Saturday, 23 Nov 2024

കുവളമുള്ള വീട്ടിൽ ലക്ഷ്മി വാഴും; ശിവപ്രീതിക്ക് അത്യുത്തമം

എം.നന്ദകുമാർ, റിട്ട.ഐ എ എസ്

ശിവപ്രീതിക്ക് അത്യുത്തമമാണ് കൂവള ഇല. വില്വപത്രം എന്നാണ് ഇത് അറിയ പ്പെടുന്നത്. ശിവദ്രുമം, ശിവമല്ലി, ബില്വം എന്നീ പേരുകളിലും അറിയപ്പെടുന്ന കൂവളദളം മുരുകനും ദേവിക്കും വിഷ്ണുവിനും പ്രിയപ്പെട്ടത് തന്നെ. വില്വപത്രം കൊണ്ട് ഭഗവാന് ലക്ഷാർച്ചനയും കോടി അർച്ചനയും ചെയ്താൽ ശിവപ്രീതി സുനിശ്ചിതം. കൂവളമുള്ള വീട്ടിൽ ധനസമൃദ്ധി കളിയാടും. കാരണം കൂവളം ലക്ഷ്മീദേവിയുടെ വാസസ്ഥലമായി പരിഗണിക്കപ്പെടുന്നു. ഒരു കൂവളത്തില ശിവന് സമർപ്പിച്ചാൽ പോലും സർവ്വ പാപങ്ങളിൽ നിന്നും വിമുക്തി നേടാമത്രേ. ശിവൻ്റെ ജന്മനക്ഷത്രം തിരുവാതിരയാണ്. അതായത് ജ്വാലാ നക്ഷത്രം.

ചൂടിനെ നേരിടാനാണ് തണുപ്പു നിറഞ്ഞ വില്വപത്രം ശിവൻ്റെ അർച്ചനയ്ക്കായി ആചാര്യന്മാർ വിധിച്ചിരിക്കുന്നത്. അതുപോലെ നേരെ മറിച്ച് തുളസിച്ചെടി ഉഷ്ണമുള്ളതാണെന്നും അത് ശൈത്യത്തിൻ്റെ നക്ഷത്രമായ തിരുവോണം ജന്മനക്ഷത്രമായുള്ള വിഷ്ണുഭഗവാന് അർച്ചനയ്ക്ക്ക്ക് വിധിച്ചിരിക്കുന്നു എന്നും ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. കൂവള മരം നട്ടുവളർത്തിയാൽ അശ്വമേധ യാഗഫലം ലഭിക്കും. കൂടാതെ സർവ്വതീർത്ഥ സ്നാനപുണ്യം, അന്നദാന, ഗോദാന പുണ്യം ഇവയും ഫലമാണ്. കാരണം പരമശിവനാണത്രേ കൂവളം സൃഷ്ടിച്ചത്. ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നീ ത്രി സിദ്ധികളുടെ മാതൃകയായാണ് ഭഗവാൻ ഈ സൃഷ്ടി നടത്തിയത്.

പ്രളയകാലത്ത് പ്രപഞ്ചം നശിക്കുമെന്നറിഞ്ഞ വേദങ്ങൾ ശിവാജ്ഞ പ്രകാരം വില്വവൃക്ഷങ്ങളായി ഭൂമിയിൽ വിർഭവിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം. വേദങ്ങൾ ഈ മരങ്ങളുടെ രൂപത്തിൽ ഇന്നും തപസ് അനുഷ്ഠിക്കുകയാണെന്നാണ് വിശ്വാസം. കഫത്തിനും വായു കോപത്തിനും കൊളസ്ട്രോളിനും പ്രമേഹത്തിനും അൾസറിനുമെല്ലാം കൂവളത്തില നല്ലതാണെന്ന് ആയൂർവേദത്തിലുണ്ട്. കൃമികോപവും മലബന്ധവും ഇല്ലാതാക്കുകയും ചെയ്യും. പക്ഷേ വൈദ്യോപദേശം വാങ്ങാതെ കഴിക്കരുത്.

കൂവളമരത്തിൻ്റെ ഇലകൾ എല്ലാ സമയത്തും പറിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അമാവാസി, പൗർണമി, ചതുർത്ഥി, അഷ്ടമി, നവമി ദിനങ്ങളിൽ കൂവളത്തില പറിക്കരുത്. കൂവളത്തില പറിക്കുമ്പോൾ വില്വാഷ്ടകം ജപിക്കുന്നത് ശ്രേയസ്കരമാണ്. ശിവ ഭഗവാന്റെ അനുഗ്രഹം നേടാൻ അത്യുത്തമമാണ്.
എല്ലാ പാപങ്ങളും അവസാനിക്കും. ശിവ
ലോകപ്രാപ്തി ലഭിക്കും.

ബില്വാഷ്‌ടകം

ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ച ത്രയായുധം
ത്രിജന്മപാപ സംഹാരം
ഏകബില്വം ശിവാര്‍പ്പണം

ത്രിശാഖൈർ ബില്വപത്രൈശ്ച
ഹ്യച്ഛിദ്രൈ: കോമളൈ: ശുഭൈ:
ശിവപൂജാം കരിഷ്യാമി
ഹ്യേകബില്വം ശിവാര്‍പ്പണം

അഖണ്ഡബില്വ പത്രേണ
പൂജിതേ നന്ദികേശ്വരേ
ശുദ്ധ്യന്തി സര്‍വ്വപാപേഭ്യോ
ഹ്യേകബില്വം ശിവാര്‍പ്പണം

സാലഗ്രാമശിലാമേകാം
വിപ്രാണാം ജാതു ചാര്‍പ്പയേത്
സോമയജ്ഞമഹാപുണ്യം
ഏകബില്വം ശിവാര്‍പ്പണം

ദന്തികോടി സഹസ്രാണി
വാജപേയശതാനി ച
കോടികന്യാ മഹാദാനം
ഹ്യേകബില്വം ശിവാര്‍പ്പണം

ലക്ഷ്മ്യാ: സ്തനത: ഉത്പന്നം
മഹാദേവസ്യ ച പ്രിയം
ബില്വവൃക്ഷം പ്രയച്ഛാമി
ഹ്യേകബില്വം ശിവാര്‍പ്പണം

ദര്‍ശനം ബില്വവൃക്ഷസ്യ
സ്പര്‍ശനം പാപനാശനം
അഘോരപാപ സംഹാരം
ഏകബില്വം ശിവാര്‍പ്പണം

മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
ഏകബില്വം ശിവാര്‍പ്പണം

ബില്വാഷ്ടകമിദം പുണ്യം
യ: പഠേച്ഛിവസന്നിധൌ
സര്‍വ്വ പാപവിനിര്‍മ്മുക്ത:
ശിവലോകമവാപ്നുയാത്

(റിട്ട.ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാശാസ്ത്രത്തിലും മഹാപണ്ഡിതനുമായ എം.നന്ദകുമാർ തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസിലെ പ്രണവത്തിൽ താമസിക്കുന്നു.
മൊബൈൽ : 9497836666.
വെബ് സൈറ്റ്: www.m nandakumar.com)

error: Content is protected !!
Exit mobile version