Monday, 8 Jul 2024

കുങ്കുമം ചാർത്തിയാൽ ദൃഷ്ടിദോഷം ഒഴിയും, ഐശ്വര്യവും ആഗ്രഹസാഫല്യവുമുണ്ടാകും

വേദാഗ്നി അരുൺ സൂര്യഗായത്രി
ഹനുമാൻ, ദേവി, ഗണപതി തുടങ്ങിയ മൂർത്തികൾ കുങ്കുമപ്രിയരാണ്. ദേവിസ്വരൂപമാണ് കുങ്കുമം. ദേവീ ഉപാസകരെല്ലാം കുങ്കുമം അണിയാറുണ്ട്. ഹനുമാൻ സ്വാമിക്ക് കുങ്കുമം പ്രിയപ്പെട്ടതായതിന് പിന്നിൽ ഒരു കഥ തന്നെയുണ്ട്. ഒരിക്കൽ സീതാദേവി നെറ്റിത്തടത്തിൽ കുങ്കുമം തൊടുന്നത് കണ്ടപ്പോൾ അത് എന്തിനു വേണ്ടിയാണെന്ന് അഞ്ജനേയൻ ചോദിച്ചു. ശ്രീരാമദേവന്റെ ഐശ്വര്യത്തിനും നന്മയ്ക്കും വേണ്ടിയാണെന്ന് ദേവി പറഞ്ഞു. ഇത് കേട്ടതും അപ്രത്യക്ഷനായ ഹനുമാൻ ശരീരം മുഴുവൻ കുങ്കുമം വാരിത്തേച്ച് ശ്രീരാമന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്താണിങ്ങനെ എന്ന് ചോദിച്ചപ്പോൾ ദേവി പറഞ്ഞ കാര്യം ഭഗവാനെ ധരിപ്പിച്ചു. ദേവി കുറച്ചു കുങ്കുമം നെറ്റിയിൽ ചാർത്തിയാൽ അങ്ങയ്ക്ക് നന്മയുണ്ടാകും എങ്കിൽ ഞാൻ ഇങ്ങനെ ദേഹം മുഴുവൻ കുങ്കുമം ചാർത്തിയാൽ അങ്ങയ്ക്ക് എത്രയധികം ക്ഷേമം ഉണ്ടാകും? ഹനുമാൻ സ്വാമിയുടെ അകളങ്കിത ഭക്തിയിൽ സംതൃപ്തനായ ശ്രീരാമഭഗവാൻ കുങ്കുമം ചാർത്തി ഹനുമാനെ പുജിക്കുന്നവർക്ക് സന്തോഷകരമായ ജീവിതവും ആഗ്രഹസാഫല്യവും ഉണ്ടാകുമെന്ന് ആ നിമിഷം അനുഗ്രഹിച്ചു.

പുരികങ്ങള്‍ക്ക് മദ്ധ്യേ വൃത്താകൃതിയിലാണ് കുങ്കുമം തൊടുന്നത്. ബിന്ദുരൂപത്തില്‍ സ്ഥിതി ചെയ്ത് സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കുന്നു. നടുവിരൽ കൊണ്ടാണ് കുങ്കുമം
തൊടേണ്ടത്. ചേർത്തല കാർത്യായനീ ക്ഷേത്രത്തിൽ ദേവി കന്യകാ ഭാവത്തിലായതിനാൽ അവിടെ കുങ്കുമം സ്വീകരിക്കാറില്ല. പകരം മഞ്ഞൾ ആണ് സമർപ്പണത്തിന് ഉപയോഗിക്കുന്നത്. ചുവന്ന പുഷ്പങ്ങളും, ഉടയാടകളും അവിടെ ഉപയോഗിക്കില്ല എന്നതും പ്രത്യേകതയാണ്.

ത്രികോണം, ചതുരം, ബിന്ദു ഇങ്ങനെ വിവിധ ആകൃതികളിൽ കുങ്കുമം തൊടാറുണ്ട്‌. കുങ്കുമം ചന്ദനകുറിയോട് ചേര്‍ത്ത് തൊടുന്നത് വിഷ്ണുമായാ പ്രതീകമാണ്. കുങ്കുമം ഭസ്മകുറിയോട് ചേര്‍ത്ത് തൊടുന്നത് ശിവശക്ത്യാത്മകമാകുന്നു. മൂന്നും കൂടി തൊടുന്നത് ത്രിപുര സുന്ദരി പ്രതീകമാണ്. കുങ്കുമം നെറ്റിയിൽ തൊടുന്നവർക്ക് ശോകവും, മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാകില്ല എന്നാണ് വിശ്വാസം.

ഭ്രുമദ്ധ്യത്തിലെ കുങ്കുമത്തിന്റെ സാന്നിദ്ധ്യം ഒരു പ്രത്യേക ഊർജ്ജം സമ്മാനിക്കുമെന്ന് കരുതുന്നു. മാത്രമല്ല മുഖശ്രീ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകും. മറ്റുള്ളവരുടെ തീക്ഷ്ണമായ നോട്ടത്താൽ ഉണ്ടാകുന്ന ദൃഷ്ടിദോഷങ്ങൾ ബാധിക്കാതിരിക്കാന്‍ കുങ്കുമത്തിന്റെ നെറ്റിയിലെ സാന്നിദ്ധ്യം പ്രയോജനപ്പെടും എന്നും പറയപ്പെടുന്നു. മഞ്ഞൾപ്പൊടി, മുക്കുറ്റി തുടങ്ങിയവയുടെ ആയൂർവേദ കൂട്ടാണ് കുങ്കുമം. ഇത്തരത്തിലുള്ള മഞ്ഞൾ കുങ്കുമമാണ് അണിയാൻ ഉത്തമം. ചുവപ്പ് അതുമായി ബന്ധപ്പെട്ട വർണ്ണം ആയതിനാലാണ് പ്രാധാന്യമെങ്കിലും ഹോളി ആഘോഷങ്ങളിലും മറ്റും നിരവധി വർണ്ണങ്ങളിലെ കുങ്കുമം ഉപയോഗിക്കപ്പെടുന്നു.

സംശയ നിവാരണത്തിനും, മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
വേദാഗ്നി അരുൺ സൂര്യഗായത്രി,
ഒ ടി സി ഹനുമാൻ സ്വാമി ക്ഷേത്രം – മുൻ മേൽശാന്തി
നാഗമ്പള്ളി സൂര്യഗായത്രിമഠം, ഹനുമൽജ്യോതിഷാലയം
ഗൗരീശപട്ടം, തിരുവനന്തപുരം, Mobile: +91-960 500 2047

error: Content is protected !!
Exit mobile version