Monday, 8 Jul 2024

കാട്ടിലമ്മ വാത്സല്യനിധി; കാര്യസാദ്ധ്യ
ശേഷം മണി കെട്ടാൻ മറക്കരുത്

ആൽമരത്തിൽ മണികെട്ടി പ്രാർത്ഥിച്ചാൽ അഭീഷ്ട സിദ്ധി നൽകുന്ന കാട്ടിൽ മേക്കേതിൽ അമ്മയ്ക്ക് ഉത്സവമായി. ദാരിക നിഗ്രഹം കഴിഞ്ഞെത്തുന്ന ഉഗ്രമൂർത്തിയായ ഭദ്രകാളി ശാന്തസ്വരൂപിണിയും സംഹാരരൂപിണിയുമായി കുടികൊള്ളുന്ന കൊല്ലം, പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രം കുംഭ മഹോത്സവത്തിനും തിരുമുടി എഴുന്നള്ളത്തിനുമാണ് ഒരുങ്ങുന്നത്. 2021 മാർച്ച് 11, 12 തീയതികളിൽ ക്ഷേത്രം തന്ത്രി പി. ഉണ്ണിക്കൃഷ്ണൻ തന്ത്രികളുടെ കാർമ്മികത്വത്തിൽ നടക്കുന്ന ഉത്സവത്തിൽ പൊങ്കാല, തങ്കഅങ്കി ചാർത്തി ദർശനം, തിരുമുടി ആറാട്ട് എഴുന്നള്ളത്ത്, ഗുരുസി തുടങ്ങിയ സുപ്രധാന ചടങ്ങുകളെല്ലാം മാർച്ച് 12 വെള്ളിയാഴ്ച ആണ്.

പ്രധാന പ്രതിഷ്ഠ രൗദ്രഭാവത്തിലെന്ന് പറയുമെങ്കിലും വാത്സല്യനിധിയായ അമ്മയാണ് ഭക്തർക്ക് കാട്ടിൽ മേക്കതിൽ ഭഗവതി. ആദ്യദർശനത്തിൽ തന്നെ ഭക്തമാനസം കവരുന്ന, എന്ത് ആഗ്രഹവും സാധിച്ചു തരുന്ന അമ്മയെ ദർശിക്കാൻ മിക്ക ദിവസങ്ങളിലും പുലർച്ചെ മുതൽ വലിയ ജനക്കൂട്ടമാണ് ക്ഷേത്രത്തിൽ.

കൊല്ലത്തിനും കരുനാഗപ്പള്ളിക്കും ഇടയിൽ ശങ്കരമംഗലത്തിന് സമീപത്തു നിന്നും പടിഞ്ഞാറോട്ട് പോയാൽ ക്ഷേത്രത്തിലെത്താം. കായലിനും കടലിനും മദ്ധ്യേയുള്ള പ്രകൃതി മനോഹരമായ തുരുത്തിലാണ് ക്ഷേത്രം. കായൽ കടന്ന് ക്ഷേത്രത്തിലെത്താൻ അതി രാവിലെ 4 മണി മുതൽ ജങ്കാർ സർവീസുണ്ട്. 4: 30 മണിക്കാണ് പള്ളിയുണർത്തൽ. വെളുപ്പിന് വരുന്ന ആദ്യ ജങ്കാറിൽ തന്നെ ഭക്തർ നിറഞ്ഞു കവിയും. നാട്ടുകാർ മാത്രമല്ല ദൂരദേശങ്ങളിൽ നിന്നു പോലും അമ്മയുടെ ഖ്യാതി കേട്ടറിഞ്ഞ് നൂറുകണക്കിനാളുകൾ ഈ മഹാമാരിക്കാലത്ത് പോലും ദിവസവും ഇവിടെ ദർശനപുണ്യം നേടുന്നു.

