കാട്ടിൽ ക്ഷേത്രത്തിൽ വൃശ്ചികോത്സവം ; 12 നാൾ ഭജനമിരുന്നാൽ ആഗ്രഹസാഫല്യം
മംഗളഗൗരി
ക്ഷേത്ര മുറ്റത്തെ ആൽമരത്തിൽ മണി കെട്ടി പ്രാർത്ഥിച്ചാൽ അഭീഷ്ടസിദ്ധിയേകുന്ന കൊല്ലം, ചവറ, പൊന്മന കാട്ടിൽ മേക്കതിൽ ഭദ്രകാളി ക്ഷേത്രം വൃശ്ചികോത്സവത്തിന് ഒരുങ്ങുന്നു. 2022 നവംബർ 17, വൃശ്ചികം ഒന്നിന് കൊടിയേറും. നവംബർ 28, വൃശ്ചികം 12-ാം തീയതി തിരുമുടി ആറാട്ടോടെ ഉത്സവം സമാപിക്കും. ഈ 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കുന്നവർക്ക് സർവൈശ്വര്യങ്ങളും സർവാഭീഷ്ടസിദ്ധിയുമുണ്ടാകും എന്നാണ് വിശ്വാസം. ആയിരക്കണക്കിനു ഭക്തരാണ് ഈ സമയത്ത് ഇവിടെ ഭജനമിരിക്കാൻ വരുന്നത്. ക്ഷിപ്രപ്രസാദിയും ഇഷ്ടവരദായിനിയുമായ കാട്ടിലമ്മ കനിഞ്ഞാൽ ഭയം, ശത്രു പീഡ, രോഗം, ദാരിദ്ര്യം, പ്രകൃതി ദുരന്തം തുടങ്ങിയ ആപത്തുകൾ ഒഴിഞ്ഞു പോകും.
ക്ഷേത്ര ഭരണ സമിതി തന്നെയാണ് ചെറിയ കുടിലുകൾ ഒരുക്കുന്നത്. തുലാം ഒന്ന്, 2022 ഒക്ടോബർ 18 ന് ഭജനമിരിക്കുന്നതിനുള്ള മഠങ്ങളുടെ ബുക്കിംഗ് തുടങ്ങി. ഒരു കുടിലിന് ഈ വർഷം 2500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 1000 ഭജനപ്പുരകളുണ്ട്. രാവിലെ 7 മുതൽ 11 മണി വരെയും വൈകിട്ട് 5 മുതൽ 7 മണിവരെയും ബുക്കിംഗിന് സൗകര്യമുണ്ട്.
ഒരു കുടിലിൽ ഇത്ര പേർ എന്നു നിബന്ധനയില്ല. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും ഈ പന്ത്രണ്ടു ദിവസവും ഇവിടെ കഴിയാം. ശുചിമുറി, മറ്റ് സൗകര്യങ്ങൾ എന്നിവ ക്ഷേത്രത്തിൽ തന്നെയുണ്ട്. ഭജനമിരിക്കുന്നവർ രാവിലെയും വൈകുന്നേരവും ആഹാരം സ്വയം പാചകം ചെയ്യുയാണ് പതിവ്. രാവിലെ അമ്പലത്തിൽ നിന്നുള്ള സൗജന്യ കഞ്ഞികുടിക്കുകയുമാകാം. ഉച്ചയ്ക്ക് പന്ത്രണ്ടു ദിവസവും അന്നദാനം ഉണ്ടായിരിക്കും. വൈകുന്നേരം എല്ലാ കുടിലിലും പുഴുക്കാണ് ഉണ്ടാക്കുന്നത്. മരച്ചീനി, കാച്ചിൽ, ചേമ്പ്, പയർ ഇവയെല്ലാം ചേർത്താണ് പുഴുക്ക് ഉണ്ടാക്കുന്നത്. ഇവ മറ്റുള്ളവർക്കും നൽകാം. 12 ദിവസത്തെ അന്നദാനം വ്യക്തികളും സംഘടനകളുമാണ് സമർപ്പിക്കുന്നത്.
തുലാം മുപ്പതാം തീയതി വൈകുന്നേരം ഭജനം പാർക്കുന്ന ഭക്തർ ക്ഷേത്രത്തിലെത്തണം. പിറ്റേദിവസം മുതൽ ഭജനം പാർക്കൽ ആരംഭിക്കും. പന്ത്രണ്ടാമത്തെ ദിവസം വൈകുന്നേരത്തോടെ ഭജനം പൂർത്തിയാകും. പന്ത്രണ്ടാം ദിവസം വൈകിട്ട് ഭജനമിരിക്കുന്ന എല്ലാവരുടെയും കുടിലിനു മുന്നിൽ തിരുമുടി എഴുന്നള്ളിക്കും. ഇവിടെവച്ച് പ്രസാദമായി ഭസ്മം നൽകുകയും ദേഹത്തു തളിക്കുകയും ചെയ്യും. ഈ സമയം ആ കുടിലുകളിലോ സമീപത്തോ നില്ക്കുന്നവരെ ബാധിച്ചിട്ടുള്ള ദോഷങ്ങൾ പണിക്കനിലൂടെ ദേവി ഒഴിപ്പിക്കും.
ക്ഷേത്രത്തിലെ മറ്റൊരു ഉത്സവം കുംഭമാസത്തിലാണ്. ഈ സമയത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഏഴുകരകളിൽ തിരുമുടി എഴുന്നള്ളത്തും കുംഭമാസത്തിലെ അവസാന വെള്ളിയാഴ്ച തിരുമുടി ആറാട്ടും നടക്കും. കുംഭ മഹോത്സവത്തിന് ദക്ഷയാഗം കഥകളിയും ഗുരുതിയും പ്രധാനമാണ്.
എല്ലാ മലയാളമാസം ഒന്നാം തീയതികളും ക്ഷേത്രത്തിൽ പ്രധാനമാണ്. അന്ന് തിരക്കും കൂടുതലാകും. ഈ ദിവസം മഹാഗണപതിഹോമം, ഐശ്വര്യവിളക്ക് പൂജ എന്നിവയും ഞായറാഴ്ചകളിൽ ആദിത്യപൂജയും മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചകളിൽ ശത്രുസംഹാര പുഷ്പാഞ്ജലിയും ഇരട്ടി മധുരപ്പായസവും അറുനാഴി മഹാനിവേദ്യവും നടത്തുന്നത് ഏറ്റവും നല്ലതാണ്.
ദിവസവും പുലർച്ചെ 5 മണിക്കാണ് നട തുറക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കും. വൈകിട്ട് 5 മണിക്ക് വീണ്ടും തുറക്കും. രാത്രി 8 മണിയോടെ അടയ്ക്കും. ദേശീയപാതയിൽ കരുനാഗപ്പള്ളിക്കും ചവറയ്ക്കും മദ്ധ്യേ ശങ്കരമംഗലത്ത് ഇറങ്ങിയാൽ പൊൻമനയിലേക്ക് ബസ് കിട്ടും; ഓട്ടോയുമുണ്ട്. 3 കിലോമീറ്റർ പടിഞ്ഞാറോട്ട് പോയാൽ പൊന്മനയിൽ എത്തും. അവിടെ നിന്നും ജങ്കാറിൽ ക്ഷേത്രത്തിലെത്താം.
ക്ഷേത്രത്തിലെ ഫോൺ: 8606125351, 9020199000
Story Summary: Kattil Mekkathil Bhagavathy temple
Vrischikolsavam festival 2022