കല്ക്കിഭഗവാന്‍ കുതിരപ്പുറത്തേറി
3 നാള്‍ കൊണ്ട് ഭൂമിയെ മ്ലേച്ഛശൂന്യമാക്കും
ഡോ. രാജേഷ് പുല്ലാട്ടില്‍
കലിയുഗാന്ത്യത്തോടെ ലോകത്ത് സര്‍വജനങ്ങളും, നാസ്തികരും, അധാര്‍മ്മികളും, മ്ലേച്ഛാചാരത്തോട് കൂടിയവരുമായി മാറും. ദുഷ്ടതയും അധർമ്മവും അതിന്റെ മൂർദ്ധന്യത്തിൽ എത്തുമ്പോൾ ദേവന്‍മാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വിഷ്ണുഭഗവാന്‍ ശംഭള ഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രനായി അവതരിക്കും. ഇതാണ് ഖഡ്ഗി അവതാരം. ഈ കല്ക്കി ഭഗവാന്‍ പരശുരാമനെ ഗുരുവായി വരിച്ച് സര്‍വവിദ്യകളും അഭ്യസിക്കും. സിംഹളരാജാവായ ബൃഹദശ്വന്റെ പുത്രിയായ പത്മാവതിയെയും ശശിധ്വജന്റെ പുത്രിയായ രമയെയും കല്ക്കി ദേവന്‍ വിവാഹം കഴിക്കും. പിന്നെ കല്ക്കി ദേവന്‍ ഭൂലോകത്തിലെ സകലദുഷ്ടരെയും നിഗ്രഹിക്കും. അങ്ങനെ സത്യധര്‍മ്മാദികൾ പുനഃസ്ഥാപിച്ചു കഴിയുമ്പോൾ കലിയുഗത്തിനു ശേഷം സത്യയുഗം സമാഗതമാകും. അന്ന് സര്‍വജനങ്ങളും വേദോക്തമായ ധര്‍മ്മപന്ഥാവിലൂടെ മാത്രം സഞ്ചരിക്കും. ഇപ്രകാരം തന്റെ അവതാര ലക്ഷ്യം പൂര്‍ത്തിയാക്കി കല്ക്കിദേവന്‍ സ്വധാമത്തെ പ്രാപിക്കും.
കല്ക്കിദേവന്റെ അവതാരം സംഭവിക്കുന്നത് ഉൾപ്പെടെ സകല കാര്യങ്ങളും കല്ക്കി പുരാണത്തില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. മറ്റ് പുരാണങ്ങളിലും കല്ക്കിദേവന്റെ വരവ് ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. ഭാഗവതത്തില്‍കല്ക്കിദേവന്റെ കുതിരയുടെ പേര് ദേവദത്തം എന്ന്പറയുന്നുണ്ട്. കല്ക്കി ദേവന്റെ രോമകൂപങ്ങളില്‍ നിന്നും തേജസ്സുറ്റ കിരണങ്ങള്‍ സ്ഫുരിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം ഭൂമണ്ഡലം മുഴുവന്‍ ചുറ്റി നൃപന്‍മാരുടെ വേഷത്തില്‍ ഒളിഞ്ഞിരിക്കുന്ന ചോരന്മാരെയെല്ലാം നിഗ്രഹിക്കും. കല്ക്കി അവതാരം എടുക്കുന്നതോടെ സത്യയുഗത്തിന്റെ ആരംഭവും സമാഗതമാകുന്നതായി പറഞ്ഞിരിക്കുന്നു. ഇതിനു സമാനമായ ചരിതം തന്നെ വിഷ്ണു പുരാണത്തിലും പറയുന്നുണ്ട്.