വിവാഹം, സന്താനലബ്ധി, ഉദ്യോഗം, വിദ്യാഭ്യാസം, രോഗദുരിത നിവാരണം, ആയുരാരോഗ്യസൗഖ്യം വസ്തു, വീട് വാങ്ങൽ, വിൽപ്പന, കാണാതായവരെ തിരിച്ചുകൊണ്ടു വരിക തുടങ്ങി ക്ഷേത്രത്തിലെത്തുന്ന ഓരോ ഭക്തർക്കും ഓരോരോ ആവശ്യങ്ങൾ ഉണ്ടാകും. ന്യായമായ ഏതാവശ്യവും അമ്മ സഫലമാക്കും. അത്തരം ആഗ്രഹങ്ങളുമായി എത്തുന്നവർക്ക് മാത്രമേ ദർശനഭാഗ്യം ലഭിക്കുകയുള്ളൂ എന്നും വിശ്വാസമുണ്ട്.

ക്ഷേത്രമുറ്റത്തെ ആൽമരത്തിൽ മണികെട്ടി പ്രാർത്ഥിക്കുന്നതാണ് ഇവിടുത്തെ സുപ്രസിദ്ധ വഴിപാട്. അഭീഷ്ട സിദ്ധിയാണ് ഫലം. ക്ഷേത്രത്തിൽ നിന്ന് 30 രൂപ കൊടുത്ത് മണി വഴിപാടിനുള്ള രസീത് എടുക്കുകയാണ് ആദ്യ വേണ്ടത്. ഒരു താലത്തിലായിരിക്കും രസീതും മണിയും തരിക. വിവിധ നിറങ്ങളിലുള്ള താലങ്ങളുണ്ട്. പല കൗണ്ടറുകളിൽ പ്രസാദം വിതരണം ചെയ്യുന്നതിനുള്ള സൗകര്യത്തിനാണ് വിവിധ നിറത്തിലുള്ള താലങ്ങൾ. ഇത് ദേവിയുടെ നടയുടെ വലതുഭാഗത്തെ കൗണ്ടറിൽ വയ്ക്കുക. നാളും പേരും പറഞ്ഞ് പൂജിച്ച മണി, പ്രസാദം നൽകുന്ന കൗണ്ടറിൽ നിന്ന് വഴിപാടുകാരനു നൽകും. ഇതു വാങ്ങി ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തുള്ള വലിയ ആൽമരത്തിന് ഏഴുപ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം കെട്ടുക. എന്ത് ഉദ്ദേശത്തോടെയാണോ മണി കെട്ടാൻ ക്ഷേത്രത്തിൽ എത്തിയത് അതു പ്രാർത്ഥിച്ച് ദേവീകൃപ യാചിച്ച് വേണം കെട്ടാൻ. ഏഴു പ്രാവശ്യം ക്ഷേത്രത്തിൽ വന്ന് ഏഴു മണി കെട്ടി ഏഴാമത്തെ മണി കെട്ടിനൊപ്പം പൊങ്കാലയിട്ടാലേ ഫലപ്രാപ്തിയുണ്ടാകൂ എന്ന് ചിലർ പറയാറുണ്ട്. എന്നാൽ അങ്ങനെയൊന്നും വേണ്ടെന്നാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. ഒരൊറ്റമണി കെട്ടി പ്രാർത്ഥിച്ചാൽ മതി. ഏഴു മണികെട്ടണമെന്നും പൊങ്കാലയിടണമെന്നും ഒരു നിഷ്‌കർഷയും ഇല്ല. മനസു നിറഞ്ഞ ഭക്തിമാത്രമാണ് പ്രധാനം.

കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ മണി കെട്ടി പ്രാർത്ഥിച്ചാൽ അഭീഷ്ട സിദ്ധിയുണ്ടാകുമെന്ന വിശ്വാസം ഉണ്ടായതിനു പിന്നിൽ ഒരു കഥയുണ്ട്. പ്രതിഷ്ഠ കഴിഞ്ഞ കാലത്തൊരിക്കൽ അച്ഛനമ്മമാരും സഹോദരങ്ങളുമായി ഒരു ഒൻപതു വയസ്‌സുകാരി പെൺകുട്ടി ഒരിക്കൽ ക്ഷേത്രത്തിൽ വന്നു. ഊമയായിരുന്ന ആ കുഞ്ഞ് ക്ഷേത്രമുറ്റത്തുള്ള പേരാലിൽ ഒരു കുഞ്ഞ് മണി കെട്ടി. അത് കുട്ടി കൊണ്ടുവന്നതാണോ അതോ എവിടെ നിന്നെങ്കിലും അതിനു കിട്ടിയതാണോ എന്നൊന്നും ആർക്കും അറിയില്ല. എന്തായാലും അരയാലിൽ മണി കെട്ടിയശേഷം കുഞ്ഞ് അവിടെനിന്നു പ്രാർത്ഥിച്ചു. പ്രാർത്ഥനയ്‌ക്കൊടുവിൽ അവൾ അമ്മേ എന്ന് ഉറക്കെ വിളിച്ചു. കേട്ടുനിന്നവരെയെല്ലാം ആ ശബ്ദം രോമാഞ്ചം കൊളളിച്ചു. മകൾ സംസാരിച്ചതു കേട്ട് അത്ഭുതത്താൽ ഭക്തിവിവശരായ മാതാപിതാക്കൾ അമ്മേ നാരായണാ എന്നു വിളിച്ച് പ്രാർത്ഥിച്ചു. അന്നുമുതൽ ക്ഷേത്രത്തിൽ മണി കെട്ടി പ്രാർത്ഥിച്ചാൽ ജീവിതപ്രശ്‌നങ്ങൾക്കും ദുഃഖത്തിനും പരിഹാരമുണ്ടാകുമെന്ന് വിശ്വാസമായി. തുടർന്ന് അതൊരു വഴിപാടായി മാറുകയും ചെയ്തു.

മണികെട്ടി പ്രാർത്ഥിച്ച് കാര്യസാദ്ധ്യം നേടിക്കഴിഞ്ഞാൽ വീണ്ടും ക്ഷേത്രത്തിൽ വന്ന് ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിന് സ്വന്തം കഴിവിനൊത്ത വഴിപാട് നടത്തി ദേവിയുടെ അനുഗ്രഹം വാങ്ങണം. മണി കെട്ടി പ്രാർത്ഥിക്കുന്നതാണ് നല്ലതെങ്കിലും സ്വന്തം ഗൃഹത്തിലിരുന്ന് ദേവിയെ പ്രാർത്ഥിച്ചശേഷം അഭിഷ്ടസിദ്ധിയുണ്ടാകുമ്പോൾ അമ്മയെ വന്നു കണ്ട് കഴിവിനൊത്ത വഴിപാട് ചെയ്ത് മണി കെട്ടിക്കൊള്ളാം എന്ന് നേർന്നാലും ഫലപ്രാപ്തി ഉറപ്പാണ്. എന്നാൽ കാര്യസാദ്ധ്യശേഷം ക്ഷേത്രത്തിൽ എത്തി മണി കെട്ടാൻ മറക്കരുത്. പൊങ്കാല ഇടുന്നതിനോ മണി കെട്ടുന്നതിനോ പ്രത്യേക സമയമില്ല. ക്ഷേത്രം തുറന്നിരിക്കുന്ന ഏതു സമയത്തും വഴിപാട് നടത്താവുന്നതാണ്.

(കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രഭാരവാഹികളായ സുനിൽ (+91 90 202 99000), ഗണേശൻ (+ 91 9446918985) എന്നിവരെ ബന്ധപ്പെടാം)

Summary: Importance of Kattil Mekkethil Bhadrakali Devi Temple and Bell offerings

1 thought on “കാട്ടിലമ്മ വാത്സല്യനിധി; കാര്യസാദ്ധ്യ
ശേഷം മണി കെട്ടാൻ മറക്കരുത്

  1. കിടപ്പാടം ഇല്ലാത്ത എനിക്ക് കിടപ്പാടം കിട്ടുന്നതിന് കാട്ടിലമ്മയുടെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

Comments are closed.

error: Content is protected !!
Exit mobile version