Saturday, 23 Nov 2024

കരിക്കകത്തമ്മയെ ഉത്സവകാലത്ത് തൊഴുതാൽ ഇരട്ടി ഫലം; പുന:പ്രതിഷ്ഠ 25 ന്

ജ്യോതിഷരത്നം വേണു മഹാദേവ്
കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ഈ വർഷത്തെ പൊങ്കാല മഹോത്സവം 2024 മാർച്ച് 16 ന് വൈകിട്ട് ഗുരുപൂജയോടെ ആരംഭിക്കും. എല്ലാ ജീവിത ദു:ഖങ്ങൾക്കും പരിഹാരം നൽകി അനുഗ്രഹിക്കുന്ന ഭഗവതിയാണ് കരിക്കകം ശ്രീ ചാമുണ്ഡേശ്വരി. കരിക്കകത്തമ്മയുടെ നടയിൽ വന്ന് പ്രാർത്ഥിച്ചാൽ രോഗദുരിതം, വിവാഹ തടസ്സം, ധനപരമായ വിഷമങ്ങൾ, കടബാദ്ധ്യത, തൊഴിൽ സംബന്ധമായ തടസങ്ങൾ, വസ്തു തർക്കം തുടങ്ങി എല്ലാ ദുരിതങ്ങളും അകലും.

കരിക്കകത്തമ്മയുടെ അവതാരദിനമായ മീനത്തിലെ മകം നക്ഷത്രമായ 2024 മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 10:15 നാണ് പതിനായിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന പൊങ്കാല. ഉച്ചയ്ക്ക് 2 :15ന് ഉച്ചപൂജയും പൊങ്കാല തർപ്പണവും ദീപാരാധനയും നടക്കും. ഇതേ സമയം പുനരുദ്ധാരണ ജോലി പൂർത്തിയാകുന്ന ശ്രീരക്തചാമുണ്ഡി, ശ്രീബാലചാമുണ്ഡി, ശ്രീശാസ്താവ് ദേവതമാരുടെ പുന:പ്രതിഷ്ഠ 2024 മാർച്ച് 25 തിങ്കളാഴ്ച രാവിലെ 10:38 നും 11:28 നും മദ്ധ്യേ ഇടവം രാശിയിൽ നടക്കും.

ഉത്സവകാലത്ത് കരിക്കകത്തമ്മയെ തൊഴുത് പ്രാർത്ഥിക്കുന്നത് ഇരട്ടി ഫലദായകമായി ഭക്തർ വിശ്വസിക്കുന്നു. സാധാരണ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൻതിരക്കാണ്. 101 രൂപ അടച്ച് രക്തചാമുണ്ഡി നടന്ന തുറന്ന് സങ്കടങ്ങൾ ഉണർത്തിച്ച് ദേവിയുടെ അനുഗ്രഹം നേടാൻ എല്ലാ ദിവസവും നിശ്ചിത സമയങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ തിരക്കുകൂട്ടുന്നത്. കരിക്കകം ക്ഷേത്രത്തിൽ ദേവിക്ക് മൂന്ന് പ്രധാന നടയാണുള്ളത്.

ശ്രീ ചാമുണ്ഡി നട
പ്രധാന ശ്രീകോവിലിൽ ചാമുണ്ഡി ദേവി വാഴുന്നു. മുൻപ് വെള്ള നിറത്തിൽ കലമാന്‍ കൊമ്പില്‍ തീര്‍ത്ത പ്രതിഷ്ഠയായിരുന്നു. ദേവ പ്രശ്‌നത്തില്‍ ഭക്തര്‍ക്ക് ദേവിയുടെ രൂപം കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കാന്‍ വിഗ്രഹം വേണമെന്ന് വിധി വന്നു. അങ്ങനെ പഴയ ശ്രീകോവില്‍ അതേ അളവില്‍ നിര്‍മ്മിച്ച് ദേവിയെ പഞ്ചലോഹ വിഗ്രഹത്തില്‍ ഷഢാധാര വിധി പ്രകാരം പ്രതിഷ്ഠിച്ചു. 1997 മാര്‍ച്ച് 21 നായിരുന്നു പ്രതിഷ്ഠ. മന:ശാന്തിക്കും മാറാരോഗങ്ങള്‍ മാറുന്നതിനും ആയിരങ്ങൾ ദേവീ ദര്‍ശനം തേടിയെത്തുന്നു. ഈ ദേവിനടയിലാണ് പ്രധാന പൂജകൾ നടക്കുന്നത്. ഇവിടെ വഴിപാട് നടത്തിയാൽ കഷ്ടതയും ദുരിതങ്ങളും അകലും. കടുംപായസമാണ് ദേവിയുടെ ഇഷ്ട നിവേദ്യം. അര്‍ച്ചന, രക്തപുഷ്പാര്‍ച്ചന, സ്വയംവരാര്‍ച്ചന, സഹസ്രനാമാര്‍ച്ചന, പാല്‍പ്പായസം, പഞ്ചാമൃതാഭിഷേകം, കാര്യതടസ നിവാരണം ഇവയ്ക്ക് 13 വെള്ളിയാഴ്ച തുടര്‍ച്ചയായി ദേവീദര്‍ശനം നടത്തി രക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ദേവി നടയില്‍ നിന്നും ശരീര സൗഖ്യത്തിനും ഉറക്കത്തില്‍ ദുഃസ്വപ്‌നങ്ങള്‍ കണ്ട് ഭയക്കാതിരിക്കുന്നതിനും ബാധദോഷം മാറുന്നതിനും ചരട് ജപിച്ചുകെട്ടാറുണ്ട്. തകിടെഴുതി ദേവീ പാദത്തില്‍ വച്ച് 21 ദിവസം പൂജിച്ച് കെട്ടുന്നത് പ്രസവരക്ഷ, ദേഹ രക്ഷ, മറ്റ് ദോഷങ്ങളില്‍ നിന്നുള്ള രക്ഷ എന്നിവയ്ക്ക് ഉത്തമമാണ്.