ബ്രഹ്മവൈവര്‍ത്ത പുരാണത്തിലെ പരാമര്‍ശം കലിയുഗാന്ത്യത്തോടുകൂടി ജനങ്ങള്‍ തള്ളവിരലിന്റെയും വൃക്ഷങ്ങള്‍ കയ്യോളവും വലിപ്പമുള്ളതായി തീരും എന്നാണ്. അക്കാലത്താണ് കല്ക്കിഭഗവാന്‍ അവതരിക്കുക. ഭഗവാൻ അതിവേഗം കുതിരയുടെ പുറത്തുകയറി മൂന്നുനാള്‍കൊണ്ട് ഭൂമിയെ മ്ലേച്ഛശൂന്യമാക്കി തീര്‍ക്കും. പിന്നെ ആറുദിവസം തുടര്‍ച്ചയായി മഴപെയ്യും. അതോടുകൂടി ഭൂമി മുഴുവന്‍ ജലത്തിന്റെ അടിയിലായിത്തീരും. പിന്നെ ആകാശത്തില്‍ ദ്വാദശാദിത്യന്മാര്‍ ഒരുമിച്ച് ഉദിച്ച് ജലത്തെയെല്ലാം വറ്റിച്ചു കളഞ്ഞ് പൂര്‍വ്വസ്ഥിതിയിലാക്കും. ഭവിഷ്യ പുരാണത്തിലെ പരാമര്‍ശം ഇപ്രകാരമാണ്. കലിയുഗത്തിലെ നാലാം പാദമാകുമ്പോള്‍ മനുഷ്യരെല്ലാം നരകപ്രാപ്തിക്ക് യോഗ്യരാകും. അധര്‍മ്മം വര്‍ദ്ധിച്ചിരിക്കുന്ന അക്കാലത്ത് യമധര്‍മന്‍ ബ്രഹ്മാവിനെ ചെന്നുകണ്ട് സങ്കടം പറയും. ബ്രഹ്മാവ് യമനെയുംകൂട്ടി വൈകുണ്ഠത്തിലേക്ക് പോയി വിഷ്ണുഭഗവാനോട് എല്ലാ കാര്യങ്ങളും ഉണര്‍ത്തിക്കും പിന്നെ ഭഗവാന്‍ ശംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രനായി അവതരിക്കും.
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന വെളുത്ത ദ്വീതിയയാണ് കൽക്കി അവതാര ദിനമായിമലയാള പഞ്ചാംഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2021 സെപ്തംബർ 8, ചിങ്ങം 23 ബുധനാഴ്ചയാണ് ഇത്തവണ ഈ വിശേഷ ദിവസം . എന്നാൽമാര്‍ഗ്ഗശീര്‍ഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളില്‍ അര്‍ദ്ധരാത്രിയിലായിരിക്കും ഭഗവാന്റെ തിരുവവതാരം സംഭവിക്കുകയെന്ന് പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നു. (2021 ഡിസംബർ 27, 1197 ധനു 12) – കല്ക്കി ദേവന്റെ പിതാവ് വിഷ്ണുയശസ്സ് കശ്യപ പ്രജാപതിയുടെ പുനര്‍ജന്മം ആണത്രേ. കല്ക്കിദേവന്റെ മാതാവിന്റെ പേര്‍ വിഷ്ണു കീര്‍ത്തി എന്നായിരിക്കും. അവര്‍ ഭഗവാന്റെ ചരിത്രങ്ങളെ ലീലാചരിതത്തെ ജനങ്ങളെ വായിച്ചു കേള്‍പ്പിക്കും. ഇതുകേട്ട് മൂഢരായ ജനങ്ങള്‍ അവരെ കാരാഗൃഹത്തില്‍ അടക്കും. ഇതിനുശേഷം അവതരിക്കുന്ന കല്ക്കി ഭഗവാന്റെ ദ്വിഗ്ജയം 16000 സംവത്സരം പൂര്‍ത്തിയാക്കും. അപ്പോഴേക്കും ഭൂമി മനുഷ്യശൂന്യമാകുകയും കലിയുഗം അവസാനിക്കുകയും ചെയ്യും. കൽക്കി ഭഗവാന്റെ നിവേദ്യം തേനാണ്. പുഷ്പം നന്ത്യാർവട്ടപ്പൂവ്.
– ഡോ. രാജേഷ് പുല്ലാട്ടിൽ
+91 9895502025
Story Summary: Date and Significance of Kalki Avatar