Thursday, 21 Nov 2024

കുഞ്ഞിക്കാല്‍ കാണാൻ മലയാലപ്പുഴയിൽ ചെമ്പട്ട് വയ്ക്കുക

ശത്രുസംഹാര രൂപിണിയും അഷൈ്ടശ്വര്യ പ്രദായിനിയുമാണ് മലയാലപ്പുഴ അമ്മ.

ദാരുക നിഗ്രഹം കഴിഞ്ഞ്  അസുരന്റ ശിരോമാല ധരിച്ച  രൂപത്തിൽ അനുഗ്രഹദായിയായാണ് ഭദ്രകാളി  ദേവി മലയാലപ്പുഴയില്‍  കുടികൊള്ളുന്നത്. മലയാലപ്പുഴ  അമ്മയുടെ അനുഗ്രഹം നേടാനാകുന്നത് മുന്‍ ജന്മഭാഗ്യമായി കരുതുന്നു. സകല ചികിത്സകളും നടത്തിയിട്ട് കുഞ്ഞിക്കാല്‍ കാണാത്ത ദമ്പതിമാര്‍ മലയാലപ്പുഴ അമ്മയെ ദര്‍ശിച്ച് ചെമ്പട്ട് നടയ്ക്കുവച്ച് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹസാഫല്യമുണ്ടാകുമെന്ന് അനുഭവിച്ചറിഞ്ഞവർ  സാക്ഷ്യപ്പെടുത്തുന്നു. കുടുംബദോഷത്തിനും ശത്രുദോഷത്തിനും ഇവിടെ കടുംപായസ വഴിപാട് നടത്തുന്നത് പ്രസിദ്ധമാണ്. കളവ് മുതല്‍ തിരിച്ച് കിട്ടാനും ജോലി നേടാനും ദാമ്പത്യ സൗഖ്യത്തിനും മലയാലപ്പുഴയില്‍ തൂണിയരി പായസം വഴിപാട് കഴിക്കണം.  

ഗണപതി, ശിവന്‍, നാഗരാജാവ്, രക്ഷസ്, മൂര്‍ത്തി, യക്ഷിയമ്മ, ശ്രീ മല മാടസ്വാമി എന്നീ ഉപദേവതമാരും മലയാലപ്പുഴ അമ്മയുടെ ഭക്തരെ അകമഴിഞ്ഞ് പ്രസാദിക്കും.  പാര്‍വ്വതീദേവിയുടെ മടിയിലിരുന്ന് അമ്മിഞ്ഞ നുകരുന്ന അത്യപൂര്‍വ്വമായ ബാലഗണപതി വിഗ്രഹം ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. ഉപ്പിടും പാറ മലനട, ചെറുകുന്നത്ത് മല. അച്ചക്കണ്ണാമല, പുലിപ്പാറമല, കോട്ടപ്പാറമല എന്നീ അഞ്ച് മലകള്‍ക്ക് നടുവിലാണ് മലയാലപ്പുഴ ദേവി കുടികൊള്ളുന്നത്. ആ അഞ്ച് മലകള്‍ പഞ്ചേന്ദ്രീയങ്ങളെ സൂചിപ്പിക്കുന്നു. ഈ മല നടകളില്‍ ദര്‍ശനം നടത്തുന്നത് അതിശ്രേഷ്ഠമാണ്. ട്രെയിന്‍ മാര്‍ഗ്ഗം ചെങ്ങന്നൂര്‍, തിരുവല്ല വഴിയും റോഡ് മാര്‍ഗ്ഗം പത്തനംതിട്ട വഴിയും ക്ഷേത്രത്തിലെത്താം. പത്തനംതിട്ടയില്‍ നിന്ന് 8 കിലോമീറ്റർ. 

error: Content is protected !!
Exit mobile version