Friday, 20 Sep 2024

കുഞ്ഞിന്റെ ജാതകം എഴുതേണ്ടത് എപ്പോൾ?

ഒരു കുഞ്ഞ് ജനിച്ചാലുടൻ  ജാതകംഎഴുതാൻ പാടില്ല. എന്നാൽ ജനനസമയം നോക്കി തലക്കുറി തയ്യാറാക്കാം. ഗ്രഹനില തയ്യാറാക്കുന്നതിനപ്പുറം വിശദമായ ജാതകം നോട്ടവും ജാതകക്കുറിപ്പ് തയ്യാറാക്കലും  പന്ത്രണ്ടാം പിറന്നാൾ  വരെ പാടില്ല. കാരണം 12 വയസ്സുവരെ ആയുസ്‌ നിർണ്ണയിക്കുക അസാദ്ധ്യം എന്നാണ് ശാസ്ത്രം പറയുന്നത്.  ആദ്യത്തെ നാലുവർഷം അമ്മയുടെ പുണ്യപാപങ്ങളും പിന്നെയുള്ള നാലു  വർഷം അച്ഛന്റെ പുണ്യപാപങ്ങളും അടുത്ത നാലുവർഷം കുഞ്ഞിന്റെ ബാലഗ്രഹപീഡകളും  കാരണം ആയുസിന് പ്രശ്നമുണ്ടാകാം എന്നാണ് ജ്യോതിഷ പ്രമാണം. അതിനാലാണ്  പന്ത്രണ്ടു വയസ്‌ കഴിഞ്ഞ്  മാത്രം ജാതകം എഴുതുന്നത്.

കുഞ്ഞിന്റെ പിറന്നാൾ കണക്കാക്കുന്നത് നക്ഷത്ര ദിവസം നോക്കിയാണ്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ ചന്ദ്രൻ ഏത് നക്ഷത്രത്തിലാണോ നിൽക്കുന്നത് അതാണ് ആ കുട്ടിയുടെ പിറന്നാൾ. ഒരു ചന്ദ്ര മാസം കഴിഞ്ഞ് തൊട്ടടുത്ത മാസത്തിലെ പിറന്നാളിനെ ഇരുപത്തിയെട്ട് എന്ന് പറയും. അന്ന് കുഞ്ഞിന് നൂലുകെട്ടും സദ്യയും മറ്റുമായി ആഘോഷിക്കും. ചിലർ പേരിടുന്നതും അന്നാണ്. ആദ്യമായി പേര് വിളിക്കുന്ന മുഹൂർത്തത്തിൽ ഗ്രഹങ്ങൾ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ നിന്നാൽ ബഹുവിശേഷമാണെന്ന് ഫലം പറയാറുണ്ട്.
കുഞ്ഞിന്റെ  ജന്മദോഷം അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും അമ്മാവനെയും മറ്റും ബാധിക്കുമെന്ന്പറയുമെങ്കിലും അതിൽ ഒരു അർത്ഥവും സത്യവും ഇല്ല. കാരണം മാതാപിതാക്കൾക്ക് പണമുണ്ടെങ്കിൽ സന്തോഷം, സാമ്പത്തിക ബുദ്ധിമുട്ടാണെങ്കിൽ വിഷമം. അത്ര തന്നെ. 

കുഞ്ഞു ജനിക്കും മുൻപുതന്നെ മാതാപിതാക്കളുടെയും അമ്മാവന്റെയും മറ്റും ജാതകം കുറിച്ചിട്ടുണ്ടാകും. കുഞ്ഞിന്റെ ജനനം എന്ന ഒറ്റക്കാരണം കൊണ്ട് ബന്ധുക്കളുടെ ജാതകം മാറില്ല. ഇതിന്റെ പേരിൽ കുഞ്ഞിനെ കുറ്റപ്പെടുത്തുന്നവരും  മാതാപിതാക്കളെയും മറ്റും തെറ്റിദ്ധരിപ്പിക്കുന്ന ജ്യോത്സ്യന്മാരുമാണ്  കുറ്റക്കാർ. എത്രയെത്ര നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ ശാപവാക്കുകൾ കേട്ട് വളരുന്നത്. 

എന്നാൽ സിസേറിയൻ നടത്തുന്നതിന് സമയം നോക്കുന്നതിൽ കാര്യമുണ്ടോ എന്ന് ചോദിച്ചാൽ അതിൽ ഈശ്വരന്റെ ഇടപെടൽ കാണാൻ കഴിയുമെന്ന് പറയാം. എന്തെന്നാൽ സിസേറിയൻ നടത്തണമെങ്കിൽ ഈശ്വരേച്ഛ അതായിരിക്കണം.  അല്ലെങ്കിൽ സമയം കുറിച്ചാലും ആ സമയത്ത് സിസേറിയൻ നടക്കണമെന്നില്ല. അത്തരം നിരവധി അനുഭവങ്ങൾ ഗൈനക്കോളജിസ്റ്റുകൾ പറയാറുണ്ട്. ആചാര്യൻ സിസേറിയന്നല്ല സമയം കുറിച്ചാൽ ആ സമയത്ത് അത് നടക്കുന്നതിനും ഒരു യോഗം വേണം. തീയതി അടുപ്പിച്ച് നക്ഷത്രം ലഭിച്ചാലും നല്ല ലഗ്‌നം കിട്ടണമെന്നില്ല. രാവണന്റെയും ഇന്ദ്രജിത്തിന്റെയും കഥ കേട്ടിട്ടില്ലെ. മകന്റെ ജനനം ഏറ്റവും നല്ല സമയത്താക്കുന്നതിന് ഗ്രഹങ്ങളെയെല്ലാം ഉച്ചസ്ഥാനത്ത് നല്ല ഭാവങ്ങളിൽ  പിടിച്ചു നിറുത്തിയിട്ടും രാവണന് നേരിട്ട ദുര്യോഗം സർവ്വനാശമാണ്.  വിധിഹിതം ആർക്കും തടുക്കാനാകില്ല.

– ഡോ.വിഷ്ണുനമ്പൂതിരി(ആറ്റുകാൽ മേൽശാന്തി,  ജ്യോതിഷാചാര്യൻ)  മൊബൈൽ: +91 93491 58999

1 thought on “കുഞ്ഞിന്റെ ജാതകം എഴുതേണ്ടത് എപ്പോൾ?

Comments are closed.

error: Content is protected !!
Exit mobile version