Wednesday, 18 Sep 2024

കുടുംബത്തെ രക്ഷിക്കാൻ നവരാത്രി കാലത്ത് ആർക്കും ആശ്രയിക്കാം

ജ്യോതിഷരത്നം വേണു മഹാദേവ്

നവരാത്രികാലത്ത് ആദിപരാശക്തിയുടെ പ്രീതിക്കായി പാരായണം ചെയ്യാവുന്ന ഏറ്റവും ഉത്തമമായ മന്ത്രമാണ് ലളിതാസഹസ്രനാമം. സ്‌തോത്ര രൂപത്തിലും മന്ത്ര രൂപത്തിലുമുള്ള ലളിതാസഹസ്രനാമങ്ങൾ ദേവീഭക്തരുടെ ഏതൊരു ആഗ്രഹവും സാധിച്ചു തരും. ഒരു തവണ പോലും ആവർത്തിക്കാത്ത 1008 ദേവീ നാമങ്ങൾ കോർത്തിണക്കി താളനിബദ്ധമായി, കാവ്യ സുന്ദരമായി, മന്ത്രപൂർവം ഒരുക്കിയിട്ടുള്ള ലളിതാ സഹസ്രനാമ സ്‌തോത്രം പാരായണം മാത്രം മതി നമ്മൾ നേരിടുന്ന എത് തരത്തിലുള്ള കഷ്ടപ്പാടും അകന്ന് പോയി ഐശ്വര്യം ലഭിക്കാൻ. ലളിതാ സഹസ്രനാമം പതിവായി പാരായണം ചെയ്യുന്ന വീട്ടിൽ ദാരിദ്രവും കടുത്ത രോഗ ദുരിതങ്ങളും ഉണ്ടാകില്ലെന്ന് അനുഭവസ്ഥർ പറയുന്നു. മന്ത്രശക്തിയുടെ പൂർണ്ണത എന്ന് ലളിതാ സഹസ്രനാമത്തെ പ്രകീർത്തിക്കാം.

ആയിരം വിഷ്ണുനാമങ്ങളേക്കാൾ ശ്രേഷ്ഠമാണ് ഒരു ശിവനാമം. ആയിരം ശിവനാമങ്ങളേക്കാൾ ശ്രേഷ്ഠമാണ് ഒരു ദേവിനാമം. ലളിതാ സഹസ്രനാമ സ്‌തോത്രത്തിലെ ദേവീ നാമങ്ങളേക്കാൾ ശ്രേഷ്ഠമായി മറ്റൊരു നാമമില്ല. നവരാത്രികാലത്ത് ഒൻപതു ദിവസവും ലളിതാസഹസ്രനാമ സ്‌തോത്രം ജപിക്കുന്നത് വളരെ ഉത്തമമാണ്. ചന്ദ്രൻ, ശുക്രൻ, കുജൻ, രാഹു എന്നീ ഗ്രഹങ്ങൾ കാരണം ഉണ്ടാകാവുന്ന ദോഷങ്ങൾ ഇല്ലാതാക്കുന്നതിനും സദ്ഫലങ്ങൾ കൂടുന്നതിനും ലളിതാസഹസ്രനാമ ജപം വളരെ നല്ലതാണ്. ശരീരശുദ്ധിയും മന:ശുദ്ധിയും പാലിച്ച് ആർക്കും എത് സമയത്തും ജപിക്കാവുന്ന മന്ത്രമാണിത്. നിത്യപാരായണത്തിന് സമയം ലഭിക്കാത്തവർ വെള്ളിയാഴ്ച, പൗർണ്ണമി, നവമി, ചതുർത്ഥി, ജന്മനക്ഷത്രം തുടങ്ങിയ ദിവസങ്ങളിൽ ലളിതാ സഹസ്രനാമം ജപിക്കണം.

