Friday, 22 Nov 2024

കാമിക ഏകാദശി, പ്രദോഷം, കർക്കടകവാവ്; ഈ ആഴ്ചയിലെ നക്ഷത്രഫലം

(2024 ജൂലായ് 28 – ആഗസ്റ്റ് 3 )

ജ്യോതിഷരത്നം വേണു മഹാദേവ്

2024 ജൂലായ് 28 ന് അശ്വതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ഏകാദശി, പ്രദോഷം, കർക്കടക വാവ് എന്നിവയാണ്. 31 നാണ് കാമിക ഏകാദശി . അന്ന് രാവിലെ 10:11 മുതൽ രാത്രി 9:52 വരെയാണ് ഹരിവാസരം. 17 നാണ് കർക്കടകം മാസത്തിലെ കറുത്തപക്ഷ പ്രദോഷം. ആഗസ്റ്റ് 3 നാണ് കർക്കടക വാവ്. തിരുവല്ലം, തിരുനെല്ലി തുടങ്ങി എല്ലാ പ്രധാന ബലി സന്നിധികളിലും ശനിയാഴ്ചയാണ് വാവ് ബലിതർപ്പണം. അന്ന് പൂയം നക്ഷത്രത്തിൽ വാരം
അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം :

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
അമിതചിന്ത സമ്മർദ്ദം നൽകും. ബിസിനസിൽ വിജയം നേടും. സ്വർണ്ണാഭരണങ്ങൾ, വീട്, ഭൂമി, സംരംഭങ്ങൾ എന്നിവയിൽ പണം നിക്ഷേപിക്കും. ഭാവിയിൽ മികച്ച ലാഭം കിട്ടും. രക്ഷിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബജീവിതം മികച്ചതായിരിക്കും. വാഹനമോ സ്വത്തോ വാങ്ങാൻ ആലോചിക്കും. ചില ബന്ധങ്ങളിൽ അകൽച്ച ഉണ്ടാക്കാൻ സാധ്യത. കുടുംബാംഗങ്ങളുമായി തർക്കിക്കുന്നത് ഒഴിവാക്കുക. പ്രതിച്ഛായ നശിപ്പിക്കുന്ന കാര്യങ്ങൾ പറയാതിരിക്കുക. മത്സരപരീക്ഷയിൽ
വിജയം നേടും. ഓം ഭദ്രകള്യൈ നമഃ 108 ഉരു ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
ആരോഗ്യം മികച്ചതായിരിക്കും. പ്രിയപ്പെട്ടവരുമായി സമയം ആസ്വദിക്കാൻ ശ്രമിക്കുക. വിലയേറിയ വസ്തുക്കൾ വാങ്ങാൻ പണം ചിലവഴിക്കും. നിരവധി സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ഗൃഹനിർമ്മാണം
സംബന്ധിച്ച ചർച്ച കുടുംബത്തിൽ ഉണ്ടാകും. കരാർ പാലിക്കും. ദാമ്പത്യ ബന്ധത്തിൽ കലഹം, അനാവശ്യ തർക്കങ്ങൾക്ക് എന്നിവയ്ക്ക് വഴിയൊരുങ്ങും. പുതിയ ജോലി ആരംഭിക്കും. പുതിയ നിക്ഷേപം നടത്താൻ യോഗം കാണുന്നു. മാനസികസമ്മർദ്ദം നേരിടേണ്ടിവരാം. അത്തരമൊരു സാഹചര്യത്തിൽ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം വരും. ഓം ഹം ഹനുമതേ നമഃ എന്നും ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
നെഗറ്റീവ് ചിന്തകൾ മനസ്സിനെ സ്വാധീനിക്കും. നല്ലത് സംഭവിച്ചാലും അതിനെ ഒരു നെഗറ്റീവ് കാഴ്ചപ്പാടിൽ കാണും. നല്ലതും ലാഭകരവുമായ നിരവധി അവസരങ്ങൾ നഷ്ടപ്പെടും. ഭൂമി, പൂർവ്വിക സ്വത്ത് വഴി വരുമാനം കൂടും. കുടുംബാന്തരീക്ഷം പതിവിലും നല്ലതായിരിക്കും. ബന്ധുക്കളോ സുഹൃത്തുക്കളോ വീട് സന്ദർശിക്കും. പ്രണയ/ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. സർക്കാർ ജോലിക്കാർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്, സ്ഥലം
മാറ്റം എന്നിവ ലഭിക്കാം. തീരുമാനമെടുക്കുന്നതിൽ ചിലർക്ക് വളരെ കൂടുതൽ പ്രശ്‌നങ്ങളുണ്ടാകാം നിയമം, എഞ്ചിനീയറിംഗ്, മെഡിക്കൽ വിദ്യാർത്ഥികൾക്ക് സമയം നല്ലതാണ്. 108 ഉരു ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
