Friday, 22 Nov 2024

കാർത്തിക വിളക്ക്, തൃക്കാർത്തിക, പൗർണ്ണമി; ഈ ആഴ്ചയിലെ നക്ഷത്ര ഫലം

(2023 നവംബർ 26 – ഡിസംബർ 2 )

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
കാർത്തിക വിളക്കും തൃക്കാർത്തികയും വൃശ്ചിക മാസത്തിലെ പൗർണ്ണമിയുമാണ് 2023 നവംബർ 26 ന് ഭരണി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് കാർത്തിക വിളക്ക് ആഘോഷം നടക്കുക. അസ്തമയത്തിൽ കാർത്തിക നക്ഷത്രം ഉള്ള ദിവസമാണ് വീടുകളിലും ക്ഷേത്രങ്ങളിലും കാർത്തിക ദീപങ്ങൾ കൊളുത്തുക. എന്നാൽ തൃക്കാർത്തിക മഹോത്സവവും വൃശ്ചികത്തിലെ കാർത്തിക പിറന്നാളും ആചരിക്കുന്നത് ഉദയത്തിന് ശേഷം 6 നാഴിക കാർത്തിക നക്ഷത്രം ഉള്ള ദിവസമായ നവംബർ 27 തിങ്കളാഴ്ചയാണ്. ചില ദേവീ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും വലിയ ആഘോഷമാണ് പൗർണ്ണമിയിൽ കാർത്തിക വരുന്ന തൃക്കാർത്തിക. വൃശ്ചികത്തിലെ പൗർണ്ണമി വരുന്ന ഈ ദിവസമാണ് പൗർണ്ണമി വ്രതവും ചിലർ ഉമാ മഹേശ്വര വ്രതവും ആചരിക്കുന്നത്. കാർത്തിക മാസത്തിലെ പൗർണ്ണമിയാണ് ഇക്കൂട്ടർ ഉമാ മഹേശ്വര വ്രതമായി കണക്കാക്കുന്നത്. ഡിസംബർ 3 ന് ആയില്യം നാളിൽ വാരം തീരും. ഈ ആഴ്ചയിലെ നക്ഷത്ര ഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നിരന്തരം ശ്രമിക്കും. ആരോഗ്യം പുഷ്ടിപ്പെടും. പല രീതിയിൽ പണം സമ്പാദിക്കും. വീട്ടുചെലവ് വർദ്ധിക്കും. കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം നൽകുന്നത് ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. പങ്കാളിയെ അനുനയിപ്പിക്കാൻ ശ്രമിക്കും. ഒരു യാത്ര പോകാൻ ആലോചിക്കും. ആർക്കും അമിത പ്രതീക്ഷകളും വാഗ്ദാനവും നൽകരുത്. വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം ചില ജോലികൾ പൂർത്തിയാക്കാൻ കഴിയില്ല. ദിവസവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2 )
ജീവിതത്തിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കും. വ്യത്യസ്തമായ ആശയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കും. ആരോഗ്യവും സൃഷ്ടിപരമായ കഴിവുകളും മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ധനപരമായ കാര്യങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കും . കുടുംബാംഗങ്ങളുമായി തർക്കിക്കും. വീട്ടിൽ നിന്ന് അകന്നു നിൽക്കേണ്ടി വരും. അലസത കീഴടക്കാൻ അനുവദിക്കരുത്. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കും. ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഓം ശ്രീം നമഃ ദിവസവും 108 തവണ വീതം ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1,2,3)
നല്ല വിശ്രമം ആവശ്യമാണ്. സൃഷ്ടിപരമായി ചിന്തിക്കും. ആരോഗ്യവും കർമ്മ ശേഷിയും മെച്ചപ്പെടും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. ധനം സമ്പാദിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും . നിഷേധാത്മക സമീപനം ഒഴിവാക്കണം..മറ്റുള്ളവർക്ക് അർഹിക്കുന്ന പ്രാധാന്യം നൽകണം. പങ്കാളിയെ തെറ്റിദ്ധരിപ്പിക്കരുത്. ജോലിയിൽ ഉയരുന്നതിന് കുറുക്കുവഴികൾ തേടും. ചില കുടുംബാംഗങ്ങളിൽ നിന്ന് അകന്നു നിൽക്കും. നിയമ വിരുദ്ധമായി ഒന്നും തന്നെ ചെയ്യരുത്. ഓം നമോ ഭഗവതേ വാസുദേവായ ദിവസവും 108 തവണ ജപിക്കുക.

