Friday, 20 Sep 2024

കാരാഗ്രേവസതേ ലക്ഷ്മി;ശ്രീദേവി വസിക്കുന്ന 5 സ്ഥാനങ്ങൾ

തരവത്ത് ശങ്കരനുണ്ണി
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ് ലക്ഷ്മി ദേവി. ഐശ്വര്യം അഥവാ ശ്രീ എന്നാണ് ലക്ഷ്മി എന്ന പദത്തിന്റെ അര്‍ത്ഥം. ലക്ഷ്മി ദേവിയുടെ മൂല മന്ത്രം തന്നെ ഓം ശ്രീ നമഃ എന്നാണ്. അതുകൊണ്ടാണ് ഐശ്വര്യത്തിനായി നാം ലക്ഷ്മി ദേവിയെ ഭജിക്കുന്നത്. എല്ലാ സമയവും ലക്ഷ്മീദേവി വസിക്കുന്ന 5 സ്ഥാനങ്ങൾ ആചാര്യന്മാർ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഈ 5 ഇടങ്ങളും ദിവ്യവും പരിപാവനവുമായി കരുതുന്നു.

താമരപ്പൂവ്
താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട്. ഇളം ചുവപ്പ് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത്. അതിനാൽ പത്മിനി, പത്മപ്രിയ എന്നീ പേരുകളിലും ലക്ഷ്മിദേവി അറിയപ്പെടുന്നു. താമരപ്പൂവ് പൂജയ്ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിനും ധന സമൃദ്ധിക്കുമായി താമരപ്പൂ കൊണ്ട് അർച്ചന നടത്താറുണ്ട്. മഹാവിഷ്ണുവിനും അവതാര മൂർത്തികൾക്കും താമരപ്പൂ സമർപ്പിക്കുന്ന ശ്രേഷ്ഠമായി കണക്കാക്കാറുണ്ട് അതുകൊണ്ട് തന്നെയാണ് താമരയെ ലക്ഷ്മിയുടെ പ്രതീകമായി കാണുന്നത്. അതുകൊണ്ടാണ് പാരമ്പര്യമായും മതപരമായും ആചാര പരമായുമുള്ള ചടങ്ങുകളിലും ശില്പങ്ങളിലും ചിത്രങ്ങളിലുമെല്ലാം താമര പൂവിന് ബഹുമാന്യമായ സ്ഥാനം നൽകി ആദരിക്കുന്നത്. താമരപ്പൂവിൽ വാഴും ദേവിയല്ലോ എന്ന് ലക്ഷ്മി ദേവിയെ കവി വർണ്ണിക്കുന്നതിന് കാരണം ഇതാണെന്ന് വിശ്വാസം .

കൂവളം ഇലയുടെ മറുവശത്ത്
ശിവനെ ആരാധിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല. ഇതിനു പിറകിലായി ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം. ഇത് ധാരാളം ഔഷധഗുണമുള്ള ഒരു ഇലയാണ്. ഇതില്ലാതെ ഒരു ശിവ പൂജയും പൂർണമാകില്ല. ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങൾ പോലെ മനുഷ്യന്റെ മൂന്നു ഗുണങ്ങൾ പ്രതിനിധീകരിക്കുന്ന സാത്വ, രാജ, തമസ്സ് എന്നിവയിലെ പാപങ്ങൾക്കു കൂവളത്തിന്റെ ഇലകൊണ്ട് പൂജ ചെയ്താൽ ആശ്വാസം കിട്ടും എന്നാണ് വിശ്വാസം.

ആനകളുടെ ഗജകുംഭം
ആനയുടെ നെറ്റിയിൽ ലേശം മുഴച്ചിരിക്കുന്ന രണ്ടു ഭാഗത്തെ ഗജകുംഭം എന്നാണ് പറയുന്നത്. ഈ രണ്ടു മുഴകൾക്കും നടുവിൽ മുഴച്ചിരിക്കുന്ന ഭാഗത്ത് ലക്ഷ്മി ദേവി വസിക്കുന്നെന്ന് വിശ്വാസം. ചില ക്ഷേത്രങ്ങളിൽ ആനയെ വളർത്തുകയും പരിപാലിക്കുകയും ചെയ്യാറുണ്ട് ക്ഷേത്രങ്ങളിലെ ഘോഷയാത്രയ്ക്കും ആഘോഷങ്ങൾക്കും ആനയാണ് പ്രധാന ഘടകം. ലക്ഷ്മി ദേവി ആനയുടെ തിരുനെറ്റിയിൽ വസിക്കുന്നു എന്നതാണ് ഇതിന് അടിസ്ഥാന കാരണം അതിനാൽ ആനയെ പവിത്രമായി കാണുന്നു.