രക്തചാമുണ്ഡി നട
രക്തചാമുണ്ഡി നട തുറന്ന് സങ്കടങ്ങൾ ഉണർത്തിച്ചാൽ തീർച്ചയായും ദേവി അനുഗ്രഹിക്കും. അത്ര ഉറച്ച വിശ്വാസമാണ് ഈ നട തുറന്ന് പ്രാർത്ഥിക്കുന്നതിനെപ്പറ്റി ഭക്തർക്ക്. ലക്ഷക്കണക്കിനാളുകളാണ് ഇത്തത്തിൽ രക്തചാമുണ്ഡിയുടെ അനുഗ്രഹം നേടിയിട്ടുള്ളത്. രൗദ്ര ഭാവമാണ് രക്തചാമുണ്ഡിക്കെങ്കിലും മാതൃഭാവമുള്ള സ്‌നേഹദായിനിയുമാണ് അമ്മ. ക്ഷിപ്ര പ്രസാദിനിയായ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവിയാണ് ശ്രീ രക്തചാമുണ്ഡി. ശത്രുസംഹാരപൂജയാണ് ഇവിടെ പ്രധാനം. വിളിദോഷം മാറുന്നതിനും ക്ഷുദ്രപ്രയോഗങ്ങൾ, പുതുതായി ഒരു സംരംഭം തുടങ്ങുന്നതിനുള്ള തടസങ്ങൾ, കൈവിഷം, ദൃഷ്ടിദോഷം, ശത്രുക്കളുടെ ചതികൾ എന്നിവയിൽ നിന്നുള്ള മോചനത്തിനാണ് ശത്രുസംഹാരപൂജ. രക്തചാമുണ്ഡിക്ക് കടുംപായസം, ചുവന്നപട്ട്, പാവാട, തെറ്റിഹാരം, കോഴി, കിട (കിടാവ്) എന്നീ നേർച്ചകളും, സ്വർണ്ണത്തിലും വെള്ളിയിലുമുള്ള പണ്ടങ്ങളും നടയ്ക്ക് വയ്ക്കുന്നവർ ധാരാളമുണ്ട്. 7.15 മുതൽ 11 മണി വരെയും വൈകിട്ട് 4.45 മുതൽ 6 മണി വരെയുമാണ് ഈ നടതുറപ്പ്. കേസും വഴക്കും കോടതിയുമായി കഴിയുന്ന എത്രയധികം പേരാണ് കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിൽ എത്തി ദേവി പ്രസാദം നേടി പ്രശ്‌ന മുക്തി നേടുന്നത്.

