Sunday, 29 Sep 2024

ക്ഷേത്ര മണിമുഴക്കം മനസ്സിന്റെ പ്രശ്നങ്ങൾക്ക് മറുമരുന്ന്

ക്ഷേത്രത്തിൽ മണി സ്ഥാപിച്ചിരിക്കുന്നത് എന്തിനാണ്?  ശ്രീകോവിലിൽ  പ്രവേശിക്കും മുമ്പ്  പൂജാരി മണി അടിക്കുന്നത്  എന്തിനാണ്? ഈ മണി എന്ത് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? പലരും  ചോദിക്കുന്ന ചോദ്യങ്ങളാണിത്.

എല്ലാ ക്ഷേത്രങ്ങളുടെയും ശ്രീകോവിലിനടുത്ത്  മുകളിൽ ഒന്നോ അതിലധികമോ ചെറിയ മണികളും കവാടത്തിനടുത്ത് വലിയ മണിയും തൂക്കിയിട്ടിരിക്കും. പൂജാരി  ശ്രീകോവിൽ തുറക്കുമ്പോഴും പൂജാ അവസരങ്ങളിൽ ശ്രീകോവിലിൽ പ്രവേശിക്കും മുൻപും ഞാൻ അകത്തേക്ക് വരുന്നു എന്ന്  മണി മുഴക്കി ദേവതയെ അറിയിച്ച്  അനുവാദം വാങ്ങും. ഈ മണികളും ക്ഷേത്രത്തിനു പുറത്തെ വലിയ മണിയും ദീപാരാധന വേളകളിലും മറ്റ് ചില പൂജാ സമയങ്ങളിലും മുഴക്കാറുണ്ട്. 

ചില ഭക്തർ ദർശനത്തിന് വരുമ്പോൾ  മണിമുഴക്കി തൊഴുത് പ്രാർത്ഥിക്കാറുണ്ട്. ക്ഷേത്രത്തിലെത്തുന്ന കുട്ടികളുടെ വലിയ കൗതുകമാണ് ഈ മണിഅടിക്കുന്നത്. എന്നാൽ ഭക്തർ  ദീപാരാധന വേളയിൽ അല്ലാതെ  ക്ഷേത്ര മണി മുഴക്കാൻ പാടില്ല. ഇത് ക്ഷേത്രാചാരത്തിന് വിരുദ്ധമാണെന്ന് സംശയ പരിഹാരമായി ആചാര്യനായ ശബരിമല മുൻ മേൽശാന്തി ജി.പരമേശ്വരൻ നമ്പൂതിരി പറഞ്ഞു. 

ക്ഷേത്ര മണി മുഴക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ശുഭസൂചകമായി കരുതപ്പെടുന്നു. ഭഗവാന്റെ പ്രപഞ്ച സ്വരൂപ നാമമായ പ്രണവം അതായത്  ഓം ശബ്ദമാണ് മണിമുഴക്കത്തിൽ നാം കേൾക്കുന്നത്. സർവ്വ മംഗള സ്വരൂപനായ ഭഗവാനെ ദർശിക്കണമെങ്കിൽ നമ്മുടെ അകവും പുറവും ഒരുപോലെ ശുദ്ധമായിരിക്കണം.

ഭഗവദ് സമക്ഷം ദീപാരാധന  ചെയ്യുമ്പോൾ മണി മുഴക്കുന്നത് ചിലപ്പോൾ ദിവ്യമായ ശംഖനാദത്തോടൊപ്പമോ മറ്റ് വാദ്യങ്ങളുടെ അകമ്പടിയോടെയോ ആവാം. മണി, ശംഖ്, വാദ്യോപകരണങ്ങൾ എന്നിവയുടെ ശബ്ദത്തിൽ മറ്റ് എല്ലാ  അപശബ്ദങ്ങളും കോലാഹലങ്ങളും നിമജ്ജനം ചെയ്യപ്പെടും. അങ്ങനെ ആരാധ്യ ദേവതയിലേക്ക് മാത്രമായി നമുക്ക് ശ്രദ്ധ പതിപ്പിച്ച് ഈശ്വര ചിന്തയിൽ ലയിക്കുവാൻ കഴിയും.നിത്യ പൂജയുടെ ആരംഭത്തിൽ മണി മുഴക്കിക്കൊണ്ട് ദേവൻമാരുടെ ആഗമനത്തിനും  ദുഷ്ടശക്തികളുടെ പലായനത്തിനും ദേവതാ ക്ഷണ സൂചകമായ മണിനാദത്തെ ഞാൻ മുഴക്കുന്നു എന്ന് അർത്ഥം വരുന്ന മന്ത്രമാണ് ചൊല്ലുന്നത്. ആ മന്ത്രം ഇതാണ്: 

ആഗമാർഥം  തു ദേവാനാംഗമനാർഥം

തു രക്ഷസാംകുർവേ ഘണ്ഡാരവം

തത്രദേവതാഹ്വാൻലക്ഷണം

കാഡ്മിയം, ലെഡ്, കോപ്പർ, സിങ്ക്, നിക്കൽ, ക്രോമിയം, മംഗനീസ് തുടങ്ങി വിവിധ തരം ലോഹങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് ക്ഷേത്രമണി. ഇതിൽ ഓരോ ലോഹവും  വ്യത്യസ്ത ശബ്ദങ്ങളാണ് സൃഷ്ടിക്കുന്നത്. ഇടത്, വലത് തലച്ചോറുകളിൽ ഏകത്വം സൃഷ്ടിക്കാൻ ഈ മണിനാദത്തിന് കഴിയും. ക്ഷേത്ര മണിനാദം  മുഴക്കമുള്ളതും നീണ്ടു നിൽക്കുന്നതുമാണ്. ഓരോ തവണത്തെയും മണിമുഴക്കം  ഏഴു സെക്കൻഡോളം നീണ്ടു നിൽക്കുന്ന പ്രതിധ്വനിയാകും. അത്  ശരീരത്തിലെ ഏഴു ചേതനകളെ ഉദ്ദീപിപ്പിക്കുന്നു.

മണിയടിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന  ശബ്ദതരംഗങ്ങൾ നമ്മുടെ തലച്ചോറിൽ തത്സമയം നിലനിൽക്കുന്ന സകലചിന്തകളും ക്ഷണ മാത്രയിൽ അകറ്റും. അങ്ങനെ ആരാധിക്കുന്ന ഭഗവാനിലേക്കോ ഭഗവതിയിലേക്കോ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കും. പുതിയതെന്തും   പൂർണ്ണ മനസോടെ ഏറ്റെടുക്കാൻ കഴിയുന്ന ഒരു മാനസികാവസ്ഥ നമ്മിലുണ്ടാക്കും. ഇത്തരത്തിൽമനുഷ്യ മനസിന്റെ പ്രശ്‌നങ്ങൾക്ക്  മറുമരുന്നായി മണിയൊച്ച  പ്രവർത്തിക്കുന്ന  കാര്യം  ക്ഷേത്രത്തിൽ നിൽക്കുമ്പോൾ  പക്ഷേ നമ്മളാരുംമനസ്സിലാക്കാറില്ല.

സരസ്വതി ജെ.കുറുപ്പ്

+91 90745 80476

error: Content is protected !!
Exit mobile version