Monday, 8 Jul 2024

ക്ഷിപ്രപ്രസാദി നരസിംഹമൂർത്തി; ഇത്തവണ ജയന്തി അതിവിശേഷം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ദശാവതാരങ്ങളിൽ സുപ്രധാനമാണ് നരസിംഹാവതാരം. യാതൊരുവിധ മുൻ തയ്യാറെടുപ്പുകളും ഇല്ലാതെ പെട്ടെന്ന് ഒരു അടിയന്തരഘട്ടത്തിൽ അശരണനായ സ്വന്തം ഭക്തന്റെ രക്ഷയ്ക്ക് വേണ്ടി മാത്രമായി നിമിഷം നേരം കൊണ്ട് ഭഗവാനെടുക്കേണ്ടി വന്ന അവതാരമാണിത്. അതുപോലെ തന്നെ ഏറ്റവും കുറച്ചു സമയം നീണ്ടുനിന്ന അവതാരവും നരസിംഹാവതാരമാണ്.

വൈശാഖ മാസത്തിലെ വെളുത്ത ചതുർദ്ദശിയിലാണ് നരസിംഹ ജയന്തി ആചരിക്കുന്നത്. ഇത്തവണ 2022 മേയ് 14 ശനിയാഴ്ചയും 15 ഞായറാഴ്ചയും നരസിംഹ ജയന്തി ആചരിക്കുന്നവരുണ്ട്. ഭഗവാന്റെ ജന്മനാളായ ചോതിയും വൈശാഖ ശുക്ല ചതുർദ്ദശിയും ഒന്നിച്ചു വരുന്നതിനാലാകണം ഞായറാഴ്ച ആചരിക്കുന്നത്.
തൃക്കൊടിത്താനം മഹാക്ഷേത്രത്തിലും മറ്റും മേയ് 15 ന് ആണ് ആഘോഷം. എന്നാൽ നരസിംഹാവതാരം സംഭവിച്ചത് സന്ധ്യയ്ക്ക് ആയതിനാൽ വൈശാഖത്തിലെ വെളുത്ത ചതുർദ്ദശി തിഥി സന്ധ്യയ്ക്ക് വരുന്ന മേയ് 14 ആണ് രാജ്യത്ത് പൊതുവേ നരസിംഹജയന്തിയായി ആചരിക്കുന്നത്.

ശത്രുസംഹാരത്തിനായി അവതരിച്ച ഉഗ്രമൂർത്തിയാണ് എങ്കിലും ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി. പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളർന്നു നരസിംഹമൂർത്തി പ്രത്യക്ഷനായത് അതിന് പ്രത്യക്ഷമായ ഉദാഹരണമാണ്. നരസിംഹജയന്തി നാളിൽ നരസിംഹ / വിഷ്ണു ക്ഷേത്രദർശനം നടത്തുന്നതും ഭഗവാന് പാനക നിവേദ്യവും കഴിപ്പിക്കുന്നതും അതിവിശേഷകരമാണ്.

നരസിംഹസ്വാമിയെ പ്രീതിപ്പെടുത്താൻ പാനക നിവേദ്യത്തിന് പുറമെ ചില പ്രധാനവഴിപാടുകളുണ്ട്. ഈ വഴിപാടുകളെല്ലാം തന്നെ ഒരു തവണമാത്രമായോ 3,5,7 തുടങ്ങിയ തവണകളായോ ചെയ്യാം. നരസിംഹജയന്തിക്ക് പുറമെ ബുധനാഴ്ച, വ്യാഴാഴ്ച, ഞായറാഴ്ച എന്നിവയും വഴിപാടുകൾ നടത്തുന്നത് ഗുണകരമാണ്.

വഴിപാടുകളും ഫലങ്ങളും
പാനകം നിവേദ്യം ………………………… ശത്രുനാശം
ചെറുപയർ നിവേദ്യം ……………………തടസം അകലാൻ
ശർക്കരപായസം…………………………..കാര്യവിജയം
പാൽപ്പായസം………………………………..ഇഷ്ടസിദ്ധി
ലക്ഷ്മിനാരായണമന്ത്രാർച്ചന……….ഐശ്വര്യം
ഉഗ്രനരസിംഹമന്ത്രാർച്ചന……………..ശത്രുദോഷശാന്തി
തുളസിമാല………………………………….. പാപശമനം
താമരമാല…………………………………….. ധനസമൃദ്ധി
ചുവന്ന മാല………………………….ആഭിചാരദോഷശാന്തി
രക്തപുഷ്പാഞ്ജലി…………………ശത്രുദോഷശാന്തി
നെയ്‌വിളക്ക്…………………………..ആയൂർബലത്തിന്
അഷ്‌ടോത്തര അർച്ചന………….ഐശ്വര്യത്തിന്
സഹസ്രനാമാർച്ചന………………..കാര്യസിദ്ധിക്ക്
ചുവന്നഉടയാട സമർപ്പണം…….ഭാഗ്യം തെളിയാൻ

ചുവന്നവസ്ത്രം, നെയ്‌വിളക്ക് ഉത്തമം

നരസിംഹമൂർത്തിയെ പ്രാർത്ഥിക്കുമ്പോൾ ചുവന്ന വസ്ത്രം ധരിക്കുന്നത് ഏറ്റവും നല്ലതാണ്. വെളുത്ത വസ്ത്രം ധരിക്കുക പാപശാന്തി, വിദ്യാവിജയം ഇവയ്ക്ക് മഞ്ഞവസ്ത്രം ധരിക്കുന്നത് ഐശ്വര്യത്തിനും ധനഭാഗ്യത്തിനും ചുവന്നവസ്ത്രം ദൃഷ്ടിദോഷശാന്തി, ശത്രുദോഷശമനം, ശാപശാന്തി എന്നിവയ്ക്കും ഉത്തമം. കോടിവസ്ത്രം ധരിക്കുകയും ആകാം. അലക്കി വൃത്തിയാക്കിയ വസ്ത്രവും ധരിക്കാം. പിതൃപ്രീതിക്കും ഗ്രഹപ്പിഴ മാറുന്നതിനും കറുത്ത വസ്ത്രവും ജപവേളയിൽ ധരിക്കാം. നരസിംഹമന്ത്രങ്ങൾ നെയ്‌വിളക്ക് കൊളുത്തി വച്ച് അതിന് മുന്നിലിരുന്ന് ജപിക്കുന്നതാണ് നല്ലത്. എള്ളെണ്ണയും ആകാം. കാര്യസാധ്യത്തിനും ഐശ്വര്യത്തിനും പാപദുരിതമകലുന്നതിനും നെയ്‌വിളക്ക് ഉത്തമമാണ്. അറിഞ്ഞോ അറിയാതെയോ നാം ചെയ്ത പാപദുരിതങ്ങളകലാൻ എള്ളെണ്ണ ദീപം തെളിക്കുക. നിലവിളക്കിൽ കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ രണ്ടു ദിക്കിലേക്ക് തിരിയിട്ട് വിളിക്ക് കൊളുത്തണം. 5 ദിക്കിൽ തിരിയിടുന്നത് കൂടുതൽ ഉത്തമം.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: +91 094-470-20655

Story Summary: Significance of Narasimha Jayanthi and Benefits of offerings


error: Content is protected !!
Exit mobile version