വാഹനം ഓടിക്കുന്നവർ ഏറെ ശ്രദ്ധിക്കണം. ചെറിയ അശ്രദ്ധ പോലും ദോഷകരമായി ബാധിക്കാം. ഭൂമി, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വഴി നേട്ടം. അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തണം. താല്പര്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മേൽ അടിച്ചേൽപ്പിക്കരുത്. മറ്റുള്ളവർക്ക് ദേഷ്യം, എതിർപ്പ് എന്നിവയ്ക്ക് സാധ്യത കാണുന്നു. തെറ്റിദ്ധാരണകൾ പരിഹരിക്കാൻ കഴിയും. കുടുംബസമ്മേതം ഒരു യാത്ര പോകാൻ പദ്ധതിയിടും. കഠിനാധ്വാനത്തിന് പൂർണ്ണ ഫലങ്ങൾ നേടണമെങ്കിൽ മനസ്സ് പോസിറ്റീവായി നിലനിർത്തണം. ജോലിക്ക് പതിവിലും പ്രാധാന്യം നൽകും, അതിന്റെ ഫലമായി പുതിയ അവസരങ്ങൾ ലഭിക്കും. ആത്മവിശ്വാസം കുറയും. ചില സംശയങ്ങൾ മനസിനെ അസ്വസ്ഥമാക്കാം.
ദിവസവും 108 ഉരു ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1)
മാനസിക സമ്മർദ്ദങ്ങൾ ഒഴിവാകും. ചെറിയ രോഗങ്ങൾ ശ്രദ്ധിക്കണം. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്ന നിങ്ങളുടെ ശീലം നിയന്ത്രിക്കണം. വിനോദത്തിനായി കൂടുതൽ സമയവും പണവും ചെലവഴിക്കരുത്.
കഴിവിനേക്കാൾ കൂടുതൽ വാഗ്ദാനം ചെയ്യുന്നത് മൂലം സ്വയം കുഴപ്പത്തിലാകും. സംസാരത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റം അല്ലെങ്കിൽ ശമ്പള വർദ്ധനവ്, ആഗ്രഹിച്ച സ്ഥാനമാറ്റം എന്നിവ ലഭിക്കാം. വിദ്യാർത്ഥികൾക്ക് അവരുടെ കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും കൂടുതൽ സമ്മർദ്ദം ഉണ്ടാകും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
നിത്യവും 108 തവണ ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
പുറമേ കാണുന്നവർക്ക നിങ്ങളുടെ ജീവിതം സന്തോഷകരമായി തോന്നാമെങ്കിലും ഉള്ളിൽ സങ്കടവും വിഷാദവുമായിരിക്കും. പങ്കാളിത്ത ബിസിനസ്സുകാർ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തണം.
പഴയ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തും. ചില ബന്ധങ്ങൾ‌ പുന:സ്ഥാപിക്കും. ജീവിതപങ്കാളിയോട് തോൽക്കുന്നത് വലിയ കാര്യമല്ല, മറിച്ച് സ്നേഹത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കണം. ഓഫീസിൽ ശത്രുവായി കരുതിയ വ്യക്തി യഥാർത്ഥത്തിൽ അഭ്യുദയകാംക്ഷി ആണെന്ന് മനസ്സിലാക്കും. ജോലിയിൽ അനുകൂലമായ കാര്യങ്ങൾ സംഭവിക്കും. ദിവസവും 108 തവണ ഓം നമോ നാരായണായ ജപിക്കുക.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ഭക്ഷണത്തോടുള്ള അഭിനിവേശം മാറ്റണം. ആരോഗ്യം സംരക്ഷിക്കാൻ പതിവായി വ്യായാമം ചെയ്യണം. അമിതമോഹങ്ങൾ വലിയ ശത്രുവാണെന്ന് മനസ്സിലാകും. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതിന് പ്രേരണ
