Monday, 30 Sep 2024

കുംഭത്തിലെ ആയില്യത്തിന് ഇരട്ടി ഫലം ;
ഈ വഴിപാടുകൾ നടത്തിയാൽ കാര്യസിദ്ധി

ജ്യോതിഷരത്നം വേണു മഹാദേവ്
നാഗദേവതകളെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിവസമാണ് കുംഭ മാസത്തിലെ ആയില്യം നാളായ മാർച്ച് 5 ഞായറാഴ്ച. നാഗപ്രീതികരമായ കർമ്മങ്ങൾക്ക് അതി വിശേഷമായ ഞായറാഴ്ച വരുന്നതിനാൽ ഈ ആയില്യത്തിന് സവിശേഷ പ്രാധാന്യമുണ്ട്. കന്നി, തുലാം മാസത്തിലെ ആയില്യം പോലെ ഉപാസനയ്ക്ക് പെട്ടെന്ന് ഫലസിദ്ധി ലഭിക്കുന്ന ദിനമാണ് കുംഭത്തിലെ ആയില്യം.

നഗ്നനേത്രങ്ങളാൽ ഭക്തർക്ക് കാണാൻ കഴിയുന്ന ഒരേയൊരു ഈശ്വര ചൈതന്യമാണ് നാഗ ദേവതകൾ. പുരാതനമായ കാലം മുതലേ ഇവിടെ നാഗങ്ങളെ ആരാധിച്ചു പോരുന്നു. ശരീരവും മനസ്സും ശുദ്ധമാക്കി നടത്തുന്ന നാഗാരാധന പൂർണ്ണ ഫലം നൽകും എന്നാണ് വിശ്വാസം. ശാപദോഷം, സന്താനദോഷം, മാറാവ്യാധികൾ എന്നിവ നാഗരാധനായിലൂടെ മാറുന്നു. ആയില്യം നാൾ ആണ് നാഗപൂജയ്ക്കു പ്രധാനം. എല്ലാമാസവും ആയില്യം നക്ഷത്രം നാഗപൂജ, നൂറും പാലും തുടങ്ങിയ വഴിപാടുകൾ
നടത്താൻ ശ്രേഷ്ഠമാണ്.

നാഗശാപം കുടുംബം തന്നെ നശിപ്പിക്കും എന്നാണ് വിശ്വാസം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും സമൃദ്ധിയും ഉണ്ടായാലും നാഗശാപം കൊണ്ട് ഒരാളുടെ സർവനാശം തന്നെ സംഭവിക്കാം. നാഗപ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും മഞ്ഞൾ അഭിഷേകം, നൂറും പാലും എന്നിവ നടത്തുന്നതും ഉത്തമ നാഗദോഷ പരിഹാരമാണ്.

ആയില്യത്തിന്ന് വ്രതം എടുക്കാൻ താല്പര്യമുളളവർ തലേന്ന് വ്രതം തുടങ്ങണം. മൽസ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിക്കണം. ആയില്യ നാളിൽ പൂർണ്ണമായ ഉപവാസത്തിന് സാധ്യമല്ലെങ്കിൽ ലഘുവായി ഭക്ഷണം കഴിക്കാം. ആയില്യം കഴിഞ്ഞ് പിറ്റേ ദിവസം ശിവക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന തീർത്ഥം കുടിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്.

വ്രതം എടുക്കുന്ന ദിവസങ്ങളിൽ ഓം നമഃ ശിവായ എന്ന മന്ത്രം 336 പ്രാവശ്യം ജപിക്കണം. നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ദർശനം നടത്തി പ്രാർത്ഥിക്കണം. നാഗപ്രതിഷ്ഠയ്ക്കു ചുറ്റും 5 തവണ പ്രാവശ്യം പ്രദക്ഷിണം ചെയ്യുക. രാവിലെ സൂര്യോദയത്തിനു ശേഷവും വൈകിട്ട് സൂര്യാസ്തമയത്തിന് മുൻപുമാണ് പ്രദക്ഷിണം വേണ്ടത്.

ആയില്യം നാളിൽ നാഗക്ഷേത്രത്തിലെ താഴെ പറയുന്ന വഴിപാടുകൾ നടത്തുന്നത് ഉദ്ദിഷ്ട കാര്യസിദ്ധിക്ക് ഉത്തമമാണ്. രോഗശാന്തിക്ക് പാൽ അഭിഷേകം വേണം. സുഖ സമൃദ്ധിക്ക് കരിക്കഭിഷേകം, വിവാഹലബ്ധിക്ക് പനിനീരഭിഷേകം, സന്താന സൗഭാഗ്യത്തിന് നൂറും പാലും നടത്തുക. ദാമ്പത്യ ഭദ്രതയ്ക്കായി കവുങ്ങിൻപൂക്കുല മാല ചർത്തണം. ശത്രുദോഷം മാറാൻ ഉണ്ണിയപ്പവും വിദ്യ വിജയത്തിനായി ത്രിമധുരവും നേദിക്കാവുന്നതാണ്.
ഈ വർഷത്തെ ആയില്യ പൂജകൾ
2023 ഏപ്രിൽ 1
2023 ഏപ്രിൽ 29
2023 മേയ് 26
2023 ജൂൺ 22
2023 ജൂലൈ 20
2023 ആഗസ്റ്റ് 16
2023 സെപ്തംബർ 12
2023 ഒക്ടോബർ 9
2023 നവംബർ 6
2023 ഡിസംബർ 3
2023 ഡിസംബർ 30
-ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017

Story Summary: Significance Kumbha Masa Ayilya Vritham on 2023 March 5


error: Content is protected !!
Exit mobile version