കരി പ്രസാദം, കറുകമാല തടസം അകറ്റും; ഇഷ്ട വിവാഹം, ദാമ്പത്യ ഭദ്രതയ്ക്ക് മുക്കുറ്റി
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
എല്ലാ ക്ഷേത്രങ്ങളിലെയും നിത്യകർമ്മമാണ് ഗണപതി ഹോമം. പൂജകൾക്കും ആചാരങ്ങൾക്കും പ്രാധാന്യം നൽകുന്ന പല വീടുകളിലും ലഘുവായ തോതിലെങ്കിലും നിത്യേന ഗണപതി ഹോമം നടത്താറുണ്ട്. ക്ഷേത്രങ്ങളിൽ കൂട്ടു ഗണപതി ഹോമം ഒരു പ്രധാന വഴിപാടാണ്. എല്ലാ തടസങ്ങളും അകറ്റി ഐശ്വര്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ഈ കർമ്മത്തിന്റെ പ്രസാദം കരിയാണ്. ഹോമദ്രവ്യങ്ങൾ മന്ത്രപൂർവ്വം അഗ്നിയിൽ അർപ്പിച്ച ശേഷം അവ കരിഞ്ഞതിന്റെ ഭസ്മം എടുത്ത് നെയ്, എണ്ണ, തേൻ, ശുദ്ധജലം ഇതിൽ ഏതെങ്കിലും ചേർത്ത് ഭക്തിയോടെ തയ്യാറാക്കുന്നതാണ് കരി പ്രസാദം.
പൂജ, ഹോമവേളയിലെ മന്ത്രാർച്ചനകൾ, വേദജപം, എന്നിവയുടെ എല്ലാം ശക്തി പ്രസാദത്തിലുണ്ട്. ഹോമത്തിൽ അഗ്നിയിൽ ദേവതയെ സങ്കല്പിച്ച് ആവാഹിച്ച് പൂജിക്കുന്നു. ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ദേവചൈതന്യം ആവാഹിക്കുന്നു. വീടുകളിൽ കർമ്മിയെ വച്ച് പൂജ നടത്തുമ്പോൾ പത്മത്തിലും വിളക്കിലും ഈശ്വര ചൈതന്യം ആവാഹിച്ച് പൂജിക്കും. ഈ പൂജകളുടെയെല്ലാം അവസാനം ദേവപാദത്തിൽ നിന്ന് പൂക്കൾ ഭക്തർക്ക് നൽകാൻ എടുത്തു വയ്ക്കും. ഇതിൽ നിന്നും വ്യക്തമാണ് പ്രസാദത്തിന്റെ ശക്തിയും ചൈതന്യവും. പൂജയിലെ പൂർണ്ണ അനുഗ്രഹശക്തിയാണ് പ്രസാദത്തിലൂടെ ലഭിക്കുന്നത്. ഇത് ഭക്തിയോടെ സ്വീകരിച്ച് ശ്രദ്ധയോടെ ഉപയോഗിക്കണം. അശുദ്ധിയുള്ള സ്ഥലങ്ങളിൽ വയ്ക്കരുത്. അധികം വരുന്നത് ചവറ്റുകൊട്ടയിൽ ഇടരുത്. എത്ര പഴകിയാലും പ്രസാദത്തിന് ശക്തിയുണ്ട്. പൂജയിൽ ബിംബത്തോട് തൊട്ടു കിടക്കുന്ന എന്തിനും ശക്തി ഉണ്ടെന്നാണ് വിശ്വാസം. അതിനാൽ അധികം വരുന്ന പ്രസാദം വീടിനു പുറത്ത് ശുദ്ധമായ ഒരിടത്ത് പതിവായി നിക്ഷേപിക്കുക. അല്ലെങ്കിൽ കുഴിച്ചിടുക. വെള്ളത്തിൽ ഒഴുക്കുകയുമാകാം.
ഗണപതി ഹോമ ശേഷം ലഭിക്കുന്ന കരിപ്രസാദം മോതിരവിരൽ തൊട്ടെടുത്ത് കുറിതൊടണം. ഇത് നെറ്റിയിൽ മാത്രമല്ല മൂന്ന് സ്ഥാനങ്ങളിലെങ്കിലും തൊടണം – നെറ്റി, കഴുത്ത്, നെഞ്ച് എന്നിവയാണ് കുറിതൊടേണ്ട പ്രധാന സ്ഥാനങ്ങൾ. ഐശ്വര്യ ലബ്ധി, തടസനിവാരണം എന്നിവയാണ് കരിപ്രസാദം തൊടുന്നതിന്റെ ഫലങ്ങൾ.
ഈശ്വരന് വഴിപാടായി സമർപ്പിക്കുന്ന എന്ത് ദ്രവ്യവും തിരിച്ച് പ്രസാദമായി സ്വീകരിച്ച് ഉപയോഗിക്കാം. ഇതനുസരിച്ച് ഗണപതിക്ക് മുക്കൂറ്റി മാലയുണ്ടാക്കി ചാർത്തി പ്രസാദമായി സ്വീകരിച്ച് സൂക്ഷിച്ചാൽ ദാമ്പത്യ ഭദ്രതയുണ്ടാകും. ഇഷ്ട വിവാഹം നടക്കും. ദാമ്പത്യകലഹം അവസാനിപ്പിക്കുന്നതിനും ഗുണകരമാണ്. 12 ഞായറാഴ്ച ഇങ്ങനെ ചെയ്യണം.
ഗണപതി ക്ഷേത്രത്തിൽ കറുകമാല ചാർത്തി കർമ്മിയിൽ നിന്നും പ്രസാദമായി തിരികെ വാങ്ങി ഗൃഹത്തിൽ കൊണ്ടു വന്നു സൂക്ഷിക്കുക. വിഘ്ന നിവാരണത്തിന് ഗുണകരമാണ് ഈ പ്രസാദം. മൂന്ന് ദിവസമെങ്കിലും വീടിനകത്ത് ശുദ്ധമായ സ്ഥലത്ത് സൂക്ഷിച്ച ശേഷം മുറ്റത്തോ പറമ്പിലോ കുഴിച്ചിടുക. അല്ലെങ്കിൽ വെള്ളത്തിൽ ഒഴുക്കുക. മാസത്തിൽ ഒരു തവണ ഇത് ചെയ്താൽ തടസം മാറും.
സംശയ നിവാരണത്തിന് ബന്ധപ്പെടാം:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655