ ശുചിമുറി, കാർപോർച്ച്, അടുക്കള എന്നിവ വരുന്നതും മറ്റും ദോഷകരമാണ്. ഈ സ്ഥലത്ത് കുഴപ്പങ്ങൾ വരുന്നത് ആ വീട്ടിൽ താമസിക്കുന്നവർക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെയാണ് കന്നിമൂല എന്ന് പറയുന്നത്.
കന്നിമൂലയിൽ സംഭവിക്കുന്ന പിഴവുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആ വീട്ടിൽ താമസിക്കുന്ന സ്ത്രീകളെയാണ്. അവരുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാകും. കർമ്മ രംഗത്ത് ഇവർക്ക് പലതരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. സർക്കാർ ജോലിയാണ് ഉള്ളതെങ്കിൽ ഉദ്യോഗക്കയറ്റത്തിന് തടസം നേരിടാം. കന്നിമൂലയിലെ ദോഷങ്ങൾ വീട്ടിലെ സന്താനങ്ങളുടെ അഭിവൃദ്ധിയെയും ദോഷകരമായി ബാധിക്കും. അവരുടെ മംഗല്യത്തിന് തടസവും നേരിടും.
പുരുഷന്മാർക്കും കന്നിമൂല പിഴയ്ക്കുന്നത് നല്ലതല്ല. പല തരം രോഗങ്ങൾ അവരെ അലട്ടും. കർമ്മ രംഗത്ത് തടസങ്ങളും ബുദ്ധിമുട്ടുകളും തളർച്ചയും അനുഭവപ്പെടും. പ്രധാന ശയനമുറി കന്നിമൂലയിൽ വരുന്നതാണ് ഏറ്റവും ഉത്തമം. വാസ്തു ശാസ്ത്ര പ്രകാരം ഈ ഭാഗത്ത് കൂടുതൽ ഭാരം വരുന്നത് നല്ലതാണ്. അവിടെ ടെറസിൽ മറ്റൊരു മുറി നിർമ്മിക്കുന്നത് നല്ലതാണ്. വാട്ടർ ടാങ്ക് സ്ഥപിക്കുന്നതിനും അനുയോജ്യമായ ഭാഗം ഇതാണ്. കന്നിമൂലയിൽ കൂടുതൽ ഭാരം ഉണ്ടെങ്കിൽ ആ വീട്ടിൽ കഴിയുന്നവർ തൊഴിൽപരമായി ശോഭിക്കും. ബിസിനസ് രംഗത്ത് അനുകൂലമായ സാഹചര്യങ്ങൾ സംജാതമാകും.
വീടിന് രണ്ടാമത്തെ നില പണിയുമ്പോഴും കന്നിമൂല ഭാഗം ഒഴിച്ചിടരുത്. ആദ്യം തന്നെ അവിടെ ഒരു മുറി പണിയുക മറ്റ് ഭാഗങ്ങൾ ഒഴിഞ്ഞു കിടന്നാലും കുഴപ്പമില്ല. അതുപോലെ ഒരു വീടിന്റെയും കന്നിമൂല ഭാഗം താണ് കിടക്കാനും പാടില്ല. ഇങ്ങനെയുള്ള വീടുകളിൽ പൊതുവെ ഐശ്വര്യം കുറയും. എല്ലാക്കാര്യങ്ങൾക്കും
തടസം നേരിടും.
കന്നിമൂലയിൽ ശ്രദ്ധിക്കുക
1 കന്നിമൂലയിൽ ഗേറ്റ് കൊടുക്കരുത്.
2 ഈ ഭാഗത്ത് വഴിവന്നു കയറരുത്.
3 കാർപോർച്ച് പണിയരുത്.
4 സിറ്റൗട്ടായി ഈ ഭാഗം പണിയരുത്.
5 വീടിന്റെ അടുക്കള ഇവിടെ വരരുത്.
6 ശുചി മുറി നിർമ്മിക്കാൻ പാടില്ല.
7 കിണർ ഇവിടെ വരാൻ പാടില്ല.
8 ഇവിടെ കുഴികൾ എടുക്കുരുത്.
9 രണ്ടാമത്തെ നിലയിൽ ഒഴിച്ചിടരുത്.
10 പട്ടിക്കൂടും, പക്ഷിക്കൂടും പാടില്ല.
11 കന്നിമൂലയിൽ പൂജാ മുറി നല്ലത്.
12 കോണിപ്പടികൾ ( സ്റ്റെപ്സ് ) പാടില്ല.
സി. മണികണ്ഠൻ, മലപ്പുറം
Story Summary: Importance of Kannimoola in vasthu