മൂന്നൂറ് നാമങ്ങൾ അടങ്ങിയ ലളിതാദേവിയുടെ സ്‌തോത്രമാണ് ലളിതാ ത്രിശതിസ്‌തോത്രം. ലളിതാസഹസ്രനാമ സ്‌തോത്രം പാരായണം ചെയ്യാൻ സമയക്കുറവുള്ളവർക്ക് ത്രിശതിയും ജപിക്കാം. അതുപോലെ ദേവീപ്രീതിക്ക് നവരാത്രികാലത്ത് പാരായണം ചെയ്യാവുന്ന ഉത്തമ ഗ്രന്ഥമാണ് ദേവീഭാഗവതം. 18000 ശ്ലോകങ്ങളോട് കൂടിയ ദേവീഭാഗവത്തിൽ ദേവിയുടെ എല്ലാ ചരിതങ്ങളും സവിസ്തരം പ്രതിപാദിക്കുന്നു. ദേവീഭാഗവത്തിലെ അഞ്ചും ഒൻപതും സ്‌കന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. അഞ്ചാം സ്‌കന്ധത്തിൽ ദേവി മഹിഷാസുരമർദ്ദിനിയായി അവതരിക്കുന്നതും ഒൻപതാം സ്‌കന്ധത്തിൽ ദേവിയുടെ നാനാവിധത്തിലുള്ള അവതാരമൂർത്തികളുടെ ചരിതവും പ്രതിപാദിക്കുന്നു. നവരാത്രികാലത്ത് ദേവീഭാഗവതം പൂർണ്ണമായി പാരായണം ചെയ്യാൻ സമയക്കുറവുള്ളവർക്ക് ഇതിൽ ഏതെങ്കിലുമൊരു സ്‌കന്ധം മാത്രമായും പാരായണം ചെയ്യാം.

ഗ്രഹദോഷം അകറ്റാൻ ദേവീമാഹാത്മ്യം മാർക്കണ്ഡേയ പുരാണത്തിൽ അടങ്ങിയിരിക്കുന്ന ദേവീമാഹാത്മ്യവും നവരാത്രി കാലത്ത് പാരായണം ചെയ്യാൻ ശ്രേഷ്ഠമാണ്. എല്ലാ ഗ്രഹദോഷങ്ങളും അകലുന്നതിന് നല്ലതാണ് ദേവീമാഹാത്മ്യം പാരായണം. ദേവിമാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായത്തിന് അധികം ഫലസിദ്ധിയുണ്ട്. നവരാത്രികാലത്ത് നിത്യവും പ്രഭാതത്തിൽ ദേവിമാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായം പാരായണം ചെയ്താൽ എല്ലാ ആഗ്രഹങ്ങളും സാഫലമാകും.

ലളിതാസഹസ്രനാമത്തിലെ ഒരോ നാമവും ഓരോ മന്ത്രമാണെന്ന് ആചാര്യ വിധിയുണ്ട്. അതനുസരിച്ച് നമ്മൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഇനി പറയുന്ന നാമങ്ങൾ നവരാത്രികാലത്തും അല്ലാതെ നിത്യവും ജപിക്കാവുന്നതാണ്. മന:ശുദ്ധിയും ശരീരശുദ്ധിയും പാലിച്ച് രാവിലെ മാത്രം 148 തവണ വീതം ജപിക്കുക.

ഓം ലളിതാംബികായൈ നമഃ
. പ്രണയ സാഫല്യം, ഉത്തമ മാംഗല്യം,
ദാമ്പത്യ വിജയം

ഓം സുമംഗല്യൈ നമഃ
. വിവാഹ തടസ്സം മാറും.

ഓം സർവ്വാരുണായൈ നമഃ
. മറ്റുള്ളവർക്ക് അടുപ്പം ആഭിമുഖ്യം

ഓം സർവ്വ മൃത്യു നിവാരണ്യൈ നമഃ
. മൃത്യു ഭയം മോചനം

ഓം അനേക കോടി ബ്രഹ്മമാണ്ഡജനന്യൈ നമഃ
. വിദ്യാഭ്യാസത്തിൽ മികവ്, ശാസ്ത്രജ്ഞാനം

ഓം അപരിച്ഛേദ്യായൈ നമഃ
. ദാമ്പത്യഐക്യം, പ്രണയ വിജയം

ഓം നിരാമയായൈ നമഃ
. രോഗശമനം

ഓം കാമദായിന്യൈനമഃ
. ആഗ്രഹങ്ങൾ സഫലമാകും

ഓം കലികന്മഷനാശിന്യൈ നമഃ
. സർവ്വ പാപവിമോചനം

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559
Pic Design: Prasanth Balakrishnan

error: Content is protected !!
Exit mobile version