Monday, 8 Jul 2024

കുഞ്ഞിന്റെ ശിവപൂജാ മഹിമ;
പ്രദോഷവ്രതത്തിന്റെ ഐതിഹ്യം

ഗൗരി ലക്ഷ്മി

ഉജ്ജയിനി നഗരത്തിലെ രാജാവായിരുന്ന ചന്ദ്രസേനന്‍ തികഞ്ഞ ശിവഭക്തനായിരുന്നു. ശിവപൂജ ചെയ്തും യാഗങ്ങളും ദാനധര്‍മ്മാദികളും നടത്തിയും സസുഖം അദ്ദേഹം നാടു ഭരിച്ചു. രാജാവിന്റെ ഭക്തിയില്‍ പ്രസാദിച്ച ഭഗവാന്‍ ശ്രീ പരമേശ്വരൻ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ചിന്താമണി രത്‌നം മാണിഭദ്രന്‍ എന്ന ദൈവദൂതന്‍ വഴി ചന്ദ്രസേനന് സമ്മാനിച്ചു. സൂര്യനോളം ശോഭയുള്ളതും ആഗ്രഹിക്കുന്നതെന്തും നൽകാൻ ശക്തിയുള്ളതുമായ ചിന്താമണി ലഭിച്ചതോടെ രാജാവ് കൂടുതല്‍ ഐശ്വര്യവാനും ധനവാനുമായി മാറി.

ചന്ദ്രസേനന് ചിന്താമണി ലഭിച്ചതറിഞ്ഞ അയല്‍ രാജാക്കന്മാര്‍ അതു തട്ടിയെടുക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ ആലോചിച്ചു. ചില രാജക്കന്മാർ സൗമ്യഭാവത്തിൽ ചന്ദ്രസേനനെ സമീപിച്ച് കുറച്ചു ദിവസത്തേക്ക് അവര്‍ക്ക് ആ രത്‌നം കൊടുക്കണമെന്നും വേണ്ടത്ര സമ്പത്ത് ഉണ്ടാക്കിയ ശേഷം തിരികെ കൊടുക്കാമെന്നും പറഞ്ഞു. ഈ ആവശ്യത്തിന് വഴങ്ങാതിരുന്ന ചന്ദ്രസേനനെ മറ്റ് രാജാക്കന്മാരെല്ലാം ചേര്‍ന്ന് ആക്രമിക്കാന്‍ പദ്ധതിയിട്ടു. അവർ ഉജ്ജയിനി നഗരം വളഞ്ഞു.

എന്നാൽ ഈ സമയത്ത് ചിന്താമണി ലഭിച്ചതില്‍ സന്തുഷ്ടനായ ചന്ദ്രസേനന്‍ നഗരത്തിലെ ആബാലവൃദ്ധം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ശിവപൂജ നടത്തുകയായിരുന്നു. പൂജയുടെ അവസാന ദിനം ഒരു ഗോപസ്ത്രീ അവരുടെ അഞ്ചു വയസുള്ള മകനുമായി അവിടെ ചെന്ന് തൊഴുത് തീര്‍ത്ഥവും പ്രസാദവും വാങ്ങി രാജാവിനെ കണ്ടു വണങ്ങി വീട്ടിലേക്ക് പോയി.

പൂജാവിധികള്‍ സശ്രദ്ധം വീക്ഷിച്ച ഗോപസ്ത്രീയുടെ മകന്‍ രാജാവ് ചെയ്തത് പോലെ ശിവ പൂജ ചെയ്തു. കല്ലെടുത്ത് വച്ച് ശിവപ്രതിഷ്ഠയാണെു സങ്കല്പിച്ച് ജലാഭിഷേകം നടത്തുകയും ഇലകളും പൂക്കളും കൊണ്ട് അര്‍ച്ചന നടത്തുകയും ഭസ്മം കുഴച്ച് പൂശുകയും മണ്ണുകുഴച്ച് പായസം എന്നു സങ്കല്പിച്ച് നേദിക്കുകയും തനിക്കറിയാവുന്ന സ്തോത്രം ചൊല്ലിയും പഞ്ചാക്ഷരി ജപിച്ചും ശിവപൂജ ചെയ്തു.

ഇങ്ങനെ കളിച്ചുകൊണ്ടിരുന്ന മകനെ അമ്മ ആഹാരം കഴിക്കാന്‍ സ്‌നേഹപൂര്‍വ്വം വിളിച്ചു. എണീറ്റു വരാതിരുന്ന കുട്ടിയെ നിര്‍ബന്ധിക്കുകയും ശകാരിക്കുകയും ചെയ്തു. എന്നിട്ടും ഇളകാതിരുന്ന് ധ്യാനിച്ച കുട്ടിയെ ദേഷ്യവും സങ്കടവും സഹിക്കാതെ അമ്മ പൊതിരെ തല്ലുകയും അവന്‍ ഒരുക്കിവച്ചിരുന്ന പൂജാദ്രവ്യങ്ങള്‍ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചിട്ട് വീട്ടിനകത്തേക്ക് കയറിപ്പോവുകയും ചെയ്തു.

