Friday, 20 Sep 2024

കാര്യസിദ്ധിക്ക് ജലധാര തുടർച്ചയായി 7 അല്ലെങ്കിൽ 12 തവണ ചെയ്യണം

ജ്യോതിഷരത്നം വേണു മഹാദേവ്

ശിവക്ഷേത്രത്തിൽ നടത്തുന്ന മുഖ്യവും ശ്രേഷ്ഠവുമായ വഴിപാടാണ്. ജലധാര. ക്ഷിപ്രകോപിയും സംഹാരത്തിന്റെ
മൂർത്തിമദ്ഭാവവുമായ ശിവനെ ഇടമുറിയാതെ ജലം ശിരസ്സിൽ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം. കാര്യസിദ്ധി നേടാൻ ഉത്തമമായ ഈ വഴിപാട് തുടർച്ചയായി ഏഴു പ്രാവശ്യമായിട്ടോ പന്ത്രണ്ട് പ്രാവശ്യമായിട്ടോ ചെയ്യാം. ഇങ്ങനെ നടത്തുമ്പോൾ തുടർച്ചയായി 7 തിങ്കളാഴ്ച ദിവസങ്ങളിലോ മാസത്തിൽ ഒന്നു വീതം ഏഴ് മാസമോ ചെയ്യാം. മാസത്തിൽ ഒന്ന് എന്ന ക്രമത്തിലാണെങ്കിൽ ജന്മനക്ഷത്രനാളിൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

ബ്രഹ്മാവിനെ സൃഷ്ടിയുടെയും, വിഷ്ണുവിനെ സ്ഥിതിയുടെയും സാക്ഷാൽ മഹേശ്വരനെ സംഹാരത്തിന്റെയും മൂർത്തിയായി സങ്കൽപ്പിക്കുന്നു. ശിവന്റെ മൂന്നാംകണ്ണിലെ അഗ്നി ലോകത്തെ മുഴുവനും നശിപ്പിക്കുവാൻ ശക്തിയുള്ളതാണ്. ലോകാവസാന കാലത്ത് സംഹാര രൂപിയായിരിക്കുന്ന ശിവൻ തന്നെ പ്രപഞ്ചത്തെ മുഴുവൻ തന്നെയും സംഹരിക്കും എന്ന് പറയുന്നു.

ഒരിക്കൽ തന്റെ മനസ്സിലേക്ക് ഭൗതിക ചിന്തകൾ ഉണർത്തിവിടുന്നതിന് പുഷ്പശരമയച്ച കാമദേവനെ പോലും ശിവൻ മൂന്നാം കണ്ണ് തുറന്ന് ദഹിപ്പിച്ചു കളഞ്ഞു. ഇപ്രകാരം ഏറെ കോപിഷ്ഠനായി കുടികൊള്ളുന്ന
ശിവനെ ധാര എന്ന് പറയുന്ന ചടങ്ങിലൂടെ നിരന്തരം ജലഅഭിഷേകം ചെയ്ത് തണുപ്പിക്കുകയാണ് ചെയ്യുന്നത്. പഞ്ചാക്ഷരി, ശിവ അഷ്ടോത്തരം തുടങ്ങി ധാരാളം വേദമന്ത്രങ്ങൾ ധാരയ്ക്ക് ജപത്തിനായി ഉപയോഗിക്കാറുണ്ട്. സപ്തശുദ്ധി, വേദാദി, ശ്രീ രുദ്ര മന്ത്രം, ചമകം, രുദ്ര സൂക്തങ്ങൾ, പുരുഷസൂക്തം, ഭാഗ്യസൂക്തം, ആയുസൂക്തം, സംവാദസൂക്തം എന്നിവ ആണ് ധാര സമയത്ത് ജപത്തിന് സാധാരണയായി ഉപയോഗിക്കുന്നത്.

ശിവലിംഗത്തിന് മുകളിലെ ധാര പാത്രത്തിൽ, പൂജിച്ച തീർത്ഥജലം ഒഴിക്കുന്നു. ജലത്തിൽ ദർഭ കൊണ്ട് തൊട്ട് ഈ മന്ത്രം മുഴുവനും ജപിക്കുകയാണ് ചടങ്ങ്. ഈ മന്ത്രങ്ങൾ മുഴുവൻ ജപിക്കുന്നതിന് ആകട്ടെ വളരെ
കൂടുതൽ സമയം വേണ്ടിവരും. നവീകരണ കലശം, പ്രതിഷ്ഠ, ഉത്സവം തുടങ്ങിയ പ്രധാന ചടങ്ങുകൾക്ക് ധാര നടത്തുമ്പോൾ ഇപ്രകാരം എല്ലാ മന്ത്രങ്ങളും ജപിച്ച് വളരെയധികം സമയമെടുത്ത് ചെയ്യാറുണ്ട്. സാധാരണ ക്ഷേത്രങ്ങളിൽ വഴിപാട് ചെയ്യുമ്പോൾ മൂന്നു മണിക്കൂർ സമയമെടുത്ത് ഈ എല്ലാ മന്ത്രങ്ങളും ജപിക്കുക എന്നത് പ്രായോഗികമല്ല. അതിനാൽ അഷ്ടോത്തരം പോലുള്ള മന്ത്രങ്ങൾ ചിലർ ഉപയോഗിക്കുന്നു.

എള്ളെണ്ണ, നെയ്യ്, പനിനീര്, ഇളനീര്, പാൽ, എന്നിവ കൊണ്ടെല്ലാം ധാര നടത്താറുണ്ട്. എന്നാൽ ഏത് ദ്രവ്യം കൊണ്ടാണ് ധാര നടത്താൻ ഉദ്ദേശിക്കുന്നത് ആ ദ്രവ്യം ഇടമുറിയാതെ ധാരയായി ശിവലിംഗത്തിന്റെ ശിരസ്സിൽ മന്ത്രജപം കഴിയുന്നതു വരെയും വീഴുകയാണ് വേണ്ടത്. അതിനനുസരിച്ച് ദ്രവ്യങ്ങൾ അത്രയധികം കരുതേണ്ടി വരും എന്ന് സാരം.. ഈ പറഞ്ഞ വിശിഷ്ട വസ്തുക്കൾ ഒന്നുമില്ലാതെ ജലം കൊണ്ട് മാത്രമായും ധാര നടത്താം.
ഇതിനെയാണ് ജലധാര എന്ന് പറയുന്നത്. അഭിഷേകം കഴിഞ്ഞാൽ അന്നേരം തന്നെയാണ് ധാര നടത്തുക പതിവ്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017

Story Summary: Importance and Benefits of Jaladhara

error: Content is protected !!
Exit mobile version