ബാലചാമുണ്ഡീനട
ശാന്തസ്വരൂപിണിയും ഐശ്വര്യപ്രദായിനിയുമായ ശ്രീബാലചാമുണ്ഡി ദേവി കുടികൊള്ളുന്ന ആലയമാണ് ബാലചാമുണ്ഡീനട. ഇവിടെ സൗമ്യ രൂപത്തിലുള്ള ശ്രീബാലചാമുണ്ഡി ദേവിയാണുള്ളത്. ദേവിയുടെ സൗമ്യരൂപത്തിലുള്ള സങ്കല്പമായതിനാൽ കുട്ടികൾക്കുള്ള നേർച്ചയാണ് ഇവിടെ കൂടുതൽ നടത്തുന്നത്. സന്താനഭാഗ്യത്തിനും ബാലാരിഷ്ടതകൾ മാറുന്നതിനും 101 രൂപ പിഴ അടച്ച് നട തുറന്ന് വിളിച്ച് പ്രാർത്ഥിച്ചാൽ മതിയെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ നട തുറന്ന് പ്രാർത്ഥിച്ച് കാര്യങ്ങൾ നടക്കുമ്പോൾ ഭക്തജനങ്ങൾ നേർച്ചയായി പ്രത്യേക പൂജ നടത്തുന്ന പതിവുമുണ്ട്. കടുംപായസം, പട്ട്, മുല്ല, പിച്ചി എന്നിവയിലുള്ള ഹാരങ്ങൾ, ഉടയാടകൾ, സ്വർണ്ണം, വെള്ളി രൂപങ്ങൾ, സന്താനലബ്ധിക്കായി തൊട്ടിലും, കുഞ്ഞും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, മറ്റ് സാധനങ്ങൾ, കുഞ്ഞൂണ്, തുലാഭാരം എന്നീ നേർച്ചകളും ഇവിടെ നടത്താറുണ്ട്. വിദ്യാഭ്യാസം, കലാ സാംസ്‌കാരിക രംഗങ്ങളിൽ ഉയർച്ച ഉണ്ടാകുന്നതിനും പരീക്ഷകളിൽ വിജയിക്കുന്നതിനും ഇവിടെ നടതുറന്ന് പ്രാർത്ഥിക്കാൻ വലിയ തിരക്കാണ്.

അറുന്നൂറ് വർഷം പഴക്കം
അറുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണിത് . വന ശൈലാദ്രി സ്ഥാനനിവാസിയായ ദേവിയുടെ ആഗമനം ദക്ഷിണ പൂർവ്വഭാഗത്തു നിന്നും ആണെന്നും വേദശാസ്ത്ര വിജ്ഞാനിയായ ഒരു ബ്രാഹ്മണാചാര്യന്റെ ഉപാസനമൂർത്തിയായി പരിലസിച്ചിരുന്ന ദേവിയെ തന്ത്രിവര്യന്റെ മടത്തുവീട് തറവാട്ടിലെ കാരണവരായ യോഗിവര്യന് ഉപാസിക്കാൻ ഉപദേശം ലഭിച്ചു. തുടർന്ന് ദേവി ബാലികയായി ഗുരുവിന്റെയും യോഗീശ്വരന്റെയും കൂടെ പുറപ്പെട്ട് തറവാട്ടിൽ കരിക്കകം ക്ഷേത്രസ്ഥാനത്ത് എത്തി. ഇവിടെ പച്ച പന്തൽകെട്ടി ദേവിയെ കുടിയിരുത്തി. അതിനുശേഷം ക്ഷേത്രം നിർമ്മിച്ച് ഗുരുവിനെ കൊണ്ട് തന്നെ വിധിപ്രകാരം പ്രതിഷ്ഠയും പൂജാദികർമ്മങ്ങൾ നടത്തി.

ആദ്യ പൊങ്കാലയുടെ ഓർമ്മ
ദേവിയെ കരിക്കകത്ത് കുടിയിരുത്തിയ ദിവസം മൺകലത്തിൽ തയ്യാറാക്കി നേദിച്ച ആദ്യ പൊങ്കാലയുടെ ഓർമ്മയാണ് ഉത്സവത്തിന്റെ ഏഴാം നാൾ നടക്കുന്ന പൊങ്കാല. ഗുരുവും യോഗീശ്വരനും കൂടിയാണ് ദേവിയെ പച്ചപന്തൽ കെട്ടി കുടിയിരുത്തിയതും പൊങ്കാല തയ്യാറാക്കി നേദിച്ചതും. തുടർന്ന് എല്ലാവർഷവും ഇതേ ദിവസം പൊങ്കാല തയ്യാറാക്കി ദേവിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. ക്ഷേത്രത്തിലേക്കുള്ള വഴി എൻഎച്ച്‌ വഴി വരുന്നവർക്ക് കഴക്കൂട്ടം വേൾഡ് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് വാഴവിള വഴിയും ക്ഷേത്രം വക എൻഎച്ചിലെ പുതിയ റോഡ് വഴിയും എം.സി റോഡ് വഴി വരുന്നവർക്ക് കേശവദാപുരത്ത് നിന്ന് പാളയം, പേട്ട, ചാക്ക ബൈപ്പാസ് വഴിയും നെയ്യാറ്റിൻകര ഭാഗത്തുനിന്നും വരുന്നവർക്ക് കിഴക്കേക്കോട്ട ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ വന്ന് ബൈപ്പാസ് റോഡ് വഴിയും ചാക്ക ആറ്റുവരമ്പ് റോഡ് വഴിയും ക്ഷേത്രത്തിൽ എത്താം.

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഫോൺ :
0471 – 2500989, 2507671, 07306090147

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Karikkakom Sree Chamundi Devi Temple Annual festival and Special offerings

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version