കാസർകോട് അനന്തപുരം ക്ഷേത്രത്തിലെ
അത്ഭുത മുതലയ്ക്ക് അന്ത്യാഞ്ജലി
അനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന അത്ഭുത മുതല വിഷ്ണു ഭാഗവാൻ്റെ തൃപ്പാദങ്ങളിൽ ലയിച്ചു. എഴുപത്തിയേഴ് വയസ്സുള്ള ഈ മുതല ഞായറാഴ്ച രാത്രിയാണ് മരിച്ചതായി സ്ഥിരീകരിച്ചത്. പ്രഭാത പൂജയ്ക്കും, ഉച്ച പൂജയ്ക്കും ശേഷമുള്ള നിവേദ്യ ചോറായിരുന്നു ബബിയയുടെ ആഹാരം. പൂജാരി വിളിക്കുന്ന സമയം ബബിയ ഹാജരാകും. പൂജാരി തന്നെ ചോറ് വായിൽ വച്ച് കൊടുക്കും. സസ്യാഹാരിയായ ലോകത്തിലെ ഒരേയൊരു മുതലയായിരുന്നു ബബിയ. ക്ഷേത്ര പൂജാരി ബബിയയുടെ വായിലേക്ക് ഭക്ഷണം വച്ച് കൊടുക്കുന്നത് പണ്ട് പണ്ടേ സംസാരമായ കാര്യമാണ്. പൂജാരി നല്കുന്ന പ്രസാദമല്ലാതെ മറ്റൊന്നും വിഷ്ണുഭക്തയായ ബബിയ കഴിച്ചിരുന്നില്ല. ഇടയ്ക്ക് തടാകത്തിൽ നിന്ന് കയറി വന്ന് ശ്രീകോവിലിൻ്റെ മുന്നിൽ എത്തി ഭഗവാനെ ദർശിക്കുകയും ചെയ്യുമായിരുന്നു ബബിയ. ക്ഷേത്രത്തിൽ ഭക്തരില്ലാത്ത സമയങ്ങളിൽ ബബിയ ക്ഷേത്രത്തെ മൂന്ന് തവണ വലം വയ്ക്കുമായിരുന്നു എന്നും ഭക്തർ പറയുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസർകോട് അനന്തപുരം ക്ഷേത്രം എന്നാണ് വിശ്വാസം.
ക്ഷേത്രക്കുളത്തിലെ ഗുഹയിൽ കഴിഞ്ഞിരുന്ന ഈ മുതലയെക്കുറിച്ച് പ്രസിദ്ധമായ മറ്റൊരു വിശ്വാസവും ഉണ്ട്. 1945ൽ ബ്രിട്ടിഷ് സൈനികർ ക്ഷേത്രതടാകത്തിൽ കണ്ട ബബിയ എന്ന മുതലയെ വെടിവെച്ച് കൊന്നെന്നും, ദിവസങ്ങൾക്കുള്ളിൽ മറ്റൊരു മുതല വീണ്ടും അവിടെ പ്രത്യക്ഷപ്പെട്ടുവെന്നുമാണ് വിശ്വാസം. ക്ഷേത്രനടയിൽ വരെ എത്താറുണ്ടായിരുന്ന ബബിയ ആരെയും ഒരിക്കലും ഉപദ്രവിച്ചിട്ടില്ല എന്നത് വലിയ അത്ഭുതമാണ്.
ഇന്ത്യയിലെ ഒരേയൊരു തടാക ക്ഷേത്രമാണ് കാസർകോട് കുമ്പളയിലുള്ള അനന്തപത്മനാഭ സ്വാമി ക്ഷേത്രം. ക്ഷേത്രത്തിൽ എത്തുന്ന ചിലർ ബബിയയെ തൊട്ട് സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. ബബിയയുടെ മൃതദേഹം ക്ഷേത്ര പരിസരത്ത് മൊെബൈൽ മോർച്ചറിയിൽ വച്ച് പൊതു ദർശനം നടത്തിയതിന് ശേഷം ആചാരപരമായാണ് സംസ്കാരം നടത്തിയത്.