Sunday, 24 Nov 2024

കൊടുക്കുന്നത് ഇരട്ടിയായി ലഭിക്കുന്ന പുണ്യദിനം ഞായറാഴ്ച

കൊടുക്കുന്നതെന്തും ഇരട്ടിയായി തിരിച്ചു കിട്ടുന്നവൈശാഖ മാസത്തിലെ ഒരു പുണ്യ ദിനമാണ് അക്ഷയതൃതീയ. വെളുത്തപക്ഷത്തിലെ മൂന്നാമത്തെ തിഥി വരുന്ന ഈ ദിവസം ദാനധർമ്മാദികൾക്ക് ശ്രേഷ്ഠമാണ്. ഇത്തവണ 2020 ഏപ്രിൽ 26, മേടം 13 ഞായറാഴ്ച രോഹിണി നക്ഷത്രത്തിലാണ് അക്ഷയതൃതീയ വരുന്നത്. 2020 ഏപ്രിൽ 25 പകല്‍ 11 മണി 52 മിനിട്ടിന് തൃതീയ തിഥി ആരംഭിക്കും. ഇത് ഏപ്രിൽ 26 ഉച്ചയ്ക്ക് 1 മണി 22 മിനിട്ടു വരെ ഉണ്ടാകും. അതുകൊണ്ടാണ് ഏപ്രിൽ 26 അക്ഷയതൃതീയ ആചരിക്കുന്നത്. 

തൃതീയ എന്നാൽ ഇവിടെ അർത്ഥം മുന്നാമത്തെ ചന്ദ്രദിനം എന്നാണ്. അക്ഷയം എന്ന വാക്കിന്റെ  അർത്ഥം ക്ഷയം ഇല്ലാത്തത്,  ഒരിക്കലും നശിക്കാത്തത് എന്നും . അതിനാൽ ആരാണെങ്കിലും ഈ ദിവസം ചെയ്യുന്ന ഒരു മന്ത്രജപവും പ്രാർത്ഥനയും വെറുതെയാകില്ലെന്ന് തന്നെയല്ല അതിന് ഇരട്ടി പുണ്യവുമുണ്ടാകും.  ജപം പോലെ തന്നെയാണ് ഈ ദിവസത്തെ പൂജകളുടെയും യജ്ഞങ്ങളുെയും ദാനങ്ങളുടെയും ഫലം. അതിനാൽ അക്ഷയ തൃതീയ ദിവസത്തെ ദാനങ്ങളുടെയും സൽക്കർമ്മങ്ങളുടെയും ഫലം അത് അനുഷ്ഠിക്കുന്നവർക്കൊപ്പം എക്കാലവും നിലനിൽക്കും. അവരുടെ ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും നിറയും എന്നാണ് വിശ്വാസം. ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് കുടുംബത്തിൽ ഐക്യവും  സമാധാനവും കൊണ്ടുവരുമെന്നും കരുതപ്പെടുന്നു. അന്ന് വീട്ടിൽ  വന്നുകയറുന്ന സ്വർണ്ണം കൈവിട്ടു പോകില്ലെന്ന് തന്നെയല്ല അതിന്റെ മൂല്യം വർദ്ധിച്ചു കൊണ്ടേ ഇരിക്കും എന്നാണ് പരമ്പരാഗതമായ വിശ്വാസം. വീടു വാങ്ങുന്നതിനും ഗൃഹപ്രവേശത്തിനും പുതിയ വാഹനം വാങ്ങുന്നതിനും മാത്രമല്ല എല്ലാ മംഗള കര്‍മ്മങ്ങള്‍ക്കും ഈ ദിനം ശ്രേഷ്ഠമാണ്. അവിവാഹിതകളായ പെൺകുട്ടികൾ അക്ഷയതൃതീയ ദിവസം  ഉപവസിച്ച് ഉമാമഹേശ്വരന്മാരെ ഉപാസിച്ച് ഫലമൂലാദികൾ ദാനം ചെയ്താൽ മികച്ച മംഗല്യ ഭാഗ്യമുണ്ടാകും. 

