കാലനെ കൊന്ന് മഹാദേവൻ ഭക്തനെ രക്ഷിച്ച തൃപ്രങ്ങോട്
ഭഗവാന്‍ ശ്രീമഹാദേവന്റെ ഭക്തവാത്സല്യത്തിന് സുപ്രധാന ഉദാഹരണമായ മാര്‍ക്കണ്ഡേയന്റെ കഥയുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധ ശിവക്ഷേത്രം കേരളത്തിലുണ്ട്. മലപ്പുറം തിരൂരിനടുത്തുള്ള തൃപ്രങ്ങോട് ശിവ ക്ഷേത്രം. പതിനാറ് വയസു വരെ മാത്രമുളള സ്വന്തം ആയുസ് രക്ഷിക്കുവാന്‍ ശിവപൂജയുമായി കഴിയുകയായിരുന്നു മാര്‍ക്കണ്ഡേയന്‍. ആ 16 വര്‍ഷം തീരുന്ന ദിവസം അവന്റെ ആയുസ് എടുക്കാന്‍ പോത്തിന്റെ പുറത്തേറി കാലനെത്തുമ്പോള്‍ മാര്‍ക്കണ്ഡേയന്‍തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയായിരുന്നു. പെട്ടെന്ന് യമനെ തന്റെ പിന്നിൽ കണ്ട് ഭയപ്പെട്ട അവന്‍ ശ്രീലകത്ത് ഓടിക്കയറി നാവാമുകുന്ദനെ ശരണം പ്രാപിച്ചു. കാലനെ കീഴടക്കാന്‍ ശിവനേ കഴിയൂ, അതിനായി മഹാദേവനെ ശരണം പ്രാപിക്കാന്‍ തൃപ്രങ്ങോട്ട് ക്ഷേത്രത്തില്‍ പോകാൻ നാവാമുകുന്ദന്‍ അശരീരി മുഴക്കി. അവിടെയെത്തും വരെ കാലനില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ക്കണ്ഡേയന് പന്ത്രണ്ട് കല്ലുകളും സമ്മാനിച്ചു. ശ്രീകോവിലിന്റെ പിന്നില്‍ പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ടാക്കി നാവാമുകുന്ദന്‍ അവന് രക്ഷാമാർഗ്ഗം കാട്ടുകയും ചെയ്തു. മാര്‍ക്കണ്ഡേയന്‍ അതിലൂടെ ഇറങ്ങിയോടി. തുടര്‍ന്ന് അടച്ച ആ വാതില്‍ പിന്നീട് ഇതുവരെ തുറന്നിട്ടില്ല. നാവാമുകുന്ദന്‍ പറഞ്ഞതുപോലെ കാലന്‍ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളിലെല്ലാം മാര്‍ക്കണ്ഡേയന്‍ കയ്യിലുള്ള കല്ലുകളെടുത്ത് പിന്നോട്ടെറിഞ്ഞ് ഓടി. കല്ലുകള്‍ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ എത്തും മുമ്പ് തീര്‍ന്നു. എന്നിട്ടും എങ്ങനെയോ ഓടി ശ്രീകോവിലില്‍ കയറി അവിടത്തെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു.
കോപാക്രാന്തനായ കാലന്‍ ഉടനെ അവനുനേരെ കയര്‍ എറിഞ്ഞു. മാര്‍ക്കണ്ഡേയനും ശിവലിംഗവും അതില്‍ പെട്ടു. അപ്പോള്‍ ശിവലിംഗത്തില്‍ നിന്ന് സാക്ഷാല്‍ മഹാദേവന്‍ തന്നെ ഉദ്ഭവിച്ച് കാലാന്തകനായി. ക്രുദ്ധനായ ഭഗവാന്‍ ത്രിശൂലം കൊണ്ട് കാലനെ വധിച്ച് മാര്‍ക്കണ്ഡേയനെ അനുഗ്രഹിച്ച് ചിരഞ്ജീവിയാക്കി. പിന്നീട് ശ്രീകോവിലില്‍ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറ് ഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തില്‍ ശൂലം കഴുകി, ഇപ്പോള്‍ പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു. ഇതാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രത്തിന്റെ ഐതിഹ്യം.
മരണഭയത്തില്‍ നിന്നും രോഗ ദുരിതങ്ങളില്‍ നിന്നും ഭക്തരെ രക്ഷിക്കുന്ന കാലകാലനാണ്, മൃത്യുഞ്ജയനാണ് ഇവിടെ ശിവ ഭഗവാന്‍. കാല സംഹാരമൂര്‍ത്തി സങ്കല്പത്തിലുള്ള പ്രധാന വിഗ്രഹത്തിന് പുറമെ 4 ശിവ പ്രതിഷ്ഠകള്‍ കൂടി ഇവിടെയുണ്ട്. പരശുരാമ പ്രതിഷ്ഠിതമായ, മാര്‍ക്കണ്ഡേയന്‍ ചുറ്റിപ്പിടിച്ചു കിടന്ന അത്യുഗ്രമൂര്‍ത്തിയായ കാരണത്തിലപ്പനും മഹാദേവന്‍ മൂന്ന് ചുവടു വച്ച സ്ഥാനങ്ങളിലുളള മറ്റ് ശിവ പ്രതിഷ്ഠകളും. എല്ലാം പടിഞ്ഞാറ് ദര്‍ശനം. പുറമെ ഗണപതി, ദക്ഷിണാമൂര്‍ത്തി, ശ്രീകൃഷ്ണന്‍ , അയ്യപ്പന്‍,പാര്‍വ്വതി, വേട്ടയ്‌ക്കൊരുമകന്‍, ഭദ്രകാളി, ബ്രഹ്മരക്ഷസ് എന്നിവര്‍ക്കും പ്രതിഷ്ഠകളുണ്ട്.
കാലാന്തക മൂര്‍ത്തിയുടെ സന്നിധിയിലെ പ്രധാന വഴിപാട് ശംഖാഭിഷേകമാണ്. ക്ഷേത്രക്കുളത്തില്‍ നിന്നെടുക്കുന്ന തീര്‍ത്ഥം ശംഖില്‍ നിറച്ച് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. മറ്റൊരു പ്രധാന വഴിപാട് ദീര്‍ഘായുസും രോഗ മുക്തിയുമേകുന്ന മഹാമൃത്യുഞ്ജയഹോമമാണ്. കാലസംഹാരകന്‍ ആയതിനാല്‍ ഇവിടുത്തെ മഹാമൃത്യുഞ്ജയ ഹോമത്തിന് കൂടുതല്‍ പ്രാധാന്യവും ഫലസിദ്ധിയുമുണ്ട്. മഹാമൃത്യുഞ്ജയമായ ‘ഓം ത്രയംബകം യജാമഹേ ….’ മന്ത്രം ജപിച്ചുകൊണ്ടാണ് ഈ ഹോമം നടത്തുന്നത്. പിന്‍വിളക്ക്, കൂവളമാല, ഉദയാസ്തമനപൂജ, ഉമാമഹേശ്വരപൂജ, തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകള്‍. ഗണപതിയ്ക്ക് ഒറ്റയപ്പവും പാര്‍വ്വതീദേവിക്ക് പട്ടും താലിയും ചാര്‍ത്തുന്നതും പായസം നേദിക്കുന്നതും പ്രധാനമാണ്. ധനു മാസത്തിൽ തിരുവാതിരയ്ക്കാണ് തിരുവുത്സവം; ശിവരാത്രിയും പ്രധാനമാണ്.