കൈമുക്ക് 2 വർഷം മുൻപ് പ്രവചിച്ചു; 2021 ലും കോവിഡ് ബാധ ആവർത്തിക്കും
ഡോ.പി.വിനോദ് ഭട്ടതിരിപ്പാട്
ലോകം മുഴുവൻ നാശം വിതയ്ക്കുന്ന മഹാമാരി
കോവിഡ് വൈറസ് ബാധ രണ്ടു വർഷം മുൻപ്
മഹാജ്യോതിർഗണിത ആചാര്യൻ കൈമുക്ക് രാമൻ അക്കീതിരിപ്പാട് പ്രവചിച്ചതാണെന്ന്
പ്രസിദ്ധ സൈബർ ഫോറൻസിക് കൺസൾട്ടൻ്റ്
ഡോ. പി വിനോദ് ഭട്ടതിരിപ്പാട് വെളിപ്പെടുത്തി.
“2018 ജൂണിൽ എന്റെ സുഹൃത്തായ കൈമുക്ക് രാമൻ അക്കീതിരിപ്പാടിനെ, അദ്ദേഹത്തിൻ്റെ
വീട്ടിൽ പോയി ഞാൻ കണ്ടിരുന്നു. സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: 2020 ൽ രാജ്യം ഒരു കടുത്ത വൈറഡ് ബാധ നേരിടേണ്ടി വരും; അതേതുടർന്ന് വലിയ സാമ്പത്തിക മാന്ദ്യമുണ്ടാകും. 2021 ലും ഈ വൈറസ് ബാധ ആവർത്തിക്കും. ഇതിലുപരി ആ വൈറസ് ബാധ നമ്മുടെ കാസർഗോഡ് ജില്ലയെ ഏറെ ദോഷകരമായി ബാധിക്കും.” ഡോ.വിനോദ് ഭട്ടതിരിപ്പാട് ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിൻ പറയുന്നു.
പെട്ടെന്ന് കേട്ടപ്പോൾ ഈ പ്രവചനത്തിൽ
എനിക്കത്ര വിശ്വാസം തോന്നിയില്ല. ആധുനിക വൈദ്യശാസ്ത്രം ഇത്ര വികസിച്ച ഇക്കാലത്ത് രാജ്യവ്യാപകമായി ഒരു വൈറസ് ബാധ എനിക്ക് സങ്കൽപിക്കാനായില്ല. എന്നാൽ മഹനീയ പദവിയുളള കൈമുക്ക് രാമൻ അക്കീതിരിപ്പാടാണ് പ്രവചിച്ചത് എന്നതുകൊണ്ട് ഞാൻ തർക്കിക്കാനും മുതിർന്നില്ല. പതിനഞ്ച് നൂറ്റാണ്ടായി കേരളം പിൻതുടരുന്ന ജ്യോതിർഗണിത ഇതിഹാസങ്ങളായ ഭാസ്കരാചാര്യ, ഇരിഞ്ഞട്ടപ്പള്ളി മാധവൻ, പുതുമന സോമയാജി തുടങ്ങിയവരുടെ പഠനപരമ്പരയിലെ കണ്ണിയാണ് അക്കിതിരിപ്പാട്. അത്ര ശ്രേഷ്ഠനായ ഒരാൾ വ്യത്യസ്ത ഗ്രഹവിന്യാസങ്ങളും
അതുമായി ബന്ധപ്പെട്ട ജ്യോതിർഗണിതവും വിശകലനം ചെയ്ത് ബോദ്ധ്യപ്പെടാതെ ഇത്ര ഗൗരവമുള്ള ഒരു പ്രവചനം നടത്തില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.
ഗണിതശാസ്ത്രത്തിൽ കൂടുതൽ താത്പര്യമുള്ള ഒരാളായതിനാൽ ഈ പ്രവചനത്തിലേക്ക് നയിച്ച വസ്തുതകൾ ഒന്നുകൂടി വിശദമാക്കാമോ എന്ന്
അക്കീതിരിപ്പാടിനോട് ആരാഞ്ഞു: “അപൂർവ്വമായി സംഭവിക്കുന്ന അതിചാരത്തിന്റെ ഫലമായി വ്യാഴഗ്രഹം 2020 ആദ്യപകുതിയിലും 2021 മദ്ധ്യത്തിലും വളരെ ദുർബലമാകും. അങ്ങനെ വ്യാഴ ഗ്രഹം ദുർബലമാകുന്ന അവസ്ഥ 2020 മാർച്ച് മുതൽ ജൂൺ വരെയും വീണ്ടും 2021 ഏപ്രിൽ മുതൽ സെപ്തംബർ വരെയും ഒരു മഹാമാരിക്ക് കാരണമാകും.” അദ്ദേഹം വിശദീകരിച്ചത് ഞാൻ തലകുലുക്കി കേട്ടിരുന്നു –
ഡോ. വിനോദ് ഭട്ടതിരിപ്പാട് എഴുതുന്നു.
