Friday, 20 Sep 2024

കാലഭൈരവ ജയന്തിരാഹു – ശനി ദോഷം അകറ്റി സർവകാര്യ വിജയമേകും

സരസ്വതി ജെ. കുറുപ്പ്
ശിവന്റെ പ്രചണ്ഡമായ ഭാവമായ കാലഭൈരവ ജയന്തിയാണ് 2023 ഡിസംബർ 5 ചൊവ്വാഴ്ച. അന്ന് വ്രതമെടുത്ത് കാലഭൈരവനെ പൂജിച്ചാൽ രാഹു – ശനിദോഷങ്ങൾ ഒഴിയുന്നതിനൊപ്പം പാപമോചനവുമുണ്ടാകും. ഉപവാസത്തോടെയാണ് ഈ വ്രതമെടുക്കുന്നതെങ്കിൽ എല്ലാ തടസങ്ങളും അകന്ന് സർവകാര്യ വിജയമുണ്ടാകും.

വിനാശത്തെ നിയന്ത്രിക്കുന്ന രൗദ്ര ശിവരൂപമായാണ് കാലഭൈരവൻ. ശരീരത്തിൽ സർപ്പങ്ങളെയും, കപാലത്തിന്റെ മാലയും ആഭരണങ്ങൾ. നായയുടെ പുറത്തേറിയാണ് സഞ്ചാരം. ശിവന്റെ രൗദ്രരൂപങ്ങളായ 8 ഭൈരവന്മാരിൽ ആദ്യത്തേതാണ് കാലഭൈരവൻ.
ആ അഷ്ട ഭാവങ്ങൾ:

  1. കാലഭൈരവൻ
  2. അസിതാംഗ ഭൈരവൻ
  3. സംഹാര ഭൈരവൻ
  4. രുരു ഭൈരവൻ
  5. ക്രോധ ഭൈരവൻ
  6. കപാല ഭൈരവൻ
  7. രുദ്ര ഭൈരവൻ
  8. ഉന്മത്ത ഭൈരവൻ

കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്. പ്രപഞ്ചത്തിന്റെ പ്രയാണം നിർണ്ണയിക്കുന്നത് ഭൈരവനാണത്രേ. നേരം കൊല്ലുന്ന പ്രവണത അവസാനിപ്പിക്കാനും സമയം ബുദ്ധിപൂർവ്വം വിനിയോഗിച്ച്
ജീവിതം വിജയകരമാക്കാനും ഭൈരവമൂർത്തിയെ പൂജിച്ചാൽ മതി.

ഭഗവാൻ ശ്രീ പരമേശ്വരൻ ഭൈരവ അവതാരമെടുത്തതിന് ഒരു ഐതിഹ്യമുണ്ട്: ഒരിക്കൽ ബ്രഹ്മാവും മഹാവിഷ്ണുവും ശിവനും തമ്മിൽ ആരാണ് സർവ്വശക്തൻ എന്ന തർക്കമുണ്ടായി. പ്രശ്നം പരിഹരിക്കാൻ ത്രിമൂർത്തികളും മുനിമാരും സിദ്ധൻമാരും ദേവന്മാരും ഒത്തുചേർന്നു. ബ്രഹ്മാവ് ഒഴികെ എല്ലാവരും ശിവനാണ് അതിശക്തനെന്ന് അംഗീകരിച്ചു. തർക്കം തുടർന്നു. അതിനിടയിൽ ബ്രഹ്മാവ്‌ ശിവനെ ആക്ഷേപിച്ചു. കോപാകുലനായ ശിവൻ ബ്രഹ്മാവിന്റെ അഞ്ചു തലകളിൽ ഒരെണ്ണം അറുത്തുമാറ്റി. കലിയടങ്ങാതെ ശിവൻ ഭീകരമായ പ്രളയം സൃഷ്ടിച്ചു. മൂന്നു ലോകങ്ങളും നടുങ്ങി. പ്രളയത്തിനിടയിൽ ശിവന്റെ രൗദ്ര രൂപമായ
ഭൈരവൻ കറുത്ത പട്ടിയുടെ മുതുകിലിരുന്ന് പ്രത്യക്ഷപ്പെട്ടു. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുവാൻ കയ്യിൽ ദണ്ഡുമേന്തി വന്ന ഭൈരവനെ ദണ്ഡപാണിയെന്നും അറിയപ്പെട്ടു. ഉഗ്രരൂപമായ ഭൈരവനെ കണ്ടതോടെ ആരാണ് കൂടുതൽ ശക്തനെന്ന സംശയം ബ്രഹ്മാവിനും തീർന്നു.
തന്റെ തെറ്റിന് ക്ഷമ ചോദിച്ചു. അപ്രതീക്ഷിത സംഭവങ്ങളിൽ പരിഭ്രാന്തിയിലായ മറ്റു ദേവതകളും പരമശിവനോടും, ഭൈരവ ഭഗവാനോടും ബ്രഹ്മാവിനോട് പൊറുക്കുവാൻ അപേക്ഷിച്ചു. ശാന്തനായ ശിവൻ ബ്രഹ്മാവിനോട് പൊറുത്തു; അഞ്ചാം ശിരസ് പുന:സ്ഥാപിച്ചു.