ഉണ്ടാകാൻ സാധ്യത. ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ അസ്വസ്ഥതകൾ ഉണ്ടാക്കും. കുടുംബാംഗങ്ങളുമായും അടുത്ത സുഹൃത്തുക്കളുമായും തർക്കം പാടില്ല. അത് വേദനിപ്പിക്കും. പ്രണയ ബന്ധം വളരെ ശക്തമാകും. കർമ്മരംഗത്ത് കാര്യങ്ങൾ പുരോഗമിക്കും. വിജയത്തിന് സഹായിച്ച സഹപ്രവർത്തകർക്ക് നന്ദി പറയും. ആത്മവിശ്വാസം തോന്നും. സംഗീതവും നൃത്തവും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് നല്ലതാണ്. ഓം ശരവണ ഭവ: 108 തവണ വീതം ദിവസവും ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകും. ദീർഘദൂര യാത്രകൾ ഒഴിവാക്കണം. വരുമാനവും ചെലവും നോക്കി മികച്ച ഒരു ബജറ്റ് തയ്യാറാക്കി അതിനനുസരിച്ച് പണം ചെലവഴിക്കുക. വീട്ടിൽ നിന്ന് അകലെ കഴിയുന്നവർക്ക് ഒറ്റപ്പെടൽ അനുഭവപ്പെടും. പ്രണയബന്ധം മാനസിക സന്തോഷം നൽകുന്നതിനു പകരം ഏറെ ബുദ്ധിമുട്ടിക്കും. ഇക്കാരണത്താൽ ഒരു മേഖലയിലും ശ്രദ്ധിക്കുവാൻ കഴിയില്ല. പങ്കാളിത്തത്തിൽ ബിസിനസ്സ് നടത്തുന്നതിന് മുമ്പ് പരിചയമുള്ളവരുടെ അഭിപ്രായം ആരായണം. ബിസിനസ്സ് വിപുലീകരണത്തിന് ചില നിർദ്ദേശങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് മുതിർന്നവരുടെ പിന്തുണ വേണം. ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
മാനസികവും ശാരീരികവുമായ ക്ഷീണമുണ്ടാകും. സാമ്പത്തികമായി സമയം വളരെ നല്ലതായിരിക്കും. വരുമാനം വർദ്ധിക്കും. സ്വത്ത് സമ്പാദിക്കുന്നതിനും ധാരാളം അവസരം ലഭിക്കും. കുടുംബ ഉത്തരവാദിത്തം
നന്നായി നിറവേറ്റും. ദാമ്പത്യത്തിൽ മറ്റുള്ളവരുടെ ഇടപെടൽ പങ്കാളിയെ വിഷമിപ്പിക്കും. ചില ശീലങ്ങൾ മാറ്റേണ്ടതാണ്. ജോലിയിലെ നിങ്ങളുടെ പുരോഗതിയിൽ സഹപ്രവർത്തകർ അസൂയപ്പെടും. അവരുടെ സഹകരണക്കുറവ് പ്രശ്‌നമുണ്ടാകാം. വിദ്യാർത്ഥികൾ പല വിഷയങ്ങളും മനസ്സിലാക്കുന്നതിന് ബുദ്ധിമുട്ടും.
വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന ഉയർച്ചതാഴ്ചയിൽ നിന്ന് പാഠം ഉൾക്കൊള്ളും ഓം ഗം ഗണപതയേ നമഃ ദിവസവും 108 തവണ ജപിക്കുക.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ആരോഗ്യത്തിൽ പ്രധാനപ്പെട്ട, ഗുണപരമായ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചെറിയ ഭൂമി, സാമ്പത്തിക ഇടപാടുകൾക്ക് സമയം വളരെ നല്ലതാണ്. എന്നാലും, ഇപ്പോൾ വലിയ നിക്ഷേപം നടത്താതിരിക്കുക. ഒരുകാര്യവും കുടുംബാംഗങ്ങളിൽ അടിച്ചേൽപ്പിക്കരുത്.
ഔദ്യോഗിക കാര്യത്തിൽ മികച്ച ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അതുപോലെ അച്ചടക്കം, കഠിനാധ്വാനം എന്നിവയെ അടിസ്ഥാനമാക്കി ശമ്പള വർദ്ധനവ് നേടാൻ കഴിയും. നിങ്ങളുടെ സങ്കടം ജീവിതപങ്കാളി തെറ്റായി വ്യാഖ്യാനിക്കുന്നതിന് മുമ്പ് നേരിടുന്ന പ്രശ്നത്തെ കുറിച്ച് അവരോട് തുറന്നു പറയുക. വിദ്യാർത്ഥികൾക്ക് സമയം വളരെ മികച്ചതായിരിക്കും. വിദേശ സർവകലാശാലയിൽ പ്രവേശനം നേടാൻ ശ്രമിച്ചാൽ അതിൽ വിജയിക്കും. ശനിദോഷം മാറാൻ ഓം ഹം ഹനുമതേ നമഃ ജപിക്കുക.