10 മാസങ്ങൾക്ക് ശേഷം 2019 ഏപ്രിൽ 13 ന് വാർഷിക വിഷുഫല പ്രവചനത്തിൽ ശ്രേഷ്ഠ ജ്യോതിർഗണിത പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് വർഷാവസനത്തോടെ ഒരു ആഗോള മഹാമാരി പൊട്ടിപ്പുറപ്പെടുമെന്നും 2020 മദ്ധ്യം വരെ അത് നീണ്ടു നിൽക്കുമെന്നും, തുടർന്ന് സാമ്പത്തികത്തകർച്ച ഉണ്ടാകുമെന്നും പ്രവചിച്ചു. ആ തീയതിയിലുള്ള വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്. അതും കൂടിയായപ്പോൾ പ്രവചനത്തിൻ്റെ
ഗണിതശാസ്ത്രം പരിശോധിക്കാൻ ഞാൻ മുതിർന്നു. കാണിപ്പയ്യൂർ എനിക്ക് സഹായം നൽകി.
അദ്ദേഹം പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ്:
“നിങ്ങൾക്കറിയാവുന്ന പോലെ, ഭൂമിയും വ്യാഴവും ഉൾപ്പടെ എല്ലാ ഗ്രഹങ്ങളും സൂര്യനെ ചുറ്റുകയാണ്.
(ഗണിത ശാസ്ത്രപരമായി 360 ഡിഗ്രി). ഈ
ഭ്രമണത്തെ 30 ഡിഗ്രി വീതമുള്ള 12 ഭാഗങ്ങളാക്കി
തിരിച്ചിക്കുന്നു. ഇതാണ് നമ്മുടെ 12 മാസങ്ങൾ – ജനുവരി മുതൽ ഡിസംബർ വരെ. മലയാളത്തിൽ 12 രാശികളാണ് മാസങ്ങൾ. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.
2019 നവംബർ 4 മുതൽ 2020 നവംബർ 30 വരെ വ്യാഴം ധനുരാശിയിലാണ് നിൽക്കേണ്ടത്. എന്നാൽ 2020 മാർച്ച് 30 മുതൽ ജൂൺ 30 വരെ അടുത്ത രാശിയായ മകരത്തിലേക്ക് കടന്ന് അതി ദുർബലമായി അവിടെ നിൽക്കുന്നു. ജൂൺ 30 കഴിഞ്ഞ് അത് തിരിച്ച് വന്ന് യഥാർത്ഥത്തിൽ നിൽക്കേണ്ട ധനുരാശിയിൽ തന്നെ അതിശക്തമായി നിലകൊള്ളും. ഇത്തരത്തിലുള്ള വ്യാഴനീക്കത്തെ ജ്യോതിഷം അതിചാരമെന്ന് വിശേഷിപ്പിക്കുന്നു. ഇതിൻ്റെ പ്രതികൂല ഫലമാണ്
2020 മാർച്ച് മുതൽ ജൂൺ വരെ സംഭവിക്കുന്ന വൈറസ് ബാധയും സാമ്പത്തിക മാന്ദ്യവും”.
