Saturday, 23 Nov 2024

ക്ഷമയുള്ള ശനി, എളുപ്പ വഴി തേടുന്ന രാഹു;
ഈ നാളുകാരെ നോക്കിയാൽ ഇക്കാര്യം അറിയാം

ജ്യോതിഷരത്‌നം വേണു മഹാദേവ്
രാഹുവും ശനിയും പരസ്പരം ശത്രുക്കളല്ല.. ഫലദാന വിഷയത്തിൽ ഈ രണ്ടു ഗ്രഹങ്ങൾക്കും വ്യത്യസ്തമായ സമീപനങ്ങളുണ്ട് എന്ന് മാത്രം. അതിനാലാണ് ഇവയുടെ സംയോഗം ജാതകർക്ക് സദ്ഫലങ്ങൾ നൽകാത്തത് . യഥാർത്ഥത്തിൽ രാഹുവിനും ശനിക്കും വായു പ്രകൃതം ആണ്. ശനിയുടെ ഗൃഹമായ മകരത്തിലാണ് രാഹു ഏറ്റവും നല്ല ഫലം നൽകുന്നത് .

ഉൽക്കടമായ ആഗ്രഹങ്ങളും ലക്ഷ്യ ബോധവുമുള്ള ഗ്രഹമാണ് രാഹു. എന്തിനോടും കടുത്ത അഭിനിവേശം പ്രകടിപ്പിക്കുകയും ചെയ്യും. എളുപ്പവഴികളിൽ കുറച്ച് സമയത്തിനുള്ളിൽ വലിയ വിജയം ആഗ്രഹിക്കുന്നത് രാഹുവിന്റെ മറ്റൊരു പ്രത്യേകതയാണ്. അതിനാൽ വളരെയധികം അസ്ഥിര സ്വഭാവമാണുള്ളത്. എന്നാൽ ശനി എപ്പോഴും നിയന്ത്രണവും ക്ഷമയും പ്രകടിപ്പിക്കുന്നു. നിയമം, നീതി, അച്ചടക്കം എന്നിവയുടെ പ്രതീകവുമാണ് ശനി ഗ്രഹം. മന്ദൻ എന്ന് ശനിയെ വിളിക്കുന്നത് അതിനാലാണ്. ശനിക്ക് വിജയവും പുരോഗതിയും അനായാസം കൈവരുന്നില്ല. എന്നാൽ ശനി കാരണം ലഭിക്കുന്ന വിജയം മിക്കവാറും സ്ഥിര സ്വഭാവമുള്ള ഒന്നാണ്. കഷ്ടപ്പാടുകളും വെല്ലുവിളികളും നൽകുന്ന പാഠങ്ങൾ പഠിച്ചാണ് ശനി ജീവിത പുരോഗതിയിലേക്ക് നയിക്കുന്നത്. പരിശ്രമിക്കാത്തവർക്ക് ശനി യാതൊരു വിധ സദ്ഫലവും നൽകില്ല.

ശനിയും രാഹുവും ഒരു ഗൃഹത്തിൽ ഒന്നിച്ചാൽ അത് പ്രതിബന്ധങ്ങൾ സൃഷ്ടിക്കും. അതേസമയം ആവശ്യം അധികരിക്കുകയും ചെയ്യും. അമിതാഭിമുഖ്യമുള്ള എന്തെങ്കിലും കാര്യങ്ങൾ നേടിയെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ഘട്ടങ്ങളിൽ ഈ ഗ്രഹനില കടുത്ത പ്രശ്നം തന്നെയായി മാറും. ഇക്കാര്യത്തിൽ ഗ്രഹസ്ഥിതിയും ബലവും ചെലുത്തുന്ന സ്വാധീനവും കണക്കിലെടുക്കും.

രാഹുവിനും ശനിക്കും പൊതുവായുള്ള പ്രത്യേകത രണ്ടും ജാതകരിൽ ഭയം സൃഷ്ടിക്കും എന്നതാണ്. രണ്ടും ഇരുണ്ട, നിഗൂഢ ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയായ ഐ ടിയെ പ്രതിനിധീകരിക്കുന്ന ഗ്രഹങ്ങളാണ് ശനിയും രാഹുവും.
സാങ്കേതിക രംഗത്തുള്ളവരിൽ ശനി ബന്ധം ശക്തമായി വന്നാൽ ജോലി അവരെ വല്ലാതെ മുഷിപ്പിക്കും. ശനിയുടെ നക്ഷത്രങ്ങളായ പൂയം, അനിഴം, ഉത്തൃട്ടാതി
നക്ഷത്രങ്ങളിൽ ജനിച്ചവരെ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസിലാകും. എന്നാൽ രാഹുവിനാണ് സ്വാധീനമെങ്കിൽ അവർ ചുറുചുറുക്കോടെ ജോലികൾ ചെയ്തു തീർക്കുന്നവർ ആയിരിക്കും. രാഹുവിന്റെ നിയന്ത്രണത്തിലുള്ള തിരുവാതിര, ചോതി, ചതയം നാളുകളിൽ പിറന്നവരെ നിരീക്ഷിച്ചാൽ ഇക്കാര്യം ബോദ്ധ്യമാകും. എണ്ണ, പ്രകൃതി വാതകം, ജല വിതരണം, ഭൂമിശാസ്ത്രം എന്നിവ സംബന്ധമായ ജോലികൾ ശനിക്ക് പറഞ്ഞിട്ടുള്ളതാണ്. ശനി ശക്തമായവർ ഈ രംഗത്ത് മികച്ച വിജയം നേടും. കാര്യ നിർവ്വഹണ ശേഷി ആവശ്യമായ മാനേജീരിയൽ ജോലികളിലും വാർത്താവിനിമയത്തിലും രാഹു വിജയക്കൊടി പാറിക്കും.

ചൊവ്വയെപ്പോലെ കേതുവിനെ (കുജവത് കേതു) കരുതുന്നതിനാലും ശനിയെപ്പോലെ രാഹുവിനെ (ശനിവത് രാഹു) കരുതുന്നതിനാലും ചൊവ്വ, ശനി ദിനങ്ങൾ യഥാക്രമം കേതു, രാഹു ദിനങ്ങളായി സങ്കല്പിക്കുന്നു. പ്രസ്തുത ദിനങ്ങൾ ഈ ഗ്രഹങ്ങൾക്ക് ബലമുള്ള ദിവസങ്ങളായി കരുതുന്നു. എന്നാൽ ഈ അഭിപ്രായത്തിന് വേണ്ടത്ര അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല.

ജ്യോതിഷരത്‌നം വേണു മഹാദേവ്,

+91 9847475559
Story Summary: Comparison of certain characteristics of Saturn and Rahu

error: Content is protected !!
Exit mobile version