Saturday, 23 Nov 2024

കാര്യസിദ്ധിക്ക് വിഷ്ണു മന്ത്രങ്ങളും ദശാവതാരസ്‌തോത്രവും

ജ്യോതിഷരത്നം വേണു മഹാദേവ്
സമസ്ത ചരാചരങ്ങളിലും കാരുണ്യം ചൊരിയുന്ന ഭഗവനാണ് ശ്രീമഹാവിഷ്ണു. പാലാഴിയിൽ
പള്ളികൊള്ളുന്ന വിഷ്ണു ഭഗവാൻ തന്നെ ഭജിക്കുന്ന
എല്ലാ ഭക്തരെയും അനുഗ്രഹിക്കും. ത്രിമൂർത്തികളിൽ
ആദ്യന്തരഹിതനായും ആദിനാരായണനായും പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും ദേവനായും കണക്കാക്കപ്പെടുന്ന ഭഗവാന് പ്രധാനമായും 10 അവതാരങ്ങളുണ്ട്. കലിയുഗം അവസാനിക്കുമ്പോൾ സംഭവിക്കുന്ന ഖഡ്ഗി (കല്കി), അവതാരമടക്കമാണ് ദശാവതാരങ്ങൾ. ഒരേ ഒരു സ്ത്രീ അവതാരമായ മോഹിനീ രൂപം ഉൾപ്പെടെ അനേകം അംശാവതാരങ്ങളും വിഷ്ണു ഭഗവാനുണ്ട്. വിഷ്ണുവിന്റെ എല്ലാ അവതാരങ്ങളെയും ആർക്കും ഭജിക്കാം. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കല്കി എന്നിവയാണ് ജനാർദ്ദനന്റെ ദശാവതാരങ്ങൾ.

ഏത് സങ്കട മോചനത്തിനും വിഷ്ണുവിനെ ഭജിച്ചാൽ മതി. വ്യാഴാഴ്ചയാണ് വിഷ്ണുവിനെ ഉപാസിക്കുവാൻ ഏറ്റവും നല്ലത്. അന്ന് വിഷ്ണു ക്ഷേത്ര ദർശനവും
വഴിപാടും നടത്തുന്നത് നല്ലതാണ്. പിന്നെ ഭഗവാന് ഏറ്റവും പ്രിയങ്കരമായ ദ്വാദശാക്ഷര മന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ, വിഷ്ണുസഹസ്രനാമം,
ദശാവതാരസ്‌തോത്രം, സമ്പൂർണ്ണാവതാര നമസ്‌കാരം
വിഷ്ണു മന്ത്രം, വിഷ്ണു ഗായത്രി എന്നിവ ജപിക്കാം.

ഉത്താനപാദ രാജാവിന്റെ ആദ്യ ഭാര്യയിലെ മകനായ ധ്രുവൻ വിഷ്ണു ഭഗവാനെ ദ്വാദശാക്ഷര മന്ത്രം
ചൊല്ലി തപസ് ചെയ്ത് പ്രത്യക്ഷപ്പെടുത്തിയാണ് അച്ഛന്റെ മടിയിലിരിക്കാൻ അവകാശം നേടിയത്. അച്ഛന്റെ മടിയിൽ നിന്നും ധ്രുവനെ രണ്ടാനമ്മ സുരുചി ബലമായി പിടിച്ചിറക്കിയപ്പോൾ മാതാവ് സുനീതിയുടെ അനുഗ്രഹത്തോടെ കൊട്ടാരം വിട്ടിറങ്ങിപ്പോയി
വനത്തിലിരുന്ന് തപസ് ചെയ്താണ് ഭഗവാനെ
പ്രത്യക്ഷപ്പെടുത്തിയത്. ദ്വാദശാക്ഷര മന്ത്രം ചൊല്ലി മുകുന്ദനെ ഭജിക്കാൻ ധ്രുവനെ ഉപദേശിച്ചത് സാക്ഷാൽ നാരദ മഹർഷിയാണ്. സർവ്വകാര്യ സിദ്ധിക്ക് ഉതകുന്ന ഈ മന്ത്രം നിത്യേന 108 തവണ ചൊല്ലുന്നത് ഉത്തമമാണ്.

വിഷ്ണു മന്ത്രം നിത്യേന 108 തവണ വീതം ജപിച്ചാൽ എത് കാര്യത്തിലെയും തടസം നീങ്ങും. അത്ഭുത സിദ്ധിയുള്ള വിഷ്ണു ഗായത്രി ജപം ഇഷ്ട കാര്യസിദ്ധിക്കും പാപശാന്തിക്കും ഗുണകരമാണ്.

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ ഭജിക്കുന്ന സ്‌തോത്രമാണ് ദശാവതാരസ്‌തോത്രം. വിഷ്ണു ക്ഷേത്രങ്ങളിലും വിഷ്ണു അവതാരക്ഷേത്രങ്ങളിലും ദർശനം നടത്തുമ്പോൾ ഇത് ജപിക്കുന്നത് നല്ലതാണ്. ആഗ്രഹ സിദ്ധിയാണ് ഫലം

ശ്രീ മഹാഭാഗവതത്തിൽ വിവരിച്ച വിധത്തിൽ മഹാ വിഷ്ണുവിന്റെ സമ്പൂർണ്ണാവതാരവും നമസ്‌കാര ക്രമവും നിത്യ ജപത്തിനും ക്ഷേത്ര ദർശന വേളയിൽ ജപിക്കുന്നതിനും നല്ലതാണ്.

വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹേ
തന്നോ വിഷ്ണു പ്രചോദയാൽ

വിഷ്ണു മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
വിഷ്ണവേ വിശ്വമോഹന രൂപായ
ശ്രീം പരമാത്മനേ നമഃ

ദശാവതാരസ്‌തോത്രം
മത്സ്യ: കൂർമ്മോ വരാഹശ്ച
നരസിംഹശ്ച വാമന:
രാമോ രാമശ്ച രാമശ്ച
കൃഷ്ണാ കല്കി ജനാർദ്ദന:
ഫണി ദർപ്പവിനാശായ
നീരഹങ്കാരിണേ നമഃ
നമഃ കൃഷ്ണായ ദേവായ
സുഖപൂർണ്ണായ തേ നമഃ

സമ്പൂർണ്ണാവതാര നമസ്‌കാരം
ഓം സനകായ നമഃ
ഓം നനന്ദായ നമഃ
ഓം സനാതനായ നമഃ
ഓം സനൽകുമാരായ നമഃ
ഓം വരാഹായ നമഃ
ഓം നാരദായ നമഃ
ഓം നരനാരായണായ നമഃ
ഓം കപിലായ നമഃ
ഓം ദത്താത്രേയായ നമഃ
ഓം യജ്ഞായ നമഃ
ഓം ഋഷഭായ നമഃ
ഓം പൃഥവേ നമഃ
ഓം മത്സ്യായ നമഃ
ഓം മോഹിനീരൂപായ നമഃ
ഓം കൂർമ്മായ നമഃ
ഓം ഗരുഡായ നമഃ
ഓം ധന്വന്തരമൂർത്തയേ നമഃ
ഓം നരസിംഹായ നമഃ
ഓം വാമനായ നമഃ
ഓം പരശുരാമായ നമഃ
ഓം വേദവ്യാസായ നമഃ
ഓം ശ്രീരാമായ നമഃ
ഓം ബലഭദ്രായ നമഃ
ഓം ശ്രീകൃഷ്ണായ നമഃ
ഓം ശ്രീബുദ്ധായ നമഃ
ഓം ഖർഗിനേ നമഃ

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

error: Content is protected !!
Exit mobile version