അക്ഷയതൃതീയ വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമ ജയന്തിയോട് അനുബന്ധിച്ചാണ് വരുന്നത്. അക്ഷയതൃതീയ ദിവസം അല്ലെങ്കിൽ അതിന്റെ തലേന്നായിരിക്കും ജയന്തി. അതിനാൽ അക്ഷയതൃതീയ പരശുരാമന്റെ  ജന്മദിനമായും  കണക്കാക്കുന്നു. പുരാണത്തില്‍ പല സന്ദർഭങ്ങളിലും  അക്ഷയതൃതീയയെക്കുറിച്ച് പരാമർശമുണ്ട്. കുബേരന് തന്റെ സമ്പത്ത് തിരികെ ലഭിച്ച ദിനമായും ശ്രീകൃഷ്ണൻ  സുദാമാവിന്  (കുചേലൻ) എല്ലാ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിച്ച ദിവസമായും  പാർവതീ ദേവിഅന്നപൂർണ്ണാ ദേവിയായി അവതരിച്ച നാളായും  വേദവ്യാസൻ മഹാഭാരതം എഴുതിയെടുക്കാൻ ഗണപതി ഭഗവാന് വർണ്ണിച്ചു  കൊടുത്ത ആദ്യ ദിവസമായും ദ്രൗപതിക്ക് ശ്രീകൃഷ്ണൻ അക്ഷയ പാത്രം സമ്മാനിച്ച ദിവസമായും ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്ക് ആനയിച്ച ദിവസമായും അക്ഷയതൃതീയ കരുതപ്പെടുന്നു. 

ലക്ഷ്മീദേവിയെയും മഹാവിഷ്ണുവിനെയും ശിവപാർവ്വതിമാരെയുമാണ് ഈ ദിവസം പ്രധാനമായും ആരാധിക്കേണ്ടത്. വീട്ടിൽ പൂജാമുറിയിൽ നെയ് വിളക്ക് കൊളുത്തിവച്ച് ലക്ഷ്മി, വിഷ്ണു, പാർവതി, ശിവ, കുബേര പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം.വിഷ്ണുവിന്   വെള്ളത്താമരയോ വെള്ള റോസയോ സമർപ്പിച്ച് അക്ഷയ തൃത്രീയ ദിവസം പ്രാർത്ഥിച്ചാൽ നമ്മുടെ മനം നിറയുന്ന തരത്തിൽ ഭാഗ്യവർദ്ധനവ്  ഉണ്ടാകും.  ലക്ഷ്മിക്ക് മുന്നിൽ ചുവന്ന പൂക്കളും കുങ്കുമപ്പൂക്കളും ചുവന്ന പട്ടും വച്ച്  പ്രാർത്ഥിച്ചാൽ എല്ലാ സാമ്പത്തിക ദുരിതങ്ങളും ഒഴിഞ്ഞു പോകും. വിഷ്ണുവിനും ലക്ഷ്മിക്കും  തുളസിയില അർച്ചിച്ച് പൂജിച്ചാൽ ഐശ്വര്യവും  ഭാഗ്യവർദ്ധനവും ഉണ്ടാകും. ശിവ പാർവ്വതിമാരെ പൂജിച്ചാൽ കുടുംബത്തിൽ ഐശ്വര്യം നിറയും. ഈ ദിവസം അന്നദാനം നടത്തുന്നതും ധാന്യങ്ങളും വസ്ത്രങ്ങളും അഗതികൾക്ക് ദാനം ചെയ്യുന്നതും അത്യുത്തമമാണ്.  ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ക്ഷേത്രത്തിൽ പോയി ആരാധന നടത്താൻ കഴിയാത്തതിൽ ആരും വിഷമിക്കേണ്ട . വീട്ടിലിരുന്നു തന്നെ ആത്മാർത്ഥമായി ഭജിക്കുക. ലക്ഷ്മീ നാരായണനും ശിവ പാർവ്വതിയും തീർച്ചയായും  നമ്മെ അനുഗ്രഹിക്കും. 

error: Content is protected !!
Exit mobile version