Monday, 8 Jul 2024

ക്ഷേത്രത്തിൽ പോയാൽ ആൽമരം ചുറ്റണോ ?

ജോതിഷി പ്രഭാസീന. സി. പി.

ക്ഷേത്രദർശനം നടത്തുന്നവർ തീർച്ചയായും ആൽമരത്തെയും പ്രദക്ഷിണവും ചെയ്യണമെന്ന് പറയുന്നത് വെറും വിശ്വാസമല്ല; ഇതിനു പിന്നിൽ ചില മഹാരഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. പഞ്ചാമൃതത്തിന്റെ മഹാഗുണങ്ങളാണ് ദേവവൃക്ഷമായ ആൽമരത്തിനെ പ്രദക്ഷിണംവയ്ക്കുന്നവർക്ക് ലഭ്യമാകുന്നതെന്ന് ആചാര്യൻമാർ പറഞ്ഞിട്ടുണ്ട്. അപൂര്‍വ്വ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഈ പുണ്യവൃക്ഷത്തെ വലം വച്ചാൽ പല രോഗങ്ങൾക്കും ആശ്വാസം ലഭിക്കുമത്രേ.

ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ത്രിമൂര്‍ത്തികളും കുടികൊള്ളുന്ന ഈ പുണ്യവൃക്ഷത്തിന്റെ ദർശനം തന്നെ ഭഗവത് സ്മരണ നമ്മുടെയുള്ളിൽ ഉണർത്തും. ചെറുതാണെങ്കിലും ഗുണകരമായ വ്യായാമമാണ് ആൽമരം പ്രദക്ഷിണം ചെയ്യുന്നതിലൂടെ രണ്ടാമത് ലഭിക്കുന്നത്. മനുഷ്യ ശരീരത്തിൽ ആവശ്യത്തിന് വായുവും പ്രകാശവും ലഭ്യമാക്കുവാനും പ്രദക്ഷിണം വഴി കഴിയുന്നു. ധാരാളം പ്രാണവായു ആൽമരത്തിൽ നിന്നും പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയിലേക്ക് കടക്കുന്നു. ഏറ്റവും അവസാനം പടർന്നു പന്തലിച്ചു നിൽക്കുന്ന തണലും ലഭിക്കുന്നതോടെ ആൽമര പ്രദക്ഷിണം പഞ്ചാമൃതം നൽകുന്നു എന്നാണ് സങ്കല്പം. ആല്‍മര ചുവട് പ്രാണന്‍ , അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ തുടങ്ങിയ ശ്രേഷ്ഠമായ വായു അംശങ്ങൾ കൊണ്ട്‌ നിറഞ്ഞിരിക്കുന്നതിനാല്‍ ദിവസവും കുറച്ചു സമയം ആല്‍ത്തറയില്‍ ചിലവഴിച്ചാല്‍ ഏറെക്കാലം ആയുരാരോഗ്യത്തോടെ ജീവിക്കുമെന്ന്‌ ചുരുക്കം.

എന്നാൽ ആൽമര പ്രദക്ഷിണത്തിന്റെ ശാസ്ത്രീയ അടിത്തറ തെളിയിക്കപ്പെട്ടു കഴിഞ്ഞു. ആൽമരം കാർബണിനെ ആഗിരണം ചെയ്ത് ഓക്സിജനെ പുറത്തുവിടുന്നു. എല്ലാ വ്യക്ഷങ്ങൾക്കും ഈ കഴിവുണ്ടെങ്കിലും ഞെട്ടിന്റെയും ഇലയുടെയും പ്രത്യേക ഘടന കാരണം എപ്പോഴും വായുവിനെ ചലിപ്പിച്ചു കൊണ്ടിരിക്കുന്ന ആൽമരമാണ് ഏറ്റവും കൂടുതൽ ഓക്സിജൻ പുറത്തുവിടുന്ന വൃക്ഷം. ഇതു കൂടാതെ കുറഞ്ഞ തോതിലാണെങ്കിലും ഓസോൺ ഉൽപ്പാദിപ്പിക്കാനും ആൽമരത്തിന് കഴിവുണ്ടത്രേ. വായുവിനേക്കാൾ സാന്ദ്രത കൂടിയതിനാൽ ആൽമര ചുവട്ടിൽ തന്നെ ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ഓസോൺ തങ്ങിനിൽക്കുന്നു. ഇതാകട്ടെ വായുവിനെ ശുദ്ധീകരിക്കുകയും ശ്വാസകോശത്തിലെ അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. ആല്‍വൃക്ഷ കുടുംബത്തില്‍ അരയാല്‍, പേരാല്‍, അത്തിയാല്‍, ഇത്തിയാല്‍, കല്ലാല്‍ ഇങ്ങനെ പല ഇനങ്ങളുണ്ട്‌. ഇതില്‍ അരയാലിനാണ് വൃക്ഷങ്ങളുടെ രാജാവെന്ന സ്ഥാനം. അരയാലിന് 2000 വര്‍ഷമാണ് ആയുര്‍ദൈര്‍ഘ്യം കല്‍പിച്ചിരിക്കുന്നത്‌. ഗീതയില്‍ ശ്രീകൃഷ്ണന്‍ വൃക്ഷങ്ങളില്‍ അരയാല്‍ താനാണെന്ന്‌ പറയുന്നുണ്ട്. ബുദ്ധനെ സിദ്ധനാക്കിയത്‌ ബോധിവൃക്ഷ ചുവട്ടിലെ നിരന്തരമായ ധ്യാനം ആണ്. ബോധിവൃക്ഷം എന്നു അരയാലിനു വിശേഷാര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്‌ അതിനാലാണ്.

മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണു രൂപിണേ
അഗ്രതോ ശിവ രൂപായ
വൃക്ഷ രാജായതേ നമോ നമഃ

ത്രിമൂർത്തികളും കുടികൊള്ളുന്ന ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചോല്ലേണ്ട മന്ത്രം ആണ് ഇത്‌. ചുവട്ടില്‍ ബ്രഹ്മാവും മദ്ധ്യത്ത്‌ വിഷ്ണുവും മുകളില്‍ ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന്‌ അര്‍ത്ഥം. ത്രിമൂര്‍ത്തികള്‍ക്ക്‌ സ്ഥാനം കല്‍പിച്ചിരിക്കൂന്ന അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത്‌ ശനിദോഷ നിവാരണത്തിന് നല്ലതാണ്.

അശ്വത്ഥ ഹുതഭുക്ക്‌ വാ സോ
ഗോവിന്ദസ്യസദാശ്രയ
അശേഷം ഹരമേശോകം
വൃക്ഷരാജ നമോസ്തുതേ

അരയാലിന്റെ നമസ്കാര മന്ത്രമാണിത്. യാതൊന്നു ദൃഷ്ടിയില്‍ പെടുമ്പോള്‍ രോഗത്തില്‍ നിന്നു മോചനം ലഭിക്കുന്നുവോ യാതൊന്നിനെ സ്പര്‍ശിച്ചാൽ പാപ ‌ മോചനം ലഭിക്കുന്നുവോ യാതൊന്നിന്റെ പരിസരത്ത്‌ സ്ഥിതി ചെയ്യുമ്പോള്‍ എന്നെന്നും നില നിൽക്കുന്നതായി ഭവിക്കുന്നുവോ അപ്രകാരമുള്ള അരയാലിനെ ഞാൻ നമസ്കരിക്കുന്നു. ആലിനു എത്ര പ്രദക്ഷിണം വച്ചോ, അത്രയും നമസ്കാരം ചെയ്യണം. ‌ അരയാലിന് കുറഞ്ഞത് ഏഴ് പ്രദക്ഷിണം വേണം എന്നാണ് ശാസ്ത്രം. ഏഴിന്റെ ഗുണിതങ്ങളും ആകാം. 108 ആയാല്‍ പ്രദക്ഷിണം അത്യുത്തമം. സന്താനഭാഗ്യത്തിന് മരുന്നുകള്‍ക്കൊപ്പം ആല്‍മരപ്രദക്ഷിണവും നമസ്ക്കാരവും നല്ലതാണ്.

ശനിദശാകാലം, ശനിയുടെ അപഹാരം, കണ്ടകശനി, ഏഴരശനി സമയങ്ങളില്‍ ആല്‍മരപ്രദക്ഷിണം ഉത്തമമാണ്. അതിന് കാരണം ശനിയാഴ്ചകളില്‍ ശ്രീ മഹാലക്ഷ്മിയുടെ സാന്നിദ്ധ്യം ഇതിലുണ്ടാകും എന്ന വിശ്വാസമാണ്. അരയാലിനെ പ്രദക്ഷിണം ചെയ്‌താൽ സര്‍വ്വപാപങ്ങളും മാറിക്കിട്ടുമെന്നാണ് വിശ്വാസം. എന്നാല്‍ രാത്രിയിൽ ആല്‍മരത്തെ പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്ന് വിശ്വാസമുണ്ട്. ആലിന്റെ വിവിധ ഭാഗങ്ങള്‍ മരുന്നുകൾക്ക് ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു.

ജോതിഷി പ്രഭാസീന സി. പി

  • 91 9961442256
    Email ID: prabhaseenacp @gmail.com

Story Summary: Significance of Banyan Tree Pradikshanam in Hinduism

error: Content is protected !!
Exit mobile version