“വ്യാഴം ഉൾപ്പടെ ഒരു ഗ്രഹവും സൂര്യനെ ഭ്രമണം ചെയ്യുമ്പോൾ അതിന്റെ നിശ്ചിത വേഗത മാറ്റാറില്ല. അതിനാൽ വ്യാഴത്തിൻ്റെ അതിചാരമെന്നത് ഭൂമിയിൽ നിന്നും വീക്ഷിക്കുമ്പോൾ ഉണ്ടാകുന്ന തോന്നൽ മാത്രമാണ്. ഭൂമിയും വ്യാഴത്തിൻ്റെ അതേ ദിശയിൽത്തന്നെയാണ് സൂര്യനെ ചുറ്റുന്നത്. അതായത് വേഗത കൂടിയ ഒരു ട്രെയിനിൽ നമ്മൾ യാത്ര ചെയ്യുമ്പോൾ അതേ ദിശയിൽ അടുത്തള്ള റോഡിൽ ധാരാളം വാഹനങ്ങൾ പിന്നിലാകുന്നതായി നമുക്ക് തോന്നാം. യഥാർത്ഥത്തിൽ അവയും മുന്നോട്ടു തന്നെയാണ് പോകുന്നത്. “
പെട്ടെന്നാണ് ഹൈസ്ക്കൂളിൽ ഫിസിക്സ് ക്ലാസിൽ പഠിച്ച ആശയക്കുഴപ്പമുണ്ടാക്കുന്ന റിലേറ്റീവ് വെലോസിറ്റിയെക്കുറിച്ച് എനിക്ക് ഓർമ്മവന്നത്. അതിനാൽ പിന്നീട് അതിചാരത്തെക്കുറിച്ച്
കൂടുതൽ അന്വേഷിക്കാൻ ഞാൻ മുതിർന്നില്ല.
പകരം ഉടൻ തന്നെ ഈ വൈറസ് ബാധ 2021 ൽ ആവർത്തിക്കും എന്ന കൈമുക്ക് രാമൻ അക്കീതിരിപ്പാടിൻ്റെ പ്രവചനം ഞാൻ കാണിപ്പയ്യൂരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം അത് ശരിവച്ചു.
” ശരിയാണ്. ആവർത്തിക്കും. 2020 നവംബർ 30 മുതൽ 2022 ഏപ്രിൽ 13 വരെ വ്യാഴത്തിന് പല തവണ മകരം രാശിയിൽ അതിചാര ഫലമായി നിൽക്കേണ്ടി വരും. 2021 ഏപ്രിൽ 6 മുതൽ 2021 സെപ്റ്റംബർ
വരെ വ്യാഴം ഒരു തവണ കൂടി അടുത്ത രാശിയായ കുംഭത്തിലും അതിചാരത്തിലാകും. (അത് അതീവ ദുർബലവുമായിരിക്കും). ഈ അതിചാരം 2021 ഏപ്രിൽ – സെപ്റ്റംബർ മാസങ്ങളിൽ വീണ്ടും വൈറസ് ബാധയ്ക്കും സാമ്പത്തിക മാന്ദ്യത്തിനും കാരണമാകും. അങ്ങനെ നമ്മൾ 2020, 2021 വർഷങ്ങളിൽ രണ്ടു വൈറസ് ബാധകളും സാമ്പത്തിക മാന്ദ്യവും നേരിടേണ്ടി വരും. 2022 ഏപ്രിൽ വരെ കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടിയും വരും.” കാണിപ്പയ്യൂർ പറഞ്ഞു.
ഈ വർഷം ആദ്യമാണ് ഇക്കാര്യങ്ങൾ വീണ്ടും ഞാൻ ശ്രദ്ധിച്ചത്. കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഒരു വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ശാസ്ത്രജ്ഞർ അത് പുതിയ തരം കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചതും പിന്നീട് അത് കോവിഡ് 19 പേരിൽ അറിയപ്പെട്ടതും നമുക്കെല്ലാം അറിയുന്ന കാര്യമാണ്.
2020 ജനുവരിയിൽ വുഹാനിൽ നിന്നും തിരിച്ചെത്തിയ തൃശൂരുകാരനായ വിദ്യാർത്ഥിക്കാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. അത് ഈ രണ്ട് ജ്യോതിഷവിശാരദന്മാരും – കൈമുക്കും കാണിപ്പയ്യൂരും കഴിയുന്ന ജില്ലയിൽ തന്നെയായത്
ഒരു വിരോധാഭാസമായി എനിക്ക് തോന്നി. കൈമുക്ക് പ്രവചിച്ചതു പോലെ ഈ വൈറസ് ബാധ ഏറ്റവും ദോഷകരമായി ബാധിച്ചത് കാസർകോഡുമായി.
ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്
2020 ജൂൺ 30 ന് കോവിഡ് ബാധ ലോകത്ത് നിന്നും അപ്രത്യക്ഷമാകുന്നത് കാണാനാണ് . അതുപോലെ രണ്ട് മഹാപണ്ഡിതന്മാരും പ്രവചിച്ചതു പോലെ ഈ വൈറസ് ബാധ 2021 ൽ ആവർത്തിക്കുമോ എന്ന് ഞാൻ ഭയപ്പെടുകയും ചെയ്യുന്നു.
ഡോ.പി.വിനോദ് ഭട്ടതിരിപ്പാട്