നവഗ്രഹങ്ങളെയും 12 രാശികളെയും അഷ്ടദിക്പാലകരെയും തന്റെ നിയന്ത്രണത്തിലാക്കിയ ഭൈരവനെ വണങ്ങിയാൽ സകല ദോഷങ്ങളിൽ നിന്നും മോചനം ലഭിക്കും. ഭൈരവ ഉപാസകാരെ ശനി ഭഗവാൻ ഒരു രിതിയിലും ഉപദ്രവിക്കാറില്ല. ഭൈരവന് 64 മൂർത്തീ രൂപങ്ങളുണ്ട്. കാശിയിൽ കാലചക്രത്തെ നിയന്ത്രിക്കുന്ന ഭൈരവമൂർത്തി കാലഭൈവരനായി വാണരുളുന്നു.

“ഓം ദിഗംബരായ വിദ് മഹേ
ദീർഘദർശനായ ധീമഹി
തന്വോ ഭൈരവ: പ്രചോദയാത്.”

ഈ ഭൈരവ ഗായത്രി നിത്യവും ജപിക്കുന്നവർക്ക് ജീവിതം എല്ലാ അർത്ഥത്തിലും സുരക്ഷിതമാകും. കാല ഭൈരവനെ ആരാധിക്കുന്ന സന്യാസി സമൂഹമാണ് അഘോരികൾ. മറ്റു സന്യാസി സമൂഹത്തിന്റെ ആരാധനാ ക്രമങ്ങളല്ല അഘോരികളുടേത്. അഘോരി എന്നാണ് മഹാദേവന്റെ പഞ്ചമുഖങ്ങളിൽ ഒന്നിന്റെ നാമം. ഭീഷണം, ഭയജനകം എന്നൊക്കെയാണ് ഭൈരവൻ എന്ന പദത്തിന്റെ അർത്ഥം.

‘ഭ’ കാരം = ഭരണം , നിലനിറുത്തൽ

‘ര’ കാരം = പിൻവലിയൽ

‘വ ‘ കാരം = പ്രപഞ്ചസൃഷ്ടി

ഹൈന്ദവർക്കും ബുദ്ധർക്കും ജൈനർക്കും ഒരുപോലെ ആരാധ്യനാണ് ഭൈരവമൂർത്തി. ക്ഷേത്രങ്ങളുടെ സംരക്ഷകനാകയാൽ കാലഭൈരവനെ ക്ഷേത്രപാലകനെന്നും പറയും. യാത്ര പുറപ്പെടും മുമ്പ് ഭൈരവനെ പ്രാർത്ഥിക്കണമെന്ന് സിദ്ധൻമാർ വിധിച്ചിട്ടുണ്ട്. ശനീശ്വരന്റെ ഗുരുവാണ് കാല ഭൈരവമൂർത്തി എന്നും സങ്കല്പമുണ്ട്.

കാർത്തിക മാസത്തിലെ കറുത്തപക്ഷ അഷ്ടമിക്കാണ് ശിവൻ ഭൈരവ രൂപമെടുത്ത കാല ഭൈരവ ജയന്തി. എല്ലാ മാസവും കറുത്തപക്ഷ അഷ്ടമിക്ക് ഭൈരവ ജയന്തി പൂജ നടത്തപ്പെടുന്നുണ്ടെങ്കിലും കാലഭൈരവ ജയന്തി ദിവസം നടത്തുന്ന പൂജകൾക്കും പ്രാർത്ഥനകൾക്കും എറെ പ്രാധാന്യവും പെട്ടെന്നുള്ള ഫലസിദ്ധിയുമുണ്ട്.

ഉഗ്രരൂപിയും കാലത്തിന്റെ അധിപനുമായ ശിവനെ ദണ്ഡപാണിയായ കാലഭൈരവ രൂപത്തിൽ ഈ ദിവസം പ്രാർത്ഥിച്ചാൽ എല്ലാ കഷ്ട നഷ്ടങ്ങളിൽ നിന്നും ദുഷ്ട ശക്തികളിൽ നിന്നുമുള്ള മോചനമുണ്ടാകും. ദൃഷ്ടിദോഷങ്ങൾ ഒഴിയും.

കാലഭൈരവ ജയന്തി ആചരിക്കുന്നവർ അന്ന് അതി കാലത്ത് ഉണർന്ന് കുളിച്ച് ക്ഷേത്ര ദർശനം നടത്തി ശിവനും പാർവ്വതിക്കും
പൂക്കളും ഫലങ്ങളും മധുരവും സമർപ്പിച്ച് വേണം കാലഭൈരവ
പൂജ ചെയ്യണ്ടത്. അന്ന് പിതൃതർപ്പണം നടത്തുകയും ഭൈരവ ഭഗവാന്റ വാഹനമായ നായക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുകയും ഈ ദിവസത്തെ ആചാരങ്ങളാണ്. ശുദ്ധമായ മനസ്സോടു കൂടി കാല ഭൈരവ പൂജ ചെയ്യുന്നവർക്ക് രോഗ ശാന്തിയടക്കമുള്ള എല്ലാം നിശ്ചയമായും ലഭിക്കും.

ഇന്ത്യയിൽ പ്രശസ്തമായ 96 കാലഭൈരവ ക്ഷേത്രങ്ങളുണ്ട്. കൂടുതലും തമിഴ്നാട്ടിലാണ് – 20 എണ്ണം. നേപ്പാളിൽ 16 കാല ഭൈരവ ക്ഷേത്രങ്ങളുണ്ട്. യു എസ്സ്, മൗറീഷ്യസ് സിംഗപ്പൂ ർ, ഇന്തോനേഷ്യ എന്നിവ അടക്കം പല രാജ്യങ്ങളിലും കാല ഭൈരവ ക്ഷേത്രങ്ങളുണ്ട്.

Story Summary: Significance of Kala Bhirava Vritham


error: Content is protected !!
Exit mobile version