Friday, 22 Nov 2024

കാമിക ഏകാദശി, ശനി പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2022 ജൂലൈ 9 – 15 )

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

കാമിക ഏകാദശി, ശനി പ്രദോഷം എന്നിവയാണ് 2023 ജൂലൈ 9 ന് മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ. ജൂലൈ 13 നാണ് ഏകാദശി വ്രതം. മിഥുന മാസം കറുത്തപക്ഷത്തിലെ ഏകാദശിയായ ഈ ദിവസം കാമികാ ഏകാദശിയായി ആചരിക്കുന്നു. പവിത്ര ഏകാദശി എന്ന പേരിലും പ്രസിദ്ധമായ ഈ ഏകാദശി ആചരിക്കുന്നതിന്റെ ഫലം പാപമോചനം, ഐശ്വര്യം എന്നിവയാണ്. ദശമി നാളിൽ മത്സ്യമാംസാദികൾ ത്യജിച്ച് ഒരിക്കൽ എടുത്ത് ബ്രഹ്മചര്യ നിഷ്ഠയോടെ വ്രതം നോൽക്കണം. ഏകാദശി ദിവസം പ്രഭാതത്തില്‍ സ്നാനം മുതലായ നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് വിഷ്ണു ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിക്കണം. ഈ ദിവസം പൂർണ്ണ ഉപവാസമാണ് ഉത്തമം. ആരോഗ്യം അനുവദിക്കുന്നില്ലെങ്കിൽ ഒരിക്കലെടുക്കാം. അല്ലെങ്കിൽ ലഘു ഭക്ഷണമാകാം. ദ്വാദശി നാളിൽ പാരണവീടാം. ജൂലൈ 13 പകൽ 12:23 മുതൽ രാത്രി 12:42 വരെയാണ് ഹരിവാസരം. ഈ സമയത്ത് അന്നപാനാദി വർജ്ജിച്ച് വിഷ്ണു നാമങ്ങളും മന്ത്രങ്ങളും ജപിച്ച് കഴിയണം എന്നാണ് വ്രതവിധി. ജൂലൈ 15 നാണ് ശിവപാർവതി പ്രീതികരമായ ശനി പ്രദോഷ വ്രതം. ശിവശങ്കര പ്രീതി നേടാൻ ഏറ്റവും പ്രധാന ദിവസമാണ് ത്രയോദശി തിഥിയിൽ വരുന്ന പ്രദോഷ സന്ധ്യ. ഈ സമയം പാർവതി ദേവിയുടെ സാന്നിദ്ധ്യത്തിൽ ഭഗവാൻ നടരാജനൃത്തം ചെയ്യുന്നു എന്നാണ് സങ്കല്പം. സാധാരണ പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിന്റെ ഇരട്ടിഫലം ലഭിക്കുന്നതാണ് ശനി പ്രദോഷ വ്രതം. ഈ വ്രതം നോറ്റാൻ അളവറ്റ ധനലബ്ധി ഉണ്ടാകും. നഷ്ട സൗഭാഗ്യങ്ങൾ തിരിച്ചു കിട്ടും. അന്ന് വ്രതം നോൽക്കാൻ കഴിയാത്തവർ ശിവ മന്ത്രങ്ങൾ ജപിച്ച് വൈകിട്ട് ശിവക്ഷേത്രത്തിൽ ഫലമൂലാദികൾ സമർപ്പിച്ച് പ്രദോഷ പൂജയിൽ പങ്കെടുത്താലും എല്ലാ വിധ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകും. അന്ന് മിഥുനക്കൂറിൽ മകയിരം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം. ദീർഘകാല നിക്ഷേപങ്ങൾ നടത്താൻ പറ്റിയ സമയമല്ല. സുഹൃത്തുക്കളുമൊത്ത് ഒഴിവു സമയം ചെലവിടും. ചിന്താ ശേഷി വർദ്ധിക്കും. മന:ശാന്തി ലഭിക്കും. ദാമ്പത്യം സന്തോഷകരമാകും. പങ്കാളിയെ വീട്ടുജോലികളിൽ സഹായിക്കും. കുടുംബബന്ധങ്ങൾ ശക്തമാകും. ജോലി സംബന്ധമായ കാര്യങ്ങളിൽ പുരോഗതി കൈവരിക്കും.
കനത്ത വെല്ലുവിളികൾ സമർത്ഥമായി അതിജീവിക്കും. നിത്യവും ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
നവീനമായ ആശയങ്ങൾ പ്രാവർത്തികമാക്കി മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കും. കരാർ ഇടപാടുകളിൽ ജാഗ്രത പുലർത്തണം. ആരോഗ്യം നന്നായി നോക്കണം. ലഹരി വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കണം. പുതിയ വാഹനം വാങ്ങാൻ സാധിക്കും. മാതാപിതാക്കൾ സാമ്പത്തികമായി സഹായിക്കും. ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങളും മാനസിക സമ്മർദ്ദവും വർദ്ധിക്കും. വിദേശവിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും.
ദിവസവും ഓം ഹം ഹനുമതേ നമഃ 108 ഉരു ജപിക്കണം.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
അധികം അദ്ധ്വാനിക്കാതെ സാമ്പത്തികമായി വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ചെലവുകൾ വളരെ കുറയുന്നതിനാൽ സമ്പാദ്യം കൂടും. മുടങ്ങിക്കിടന്ന ചില വീട്ടുകാര്യങ്ങൾ പൂർത്തിയാക്കാൻ അവധി എടുക്കേണ്ടി വരും. നല്ല ആരോഗ്യത്തിന് ആവശ്യത്തിന് വിശ്രമം അത്യാവശ്യമാണ് എന്ന കാര്യം മറക്കരുത്. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. പുതിയ ചില ഇടപാടുകാരെ ലഭിക്കും. മത്സരങ്ങളിൽ വിജയം നേടാൻ കഠിനമായി പരിശ്രമിക്കും.
