കിഴികെട്ടി വഴിപാടിന് സാമ്പത്തിക ഉന്നതി
കിഴി കെട്ടുക എന്ന് കേൾക്കുമ്പോൾ ഒരു പിടി അവിൽക്കിഴിയുമായി സതീർഥ്യനെ കാണാനെത്തിയ കുചേലനെയാണ് ഓർക്കുക. ആ അവിൽ പൊതിയാൽ അദ്ദേഹത്തിന്റെ ദാരിദ്ര്യം നീങ്ങിയ കഥ എല്ലാവർക്കും പരിചിതവുമാണ്. ഭഗവാനെ കണ്ടപ്പോൾ എല്ലാം മറന്ന്, ഒന്നും ആവശ്യപ്പെടാതെ തിരിച്ചുപോയ കുചേലന് ഈ ലോകത്തുള്ള സർവൈശ്വര്യങ്ങളും അനുഗ്രഹവും ഭഗവാൻ നല്‍കി. അതിനാൽ ഈ ദിനത്തിൽ അവിൽക്കിഴി ഭഗവാന് വഴിപാടായി സമർപ്പിക്കുന്നതിലൂടെ ദാരിദ്ര്യം നീങ്ങുമെന്ന് മാത്രമല്ല കുടുംബത്തിൽ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുകയും ചെയ്യുമെന്നാണ് വിശ്വാസം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് ഭഗവാൻ കുചേലനെ കുബേരനാക്കിയ ദിവസം.ഈ വർഷം ഡിസംബർ 18 നാണ് കുചേലദിനം വരുന്നത്. ദാരിദ്ര്യം നീങ്ങാൻ കുചേലദിനത്തിൽ അവിൽ കിഴി കെട്ടി ഭഗവാന് സമർപ്പിക്കുന്ന വഴിപാട് മിക്ക വിഷ്ണു ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലുമുണ്ട്.
ഗുരുവായൂരില്‍ കുചേലദിനം വളരെ പ്രധാനമാണ്. കുചേലദിനത്തില്‍ ഗുരുവായൂരപ്പന് ആയിരങ്ങള്‍ അവില്‍നിവേദ്യം വഴിപാടായി സമർപ്പിക്കും. ഈ ദിവസം അവിൽ ദാനമായി നല്‍കുന്നതും ഉത്തമമാണെന്നാണ് വിശ്വാസം.
നിത്യേന ഒരു നാണയം നീക്കിവച്ച് ക്ഷേത്ര ദർശനം നടത്തുന്ന അവസരത്തിൽ ശ്രീകൃൃഷ്ണ ഭഗവാന് കിഴികെട്ടി സമർപ്പിക്കുന്നത് ദാരിദ്ര്യദുഃഖം നീങ്ങാനും ധനധാന്യ വർധനയ്ക്കും ഉത്തമമാണ്. എപ്പോഴെങ്കിലും വഴിപാട് നേർന്നത് മറന്നുവെങ്കിൽ ഒരു പിടി നാണയം കിഴികെട്ടി വഴിപാട് നേർന്ന ഭഗവാാന്റെ അല്ലെങ്കിൽ ഭഗവതിയുടെ ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് പരിഹാരമാണ്. തെറ്റു പണം എന്ന സങ്കല്പത്തിൽ മൂന്ന് തവണ ഉഴിഞ്ഞു വേണം സമർപ്പിക്കാൻ.
– വേണു മഹാദേവ്,
+91 9847475559