കര്‍ക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യം നിലനിർത്താൻ പതിവായി വ്യായാമവും യോഗയും ചെയ്യും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. സങ്കീർണമായ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാനാകും. കുടുംബാംഗത്തെ സാമ്പത്തികമായി സഹായിക്കും. കുടുംബജീവിതം സന്തോഷം പ്രദാനം ചെയ്യും. ദേഷ്യം കുറയ്ക്കാൻ ശ്രമിക്കണം. ദാമ്പത്യ ബന്ധം പരസ്പര ധാരണയിലൂടെ ശക്തിപ്പെടുത്തും. ജോലി സ്ഥലത്ത് സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കണം. വിദൂരയാത്രകൾ ഒഴിവാക്കാനാകില്ല. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ചെലവുകൾ നിയന്ത്രിക്കണം. കൃത്യമായ ബജറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം പണം ചെലവഴിക്കണം. ബന്ധുക്കളുടെ ഗൃഹങ്ങൾ സന്ദർശിക്കുന്നത് തിരക്കേറിയ ജീവിതത്തിൽ കുറച്ച് ആശ്വാസവും വിശ്രമവും നൽകും. കുടുംബപരമായ ആവശ്യങ്ങൾക്ക് സമയം കണ്ടെത്തും. ദാമ്പത്യത്തിൽ തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടുകയും പരസ്പരം കൂടുതൽ അടുക്കുകയും ചെയ്യും. ആരോഗ്യം അൽപ്പം മെച്ചപ്പെടും. ബിസിനസ്സിൽ എല്ലാ വിധത്തിലുള്ള മുൻകാല നഷ്ടങ്ങളും നികത്തും. വീട്ടിൽ നിന്ന് അകന്ന് കഴിയുന്നവർക്ക് കുടുംബാംഗങ്ങളെ കാണാൻ അവസരം ലഭിക്കും. ഓം ശരവണ ഭവഃ എന്നും 108 ഉരു ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2 )
വ്യത്യസ്തമായ പ്രവർത്തന ശൈലിയിലൂടെ നിരവധി ആളുകളെ ആകർഷിക്കും. വ്യാപാരികൾക്ക് കൂടുതൽ ഗുണം ലഭിക്കും. പുതിയ നിക്ഷേപകരെ കണ്ടെത്താൻ കഴിയും. പ്രണയബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത കൂടുതലാണ്. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും.ജോലിസ്ഥലത്ത് മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കും. അനാവശ്യമായി ആർക്കും പണം നൽകരുത്. പഴയ തെറ്റായ തീരുമാനങ്ങൾ മാനസിക അസ്വസ്ഥതയ്ക്കും കുടുംബപരമായ വിഷമങ്ങൾക്കും കാരണമാകും. ഓം നമോ നാരായണായ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3 )
ഭൂമി അല്ലെങ്കിൽ ആഭരണങ്ങൾ സ്വന്തമാക്കും. ഗൃഹ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഒരു യാത്ര പരിപാടി പിന്നത്തേക്ക് മാറ്റിവെക്കാം. മികച്ച ലാഭത്തിന് സാധ്യതയുള്ള നിക്ഷേപങ്ങൾ നടത്താൻ കഴിയും. ബിസിനസ്സ് ഇടപാടുകളിൽ പ്രത്യേക ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിത പങ്കാളിക്ക് പ്രധാനപ്പെട്ട ചില ജോലികൾക്കായി വിദൂരത്ത് പോകേണ്ടിവരാം. ലക്ഷ്യങ്ങൾ നേടുന്നതിന് കൃത്യമായി ആസൂത്രണം ചെയ്ത മുന്നോട്ട് പോകുകയും ജാഗ്രത പാലിക്കുകയും ചെയ്യും. ഓം വചത്ഭുവ നമഃ ദിവസവും രാവിലെയും വൈകിട്ടും 108 ഉരു ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
