Monday, 8 Jul 2024

കൂട്ടു ബിസിനസിൽ പങ്കാളിയുടെ ജാതകവും നോക്കണം; വേധമുള്ളവരെ ഒഴിവാക്കണം

ജോതിഷരത്നം വേണു മഹാദേവ്


മിക്കവരും വ്യാപാരം, വ്യവസായം, തൊഴിൽ സംരംഭം എന്നിവ നടത്തുന്നത് ജീവിത മാർഗ്ഗമായാണ്. അല്ലെങ്കിൽ ഉന്നതിയും വളർച്ചയും നേടാൻ. രാഷ്ട്രീയത്തിൽ എന്ന പോലെ ഭാഗ്യവും തന്ത്രവും അനുഭവ പരിജ്ഞാനവും ദീർഘവീക്ഷണവും അവസരോചിത ബുദ്ധിയുമെല്ലാം ഒത്തുചേരുമ്പോൾ സംഭവിക്കുന്ന ഒരു അത്ഭുതമാണ് കച്ചവട വിജയം.

എന്നാൽ ഏത് ബിസിനസിനും ഇറങ്ങിപ്പുറപ്പെടും മുൻപ് നമ്മുടെയും ബിസിനസ് പങ്കാളികളുടെയും ജാതകം പരിശോധിക്കുന്നത് നല്ലതാണ്. നമ്മുടെ കണ്ടകശ്ശനി കാലത്താവും പ്രതികൂല നക്ഷത്രക്കാരെ ബിസിനസിൽ പങ്കാളിയാക്കാനുള്ള തീരുമാനമെടുക്കുക. പലപ്പോഴും വളരെ ഇഷ്ടപ്പെട്ടവരെ, വിശ്വസ്തരെ, കടപ്പാട് ഉള്ളവരെയാകും ബിസിനസ്സിൽ ഒപ്പം ചേർക്കുക. ഈ സന്ദർഭത്തിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബിസിനസ് എന്നത് ജീവിതം കൊണ്ടുള്ള ഒരു കളിയാണ്. ധനം മുടക്കുകയും ധനം നേടുകയുമാണ് അതിന്റെ ലക്ഷ്യം. അവിടെ സ്നേഹം, വിശ്വാസം, ബന്ധം ഇവയ്ക്ക് ഒരു സ്ഥാനവും നൽകരുത്. സ്നേഹവും വിശ്വാസവും കടപ്പാടും വേറെ കച്ചവടം വേറെ. അതിനാൽ ജാതകവശാൽ നമുക്ക് ദോഷം ചെയ്യുന്നവരെ, നമ്മുടെ നക്ഷത്രത്തിൻ്റെ പ്രതികൂല നക്ഷത്രക്കാരെ ബിസിനസിൽ പങ്കാളിയാക്കാതിരിക്കുന്നതാണ് നല്ലത്. വേധനക്ഷത്രക്കാർ, അഷ്ടമരാശിക്കൂറിലുള്ളവർ, ഭാഗ്യഭാവത്തിന് മങ്ങലുള്ളവർ, കടുത്ത പൂർവ്വ ജൻമ ദുരിതമുള്ളവർ എന്നിവരെ ഒഴിവാക്കുക തന്നെ വേണം.

പ്രശസ്തനായ ഒരു വ്യക്തി ഒരിക്കൽ എന്നോടു ചോദിച്ചു എൻ്റെ സമയം നന്നല്ല. എൻ്റെ ഭാര്യയുടെ സഹോദരൻ്റെ പേരിൽ ബിസിനസ്സ് ആരംഭിക്കട്ടെ എന്ന്. സ്വന്തം ജാതക ദോഷങ്ങൾ അളിയൻ്റെ ജാതകം കൊണ്ട് പരിഹരിക്കാം എന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ ഇത് ഒരിക്കലും ഹിതമല്ല. പണം മുടക്കുന്നയാളിൻ്റെ സമയം നന്നല്ലെങ്കിൽ രണ്ടു പേർക്കും ദോഷമുണ്ടാകാം. കഷ്ട കാലത്ത് ക്ഷമ, സഹനം, ഈശ്വര ചിന്ത എന്നിവ ശക്തമാക്കിയാൽ നല്ല സമയം വരുമ്പോൾ വിജയിക്കാം.

ആയവ്യയ പൊരുത്തമില്ലാത്തവരും പ്രതികൂല നക്ഷത്ര ജാതരുമായി നടത്തുന്ന കൂട്ടുകച്ചവടം അനിഷ്ട ഫലമാകും സമ്മാനിക്കുക. കൂടാതെ സ്വന്തം പന്ത്രണ്ടാം ഭാവവും ബിസിനസ് പങ്കാളിയുടെയും പന്ത്രണ്ടാം ഭാവവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. പന്ത്രണ്ടിൽ അതായത് വ്യയ സ്ഥാനത്ത് വ്യാഴം വന്നാൽ സർക്കാർ നടപടി, നികുതിഭാരം, നിയമനടപടി വഴി നഷ്ടം എന്നിവ സംഭവിക്കാം. വ്യാഴവും ശനിയും ചേർന്ന് പന്ത്രണ്ടിൽ വന്നാൽ ജോലിക്കാരെ കൊണ്ടും ആശ്രിതരെ കൊണ്ടും കഷ്ട നഷ്ടങ്ങൾ, അപ്രതീക്ഷിത വ്യാപാര തകർച്ച, കോടതി ഇടപെടലുകൽ എന്നിവയുണ്ടാകാം. വ്യാഴത്തോടൊപ്പം രാഹുകൂടി വന്നാൽ ചതി, വഞ്ചന, കള്ളക്കടത്ത് ഇവ ആരോപിക്കപ്പെടാം. കച്ചവട നഷ്ടം ഉണ്ടാകാം. ജയിൽ ശിക്ഷ വരെയും തേടി വരാം. അതിനാൽ കൃത്യമായ ജാതക പരിശോധന നടത്തി വേണം ഏത് ബിസിനസ് സംരംഭത്തിനും തുനിയാൻ.

ജോതിഷരത്നം വേണു മഹാദേവ്

+91 9847475559

Summary: Role of astrology in partnership business

error: Content is protected !!
Exit mobile version