ഓംനമോ ഭഗവതേ വാസുദേവായ മുടങ്ങാതെ ജപിക്കുക.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ രക്ഷിതാക്കൾ സഹായിക്കും. മാനസിക സമ്മർദ്ദങ്ങൾ മാറിക്കിട്ടും. ലക്ഷ്യ പ്രാപ്തിക്ക് ശരിയായ വഴി കണ്ടെത്താൻ കഴിയും. ഒരു അടുത്ത ബന്ധുവിന്റെ വിചിത്രമായ പെരുമാറ്റത്തിൽ വിഷമിക്കും. കുടുംബന്ധത്തിൽ സമാധാനവും ശാന്തിയും നിലനിറുത്താൻ വിട്ടുവീഴ്ചകൾ ചെയ്യും. ശമ്പള വർദ്ധന, ജോലിയിൽ ഉയർച്ച എന്നിവ പ്രതീക്ഷിക്കാം. എവിടെയും തന്ത്ര പരമായ നിലപാടുകൾ സ്വീകരിക്കും. പഠനത്തിൽ
വിജയം ലഭിക്കും. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
കൈവശമുള്ള വസ്തുകൾ സൂക്ഷിക്കണം. പ്രത്യേകിച്ച് ജോലി സ്ഥലത്ത്. സഹോദരങ്ങളുടെ സഹായം ലഭിക്കും. കുടുംബത്തിൽ ഐശ്വര്യം സമാധാനവും നിലനിൽക്കും. വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ചില ബുദ്ധികൾ നേരിടാം. വ്യവഹാരങ്ങൾ ഒഴിവാക്കണം. കരാറുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. സന്താനങ്ങൾ മുഖേന സന്തോഷം ലഭിക്കും. ആരോഗ്യം സൂക്ഷിക്കണം. വിദ്യാർത്ഥികൾ സമയം പാഴാക്കരുത്. ദിവസവും ഓം നമഃ ശിവായ 108 ഉരു വീതം ജപിക്കണം.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
വരുമാനം വർദ്ധിക്കും. ഭാവി സുരക്ഷിതമാക്കാൻ ചില നിക്ഷേപങ്ങൾ നടത്തും. വികാരം പ്രത്യേകിച്ച് കോപവും പരുഷമായ സംഭാഷണങ്ങളും നിയന്ത്രിക്കണം. ചതിയിൽ അകപ്പെടാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരുമായി തൽക്കാലം അല്പം അകലം പാലിക്കുന്നത് നല്ലതാണ്. കുടുംബാംഗങ്ങളുടെ സ്നേഹവും സൗഹാർദ്ദവും കിട്ടാൻ അവരോടും നന്നായി പെരുമാറുക. ചിന്തിച്ച് ചിന്തിച്ചിരുന്ന് സമയം കളഞ്ഞാൽ മറ്റുള്ളവർ ഏറെ മുന്നേറിപ്പോകും. ഓം കൃ മുടങ്ങാതെ ജപിക്കുക.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. പുതിയ നിക്ഷേപം നടത്തും. കുടുംബാംഗങ്ങളെ സഹായിക്കാനാകും. രോഗ സാധ്യത കൂടുതലാണ്. ഒറ്റമൂലി പ്രയോഗങ്ങളും സ്വയം ചികിത്സയും നടത്തി കാര്യങ്ങൾ വഷളാക്കരുത്. പുതിയ വാഹനം, വീട് തുടങ്ങിയവ സ്വന്തമാക്കാൻ ശ്രമിക്കും. തൊഴിൽ സ്ഥലത്ത് ഏറ്റെടുക്കുന്ന എല്ലാ ചുമതലകളും കൃത്യമായി നിർവഹിക്കും. മികച്ച പ്രകടനത്തിന്റെ പേരിൽ അനുമോദനം, ശമ്പള വർദ്ധന എന്നിവ ലഭിക്കും.വിദേശ
യാത്രയ്ക്ക് ക്ഷണം കിട്ടും. സർപ്പദേവതാ പ്രീതി നേടണം.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ചില ആഗ്രഹങ്ങൾ സഫലമാകും സമ്മാനങ്ങൾ ലഭിക്കും. എല്ലാ കാര്യങ്ങൾക്കും ജീവിത പങ്കാളിയുടെ സഹായം ലഭിക്കും. കുടുംബാംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ പരിഹരിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ കഴിയും. സാമ്പത്തിക നഷ്ടം, യാത്രയിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാൻ സാധ്യത എന്നിവ കാണുന്നു. ബിസിനസ്സിൽ പുതിയ ഒരു പങ്കാളിയെ ലഭിക്കും. മുൻ കാല നഷ്ടം നികത്താനാകും.
സുബ്രഹ്മണ്യ പ്രീതിക്ക് ഓം വചത്ഭുവേ നമഃ ജപിക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
പുതിയ കരാറുകൾ ഒപ്പിടാൻ ശുഭകരമായ സമയമാണ്. വ്യാപാരത്തിൽ പഴയ ഇടപാടിൽ നിന്ന് മികച്ച ലാഭം പ്രതീക്ഷിക്കാം. കുടുംബപരമായ നിരവധി ചുമതലകൾ കൃത്യമായി നിർവഹിക്കും. ക്ഷീണവും മടുപ്പും കൂടാതെ പണിയെടുക്കും. നിശ്ചയദാർഢ്യം കർമ്മ രംഗത്ത് മികച്ച പുരോഗതി കൈവരിക്കാൻ സഹായിക്കും. ധാരാളം പുതിയ അവസരങ്ങൾ ലഭിക്കും. വിവാഹ കാര്യത്തിൽ
തീരുമാനമെടുക്കും. പ്രമേഹം ഉള്ളവർ സൂക്ഷിക്കണം. ശനിയാഴ്ച നീരാജനം നടത്തണം. അന്നദാനം ഉത്തമം.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2, )
ആത്മ വിശ്വാസവും ധൈര്യവും വർദ്ധിക്കും. സാമൂഹ്യ രംഗത്ത് സജീവമായി ഇടപെട്ട് പ്രവർത്തിക്കും. ശരിയായ തീരുമാനം എടുക്കാൻ വേണ്ട കഴിവ് നേടും. പണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാൽ ചെലവ് ചുരുക്കി സമ്പാദ്യം വർദ്ധിപ്പിക്കുന്നതിന് കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത്. കഠിനാദ്ധ്വാനം പ്രശംസിക്കപ്പെടും. അറിവും അനുഭവഗുണവും ചുറ്റുമുള്ളവർക്കും ഉപകരിക്കും. വിദേശ യാത്ര ആഗ്രഹിക്കുന്നവർ സന്തോഷവാർത്ത
കേൾക്കും. ഓം നമോ നാരായണായ ജപം മുടക്കരുത്.