പശുവിന്റെ പുറകിൽ
പശുവിന്റെ പിന്നിൽ ലക്ഷ്മിദേവി വസിക്കുന്നു എന്നാണ് കരുതുന്നത്. അതിനാൽ പശുവിനെ ആരാധിക്കുക ഹിന്ദുക്കൾക്ക് പ്രധാനമാണ്. പശുവിനെ സ്ഥിരമായി പരിപാലിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് ഐശ്വര്യവും ധനവും ഉണ്ടാകും എന്നാണ് വിശ്വാസം. പ്രത്യേകിച്ച് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രസ്തുത ആരാധനയുടെ ഭാഗമായി ആളുകൾ മഞ്ഞൾ ചലിച്ചു പശുവിന്റെ പുറകിൽ തേയ്ക്കാറുണ്ട്. ഇത് ലക്ഷ്മി പൂജയുടെ പ്രധാന ഭാഗമാണ്.

മനുഷ്യരുടെ വിരൽതുമ്പിൽ
കരാഗ്രേ വസതേ ലക്ഷ്മി എന്നാണ് പ്രമാണം. സ്വന്തം കഴിവും, പ്രയത്നവും അനുസരിച്ച് ലക്ഷ്മി ദേവി നമ്മുടെ വിരൽതുമ്പിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് രാവിലെ ഉണരുമ്പോൾ കൈവിടർത്തി വിരലുകൾ കണികാണണം എന്ന് പറയുന്നത്. ഇത് ലക്ഷ്മി ദേവിയെ കാണുന്നതിന് തുല്യമാണെന്നും അത് ഐശ്വര്യം നൽകും എന്നുമാണ് വിശ്വാസം.

അത്ഭുത ഫലസിദ്ധിയുള്ള ചില മഹാലക്ഷ്മി മന്ത്രങ്ങൾ:

ലക്ഷ്മി മൂലമന്ത്രം
ഓം ശ്രീം മഹാലക്ഷ്‌മ്യൈ നമഃ

ലക്ഷ്മി മന്ത്രം
ഓം ഹ്രീം ഹ്രീം മഹാലക്ഷ്‌മ്യൈ
ധനധാന്യ രത്‌ന സൗഭാഗ്യ സമൃദ്ധിം
മേ ദേഹി ദദാപയ സ്വാഹ:

(പാലാഴിമഥന വേളയിൽ ക്ഷീരസാഗരത്തിൽ നിന്നും ഉദ്ഭവിച്ച ലക്ഷ്മി ഭഗവതി മഹാവിഷ്ണുവിന്റെ പത്നിയാണ്. കാമദേവന്റെ മാതാവായും സങ്കല്പിക്കുന്നു.
എട്ട് ഭാവങ്ങളുള്ള മഹാലക്ഷ്മി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയും ക്രിയാശക്തിയുടെ പ്രതീകവുമാണ്. വെള്ളിയാഴ്ചകൾ, നവരാത്രി കാലം, ദീപാവലി, കൃഷ്ണാഷ്ടമി, കന്നിമാസത്തിലെ മകം തുടങ്ങിയ ദിവസങ്ങൾ ലക്ഷ്മിപൂജയ്ക്ക് ഉത്തമമാണ്. ജ്യോതിഷത്തിൽ ശുക്ര ഗ്രഹത്തിന്റെ അധിപയായ ദേവിക്കാണ് സമ്പത്ത്, സൗന്ദര്യം, ആഡംബരങ്ങൾ എന്നിവയുടെ കാരകത്വം. )

ലക്ഷ്മി ഗണേശ മന്ത്രം
ഓം ഗം ശ്രീം സർവ്വ സിദ്ധി പ്രദായ ശ്രീം ഗമം നമഃ
( ഗണേശൻ അറിവിൻ്റെയും ലക്ഷ്മി ധനത്തിൻ്റേയും ദേവതകൾ ആയതിനാൽ ഇവരെ ഒരുമിച്ചു ഭജിച്ചാൽ അറിവും സമ്പത്തും ഒപ്പം വരും)

ലക്ഷ്മി നാരായണമന്ത്രം
ഓം ശ്രീ ലക്ഷ്മി നാരായണായ നമഃ
( ലക്ഷ്മി സമ്പത്തിൻ്റേയും നാരായണൻ എല്ലാവർക്കും സംരക്ഷകനും ആയതിനാൽ ഐശ്വര്യവും ശാന്തിയും ഒന്നിച്ചു വരും)

തരവത്ത് ശങ്കരനുണ്ണി, +91 9847118340

Story summary: Five Holy places Where Goddess Lakshmi Resides and Powerful Lakshmi Mantras

error: Content is protected !!
Exit mobile version