സമയത്തിന്റെയും പണത്തിന്റെയും വില മനസ്സിലാക്കി പ്രവർത്തിക്കണം.സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കാം. ഇത് കാരണം പല തരത്തിലെ പ്രശ്‌നങ്ങളും നേരിടേണ്ടിവരും. സുപ്രധാന തീരുമാനങ്ങൾ എടുക്കും മുമ്പ്, തീർച്ചയായും കുടുംബത്തിന്റെ അഭിപ്രായം തേടേണ്ടതാണ്. ആരോഗ്യം മെച്ചമാകും. പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. കഠിനാധ്വാനത്തിന് അനുകൂല ഫലങ്ങൾ ലഭിക്കും. വാഹനം മാറ്റി വാങ്ങും. ഓം ഭദ്രകാള്യൈ നമഃ നിത്യവും 108 ഉരു വീതം ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ പണം ശ്രദ്ധാപൂർവം നിക്ഷേപിക്കണം.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കുടുംബ സമാധാനത്തെ ബാധിക്കും. പ്രണയവിവാഹം നടത്താൻ തീരുമാനിക്കും. ജീവിത പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാകും. മാനസികമായ സമ്മർദ്ദം വളരെ കൂടുതൽ നേരിടേണ്ടി വരും. കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങൾ ലഭിക്കും. പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് നേരിടും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1,2)
അത്യാഗ്രഹം ഒരു വലിയ പ്രശ്‌നത്തിൽ അകപ്പെടുത്താം. സഹോദരങ്ങളുടെ പൂർണ്ണമായ പിന്തുണ ലഭിക്കും. കുടുംബജീവിതം സുഗമമായി മുന്നോട്ട് പോകും. പ്രണയ ജീവിതം സന്തോഷകരമാകും. ഒരു പ്രത്യേക വ്യക്തിയെ ജോലിസ്ഥലത്ത് വച്ച് കണ്ടുമുട്ടാൻ കഴിയും. വെല്ലുവിളി അതിജീവിക്കാനാകും. കഠിനാധ്വാനത്തിന് ഫലം കിട്ടും. അമിത ആഗ്രഹമാണ് ഏറ്റവും വലിയ ശത്രു എന്ന കാര്യം മനസ്സിലാകും. നിയമവിരുദ്ധ കാര്യങ്ങൾ ഒഴിവാക്കുക.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4 ചതയം, പൂരുരുട്ടാതി 1,2,3)
ഉറ്റ കുടുംബാംഗങ്ങളുമായി നല്ല നിമിഷങ്ങൾ ചെലവിടും. മാനസികമായ സമ്മർദ്ദങ്ങളിൽ നിന്നും മോചനം നേടാൻ കഴിയും. ഭൂമിയുമായി ബന്ധപ്പെട്ട വ്യവഹാര തീരുമാനം അനുകൂലമായി വരും. കുടുംബവും സുഹൃത്തുക്കളും ഒരു പോലെ ഒപ്പം നിൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ജോലിയിൽ പുരോഗതി കൈവരിക്കും. വിജയത്തിന്റെ ലഹരി മനസ്സിൽ ആധിപത്യം സ്ഥാപിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദാമ്പത്യ / പ്രണയ ജീവിതത്തിൽ നല്ലതായ മാറ്റങ്ങൾ സംഭവിക്കും. ദേഷ്യം കുറയ്ക്കാൻ ശ്രമിക്കണം. ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
സാമ്പത്തികമായ തർക്കത്തിൽ നിന്ന് മോചനം ലഭിക്കും. ചില പ്രശ്നങ്ങൾ സാഹചര്യം വഷളാകുന്നതിനുമുമ്പ് പരിഹരിക്കാൻ കഴിയും. നിയമപരമായ കുഴപ്പങ്ങളിൽ നിന്നും ഭാഗ്യത്തിന് രക്ഷപ്പെടും. ആരോഗ്യ സ്ഥിതി വളരെ അനുകൂലമായിരിക്കും. പ്രതികൂലമായ സാഹചര്യത്തിൽ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിക്കും. പങ്കാളിയുമായി ചെറിയ പിണക്കം തീർക്കാൻ കഴിയും. സഹപ്രവർത്തകരുടെ എതിർപ്പുകൾ നേരിടും. ഓം നമോ നാരായണായ നിത്യവും 108 ഉരു ജപിക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
91 9847575559

Summary: Predictions: This week for you

error: Content is protected !!
Exit mobile version