ശംഭോ മഹാദേവ, സദാശിവ എന്റെ സങ്കടം മാറ്റിത്തരണേ എന്നു പറഞ്ഞ് കരഞ്ഞ കുട്ടി ബോധ ശൂന്യനായി നിലം പതിച്ചു. ബോധമില്ലാതെ കിടന്ന കുട്ടിക്കു മുന്നില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് താലോടി. ഞെട്ടിയുണര്‍ന്ന കുട്ടി താന്‍ ശിവലിംഗമെന്ന് സങ്കല്പിച്ച് വച്ച കല്ല് പ്രകാശം പരത്തുന്ന അത്ഭുതകരമായ കാഴ്ച കണ്ടു. അവർ ഭക്തിപൂര്‍വ്വം ആ ശാലയെ നമസ്‌കരിച്ചു. മാത്രമല്ല അമ്മ അറിയാതെ ചെയ്ത തെറ്റ് പൊറുക്കണമെന്നും അപേക്ഷിച്ചു. വീണ്ടും അവൻ ശിവപൂജയിലേര്‍പ്പെട്ടു. സന്തോഷത്തോടെ പൂജ പൂർത്തിയാക്കിയ അവൻ തന്റെ ശിവലിംഗത്തില്‍നിന്ന് പ്രകാശം പരക്കുന്ന അത്ഭുതക്കാഴ്ച അമ്മയ്ക്ക് കാട്ടി കൊടുക്കുന്നതിന് വിളിച്ചു കൊണ്ടുവരാൻ ഓടി. വീടിന് മുന്നിലെത്തിയ അവന് ദ്വാരകയില്‍ ശ്രീകൃഷ്ണനെ കണ്ട് സ്വഭവനത്തില്‍ മടങ്ങിയെത്തിയ കുചേലന്റെ അനുഭവമാണ് ഉണ്ടായത്. അവന്‍ താമസിച്ചിരുന്ന വീട് ഒരു മണിമാളികയായി മാറിയിരിക്കുന്നു. അവന്റെ അമ്മ സര്‍വ്വാഭരണ വിഭൂഷിതയായി മനോഹരമായ ശയ്യയിൽ കിടക്കുന്നു. ഉറക്കത്തിലായിരുന്ന അമ്മയെ അവൻ വിളിച്ചുണര്‍ത്തി. വീട്ടിനും പരസരത്തിനും വന്നമാറ്റം കണ്ട് അവർ ഞെട്ടി. ഒന്നും വിശ്വസിക്കാനാകാതെ മകനെ അവർ കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് കരഞ്ഞു പോയ അവർ മകനെ മുത്തങ്ങൾ കൊണ്ട് പൊതിഞ്ഞു.

സംഭവം അറിഞ്ഞ ചന്ദ്രസേന രാജാവും മന്ത്രിമാരും ആ ഗൃഹത്തിലെത്തി. ശിവപൂജയുടെ മഹത്വം വിളിച്ചോതുന്ന കാഴ്ച അവർ കണ്ട് മനസിലാക്കി. ഇതേ സമയം ചന്ദ്രസേനനോടു യുദ്ധത്തിന് പുറപ്പെട്ട അയല്‍ക്കാരായ രാജാക്കന്മാരും ഇക്കാര്യം അറിഞ്ഞു. ഈശ്വരാനുഗ്രഹം യുദ്ധം ചെയ്താൽ കിട്ടുന്നതല്ലെന്ന് അവർ തിരിച്ചറിഞ്ഞു. ഏതു കാര്യത്തിനും ഈശ്വരാനുഗ്രഹം വേണമെന്ന് മനസിലാക്കിയ അവർ വൈരവും ആർത്തിയും കളഞ്ഞ് തിരികെപ്പോയി.

ഗോപികയുടെ മകന് ചന്ദ്രസേനന്‍ ഭഗവാൻ നൽകിയതിന് പുറമെ പിന്നെയും ധാരാളം ധനവും രത്‌നങ്ങളും ഭൂമിയും ദാനമായി നല്‍കി. ഒരു മഹാക്ഷേത്രവും പണിക്കഴിപ്പിച്ചു കൊടുത്തു. ആ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയപ്പോൾ ഹനുമാന്‍ സ്വാമി പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളിചെയ്തു:

കൃഷ്ണപക്ഷത്തിലെ ത്രയേദശി ദിവസവും പ്രദോഷവും ശനിയാഴ്ചയും ഒത്തു വന്ന ദിവസം നിഷ്‌കളങ്കമായ ഭക്തിയോടെ പൂജിച്ചതിനാലാണ് ഈ കുട്ടി ഭഗവാന്റെ പ്രീതിക്ക് പാത്രീഭൂതനായത് ; ദര്‍ശനഭാഗ്യമുണ്ടായത്. അതിനാല്‍ വ്രതങ്ങളില്‍ ഏറ്റവും പ്രധാനമായ വ്രതം പ്രദോഷവ്രതമാണ്. അതിൽ തന്നെ ശ്രേഷ്ഠമായത് കറുത്തപക്ഷത്തിൽ ശനിയാഴ്ച വരുന്ന പ്രദോഷ വ്രതം ആണ്. പകല്‍ ആഹാരമുപേക്ഷിച്ച് ഭക്തിയോടെ ഈ ദിവസം വ്രതം നോറ്റ് ശിവപൂജ നടത്തുന്നവർക്ക് സകല ഐശ്വര്യവും കൈവരും. ഇത്രയും പറഞ്ഞ് ഹനുമാന്‍ സ്വാമി മറഞ്ഞു. സത്യത്തിലും ധര്‍മ്മത്തിലും ഉറച്ചു നിന്ന് പ്രദോഷവ്രതം നോറ്റാൽ സര്‍വ്വൈശ്വര്യങ്ങളും ലഭ്യമാകും എന്നാണ് ഈ ഐതിഹ്യത്തിന്റെ പൊരുൾ.

ഗൗരി ലക്ഷ്മി,

+ 918138015500
Story Summary : Myth behind Pradosha Vritham and importance of Shani Pradosham

Copyright 2021 Neramonline.com. All rights reserved

error: Content is protected !!
Exit mobile version