കുംഭഭരണിക്ക് ഭദ്രകാളീ ഉപാസന അതിലളിതം; അഭീഷ്ടസിദ്ധി നിശ്ചയം
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
അനുഗ്രഹവർഷിണിയായ ശ്രീ ഭദ്രകാളിയെ പൂജിക്കാൻ ഏറ്റവും നല്ല ദിവസമാണ് കുംഭഭരണി. 2024 ഫെബ്രുവരി 15 നാണ് ഇത്തവണ കുംഭഭരണി. മിക്ക ഭദ്രകാളി ക്ഷേത്രങ്ങളിലും അതിവിശേഷമായാണ് ഈ ദിവസം കൊണ്ടാടുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം ഉൾപ്പെടെ പ്രസിദ്ധമായ ഒട്ടേറെ ക്ഷേത്രങ്ങളിൽ കുംഭ ഭരണി ദിവസം ഉത്സവവും വിശേഷാൽ പൂജകളും നടക്കും. മണ്ടയ്ക്കാട് കൊട, കൊടുങ്ങല്ലൂർ കൊടിയേറ്റ്, പിഷാരിക്കാവിൽ കളിയാട്ടം കുറിക്കൽ, വൈരങ്കോട് തീയാട്ട് എന്നിവ കുംഭഭരണി നാളിലാണ്. തിരുവനന്തപുരം പാച്ചല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലും ശാസ്തമംഗലം ബ്രഹ്മപുരം ക്ഷേത്രത്തിലും കുംഭഭരണി വിശേഷമാണ്. ഗുരുതി സമർപ്പണത്തിനും ഇത് ഏറെ വിശേഷമാണ്.
അധർമ്മത്തിന്റെ സംഹാരമൂർത്തിയും സാധുക്കളുടെ രക്ഷകയുമാണ് ഭദ്രകാളി. കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നവരോട് അമ്മ ക്ഷമിക്കില്ല. അതുകൊണ്ട് തന്നെ ഭദ്രകാളിയെ ഉപാസിച്ചാൽ അതിവേഗം ശത്രുദോഷവും ദൃഷ്ടിദോഷവും അകലും. ചൊവ്വാപരിഹാരത്തിനും കുംഭഭരണി ഉപാസന നല്ലതാണ്. ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തർ വിളിക്കുന്നത്. ഭക്തരുമായി ഇത്രമാത്രം ആത്മബന്ധം പുലർത്തുന്ന വേറെ മൂർത്തിയില്ല. അതിനാൽ എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ കുംഭഭരണി വ്രതം മുടക്കരുത്. എല്ലാവിധ ജീവിത തടസങ്ങളും അകലുന്നതിന് കുംഭഭരണി വ്രതം ഉത്തമമാണ്. അഭീഷ്ടസിദ്ധിയാണ് ഭരണി വ്രതത്തിന്റെ പ്രധാനഫലം.
കുംഭഭരണിയുടെ തലേദിവസമായ 2024 ഫെബ്രുവരി 14 ന് വ്രതം തുടങ്ങണം. ശരീരിക ബന്ധവും ലഹരി വസ്തുക്കളും മത്സ്യമാംസാദി ഭക്ഷണവും ഒഴിവാക്കി വേണം വ്രതം. പുല, വാലായ്മ, മാസാശുദ്ധി എന്നിവ ഉള്ളവർ വ്രതം ഒഴിവാക്കണം. രാവിലെയും വൈകിട്ടും നെയ്‌വിളക്ക് കൊളുത്തി കുറഞ്ഞത് 48 ഉരു ഭദ്രകാളി മൂലമന്ത്രം ജപിക്കണം. ഏറ്റവും ശക്തിയുള്ളതും അത്ഭുതശക്തിയുള്ളതുമാണ് ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ എന്ന ഭദ്രകാളി മൂലമന്ത്രം. ജപഫലം കാര്യവിജയമാണ്. ഉഗ്രശക്തിയുള്ള ഈ മന്ത്രം നിത്യജപത്തിനും നല്ലതാണ്. ഇഷ്ടകാര്യലബ്ധിക്കും ശത്രുദോഷം മൂലം വരുന്ന ദുരിതങ്ങൾ അകറ്റാനും മൂലമന്ത്രത്തിന് അത്ഭുതശക്തി ഉണ്ട്. 12, 21, 41 തുടങ്ങി യഥാശക്തി ദിവസം തുടർച്ചയായി ജപിക്കാം. കുംഭഭരണി നാളിൽ അല്ലെങ്കിൽ ഏത് മാസത്തെയും ഭരണിനാൾ ജപം തുടങ്ങുന്നതിന് ശ്രേഷ്ഠമാണ്. ഭദ്രകാളി അഷ്ടോത്തരം, ഭദ്രകാളിപ്പത്ത് തുടങ്ങിയവയും ഉറപ്പായും കുംഭഭരണി ദിവസം ജപിക്കണം. ജപിക്കാൻ അറിയാത്തവർ കേൾക്കുന്നത് സർവമംഗളപ്രദമാണ്.
കുംഭഭരണി ദിവസം തുടങ്ങി മീനഭരണി ദിവസം വരെ മൂലമന്ത്രജപം ചെയ്യുന്നത് ഏറെ ഫലപ്രദമാണ്. വ്രതം അനുഷ്ഠിക്കാൻ കഴിയാത്തവർ ഉപാസനയെങ്കിലും നടത്തുന്നത് നല്ലതാണ്. പവിത്രമായ ഈ ദിവസം ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി കഴിവിനൊത്ത വഴിപാടുകൾ നടത്തണം. കടുംപായസം, പുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി എന്നിവയാണ് ഭദ്രകാളി പ്രധാനമായ വഴിപാടുകൾ.
ഭദ്രകാളി ധ്യാനം
കാളീം മേഘസമപ്രഭാം
ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേടകപാലദാരികശിര:
കൃത്വാ കരാഗ്രേഷു ച
ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാം
സംഹാരിണീമീശ്വരീം
ഭദ്രകാളി മൂല മന്ത്രം
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ
ഭദ്രകാളി ഗായത്രി
ഓം രുദ്ര സുതായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്നോ കാളി പ്രചോദയാത്
ഭദ്രകാളി സ്തുതി
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമ്മം ച മാം ച പാലയപാലയ
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655
Story Summary: Importance of Kumbha Bharani and
obsevence of Bharani Vritham