ക്ഷിപ്രഫലസിദ്ധിക്ക് സുബ്രഹ്മണ്യ ഉപാസന; ഈ ദിവസങ്ങൾ അത്യുത്തമം
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ക്ഷിപ്രഫലസിദ്ധിയാണ് സുബ്രഹ്മണ്യ ഉപാസനയുടെ പ്രത്യേകത. ഷഷ്ഠിവ്രതമെടുത്ത് മുരുകനെ പ്രാര്‍ത്ഥിക്കുന്നവരുടെ എല്ലാ ദുഃഖവും നീങ്ങും. സന്താനഭാഗ്യത്തിന് ഇത് ഏറ്റവും ഗുണകരമായി കണക്കാക്കുന്നു. പാര്‍വ്വതീപരമേശ്വരന്മാരുടെ വത്സല പുത്രനാണ് മുരുകന്‍. ദോഷദുരിതങ്ങളെക്കൊണ്ടോ, ആരോഗ്യ വിഷയങ്ങളെക്കൊണ്ടോ സന്താനദുരിതം അനുഭവിക്കുന്നവര്‍ക്ക് മുരുകപ്രീതിയാല്‍ അത്ഭുതഫലസിദ്ധിയുണ്ടാകും. സന്താനലബ്ധിക്ക് എന്നല്ല, ഇഷ്ടസന്താനലബ്ധിക്ക് തന്നെ ഗുണകരമാണ് മുരുകഭജനം.
മുരുകപത്‌നിമാരാണ് വള്ളിയും, ദേവയാനിയും. പത്‌നി സമേതനായ മുരുകനെ പ്രാര്‍ത്ഥിച്ചാല്‍ വിവാഹതടസ്സം നീങ്ങും. ഇഷ്ടവിവാഹലബ്ധിക്കും ഗുണകരമാണിത്. ദാമ്പത്യജീവിതത്തിലെ കലഹങ്ങള്‍ നീങ്ങുന്നതിനും, പരസ്പര ഐക്യത്തിനും ഗുണകരം. ഷഷ്ഠിദിവസം വ്രതം പാലിച്ച് പ്രാര്‍ത്ഥന തുടങ്ങാം. വള്ളീ ദേവയാനീസമേത ശ്രീസുബ്രഹ്മണ്യമൂര്‍ത്തയേ നമ: എന്ന മന്ത്രം ഷഷ്ഠി ദിനം തുടങ്ങി 41 ദിവസം ചൊല്ലുന്നതും ഉത്തമം.
എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ഒരേ പോലെ അല്ല പ്രദക്ഷിണ ക്രമം. പ്രതിഷ്ഠാ സങ്കല്പത്തിന്റെ പ്രത്യേകത അനുസരിച്ച് മുരുകസന്നിധികളിലെ പ്രദക്ഷിണത്തിന് ഒരോ ക്രമമുണ്ട്. ബ്രഹ്മചാരി സങ്കല്പത്തിൽ പ്രതിഷ്ഠയുള്ള സുബ്രഹ്മണ്യന് 3 പ്രദക്ഷിണവും വള്ളി ദേവയാനീ സമേത സങ്കല്പത്തിൽ പ്രതിഷ്ഠയുളള ക്ഷേത്രങ്ങളിൽ അഞ്ച് പ്രദക്ഷിണവും വയ്ക്കണം. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അടി പ്രദക്ഷിണവും ശയനപ്രദക്ഷിണവും നടത്തുന്നത് കാര്യസിദ്ധിക്ക് വളരെയേറെ ഗുണകരമാണ്.
സുബ്രഹ്മണ്യ ഉപാസനയ്ക്കും വ്രതം നോൽക്കാനും ബുധൻ, ഞായർ, കാർത്തിക, വിശാഖം, പൂയം, ഷഷ്ഠി ദിവസങ്ങൾ ഉത്തമമാണ്. എല്ലാ മാസത്തിലെയും ഷഷ്ഠി ഷൺമുഖോപാസനയ്ക്ക് നല്ലതാണ്. സ്‌കന്ദ ഷഷ്ഠി, തൈപ്പൂയം എന്നിവയാണ് വാർഷിക പ്രധാനമായ സുബ്രഹ്മണ്യ സ്വാമിയുടെ വിശേഷ ദിവസങ്ങൾ. മുരുക പ്രീതിക്ക് വായിക്കേണ്ട കൃതി സ്‌കന്ദപുരാണമാണ്. ഇത് നിത്യവും പാരായണം ചെയ്യാം. തിരക്ക് കാരണം സാധിക്കാത്തവർക്ക് ചൊവ്വാഴ്ചകളിൽ മാത്രമായും വായിക്കാം.
ത്രിമധുരം, പാൽപായസം, ഉണ്ണിയപ്പം, കദളിപ്പഴം എന്നിവയാണ് മുരുകപൂജയിലെ പ്രധാന നിവേദ്യങ്ങൾ. പഴങ്ങൾ, ലഡു, അട, എള്ളുണ്ട തുടങ്ങിയ നിവേദ്യങ്ങളും പെട്ടെന്ന് അനുഗ്രഹം നല്കും. മഞ്ഞയും വെള്ളയും പൂക്കളാണ് സുബ്രഹ്മണ്യ പൂജയ്ക്ക് ഏറ്റവും ഉത്തമം. അതിനാൽ ജമന്തി, വെള്ളത്താമര, ബന്ദി, നന്ത്യാർവട്ടം തുടങ്ങിയ പൂക്കളാണ് ഷൺമുഖ പൂജയ്ക്ക് പൊതുവേ ഉപയോഗിക്കുന്നത്. കണിക്കൊന്ന, തുമ്പ എന്നിവയ്ക്കും പ്രാധാന്യം ഉണ്ട്. തുളസിയും കൂവളത്തിലയും പ്രിയങ്കരമെങ്കിലും ഇവയ്ക്ക് അമിത പ്രാധാന്യം ഇല്ല.
മഞ്ഞയും വെള്ളയും പൂക്കളാൽ നടത്തുന്ന കുമാരസൂക്തം, ഭാഗ്യസൂക്തം, സംവാദസൂക്തം, പുരുഷസൂക്തം എന്നിവയാണ് സുബ്രഹ്മണ്യ പ്രീതിക്ക് നടത്തുന്ന പ്രധാന പുഷ്പാഞ്ജലികൾ. അഷേ്ടാത്തര ശതനാമാവലി, സഹസ്രനാമം എന്നിവ കൊണ്ട് അർച്ചന ചെയ്യുന്നത് വളരെ വേഗം കാര്യസിദ്ധി നല്കും. ഇഷ്ടകാര്യസിദ്ധിക്കാണ് കുമാരസൂക്തം ജപിച്ച് പുഷ്പാഞ്ജലി നടത്തുന്നത്. ഭാഗ്യം തെളിയാനാണ് ഭാഗ്യസൂക്തപുഷ്പാഞ്ജലി. പുരുഷസൂക്തം ഐശ്വര്യവും സംവാദസൂക്തം പരസ്പര ഐക്യവും യോഗക്ഷേമ സൂക്തം കർമ്മ ഭാഗ്യവും നൽകുന്ന അർച്ചനകളാണ്.
ധ്യാനശ്ലോകം
സ്ഫുരന്മകുട പത്രകുണ്ഡല വിഭൂഷിതം ചമ്പക
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിത വാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം
മൂലമന്ത്രം
ഓം വചത്ഭുവേ നമ:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)
Story Summary : Benefits of Subramanya Swamy Worship and Different offerings