കുംഭക്കൂറ്
( അവിട്ടം 3, 4 , ചതയം, പൂരുരുട്ടാതി 1, 2, 3 )
സർക്കാർ ജീവനക്കാർക്ക് എല്ലാം കൊണ്ടും ഇത് മികച്ച സമയമാണ്. വിരുന്നു സൽക്കാരങ്ങളിൽ പങ്കെടുക്കും. അമിത മദ്യപാനം ചിലരുടെ ആരോഗ്യസ്ഥിതി തകർക്കും. ജോലിയിൽ മികവ് കാട്ടും. ആനുകൂല്യങ്ങൾ വർദ്ധിക്കും. വായ്പ തരപ്പെടും. സർക്കാറിൽ നിന്ന് സാമ്പത്തികമായ സഹായം ലഭിക്കും. ഗൃഹം നവീകരിക്കാൻ തീരുമാനിക്കും. കുടുംബാംഗങ്ങളുടെ ആദരവും സ്നേഹവും ലഭിക്കും. ജോലികൾ നിശ്ചിത സമയത്തിന് മുൻപ് പൂർത്തിയാക്കും.
ഓം ഘ്രും നമഃ പരായഗോപ് ത്രേ 108 തവണ ജപിക്കണം.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സാമ്പത്തികമായി അത്ര നല്ല സമയമല്ല. പല രീതിയിൽ ചൂഷണം ചെയ്യുന്ന ബന്ധുമിത്രാദികളിൽ നിന്ന് അകന്ന് നിൽക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും. വ്യാപാരത്തിൽ പുതിയ നിക്ഷേപങ്ങൾ ഇപ്പോൾ നടത്തരുത്. ഉദാസീനത കാരണം പലതരം നഷ്ടങ്ങൾ സംഭവിക്കാം. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. പ്രമുഖ വ്യക്തികളെ പരിചയപ്പെടും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. പേരും പ്രശസ്തിയും അംഗീകാരവും ലഭിക്കും. ഓം നമോ നാരായണായ നിത്യവും 108 തവണ ജപിക്കുക.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 8921709017

Summary: Predictions: This week for you

error: Content is protected !!
Exit mobile version