കുംഭക്കൂറ്
( അവിട്ടം 4, 5, ചതയം, പൂരുരുട്ടാതി 1, 2, 3 )
ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ആരോഗ്യം നന്നാക്കാൻ ശ്രമം നടത്തും. സാമ്പത്തികമായി സമയം വളരെയധികം ശുഭകരമായിരിക്കും. സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് മികച്ച അവസരങ്ങൾ കിട്ടും. കുടുംബാംഗങ്ങൾ ദാമ്പത്യ / പ്രണയബന്ധത്തിൽ ഇടപെടുന്നത് പങ്കാളിയെ വേദനിപ്പിക്കും. ബന്ധത്തിൽ അകൽച്ച ഉണ്ടാക്കാനും സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് യാത്ര പോകും.
എല്ലാ രേഖകളും വസ്തുക്കളും ശരിയായി നോക്കണം. പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങൾ കാരണം കഷ്ടപ്പെടേണ്ടി വരും. വിദ്യാർത്ഥികൾ വിനാശകരമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാകരുത്. നിത്യവും 108 തവണ ഓം നമഃ ശിവായ ജപിക്കണം.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
അധിക ജോലിഭാരം ആരോഗ്യത്തെ ബാധിക്കും.
പ്രധാനപ്പെട്ട ചില പദ്ധതികൾ നടപ്പിലാക്കും. അത് നല്ല സാമ്പത്തിക ലാഭം നൽകും. കുടുംബത്തിൽ സന്തോഷം നിറയും. പ്രണയ വിവാഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം വളരെ അനുകൂലമായിരിക്കും. ഔദ്യോഗിക ജീവിതത്തിൽ മികച്ച നേട്ടങ്ങൾ നേടാൻ കഴിയും. ജോലിസ്ഥലത്ത് നയപരവുമായ പെരുമാറ്റം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ എളുപ്പത്തിൽ നേരിടാൻ സഹായിക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും.
മുതിർന്നവരുടെ പിന്തുണ ആവശ്യമായി വരും.
വിദ്യാർത്ഥികൾക്ക് പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. നിത്യവും ഓം ശ്രീം നമഃ 108 തവണ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847575559

    Summary: Weekly Star predictions based on moon sign
    by Venu Mahadev

    error: Content is protected !!
    Exit mobile version