കർക്കടകം ഒന്നും ഏകാദശിയും മുപ്പെട്ടുവ്യാഴവും ഒന്നിച്ച് വരുമ്പോൾ ആരാധനയ്ക്ക് 4 ഇരട്ടി ഫലം
രാമായണമാസാരംഭമായ കർക്കടകം ഒന്നും ഏകാദശിയും മുപ്പെട്ട് വ്യാഴവും ഒന്നിച്ചു വരുന്ന പുണ്യ ദിവസമാണ് 2020 ജൂലൈ 16 വ്യാഴം. വിഷ്ണുഭജനത്തിന് സുപ്രധാനമായ വ്യാഴാഴ്ച, ഏകാദശി, കർക്കടക സംക്രമം, മുപ്പെട്ട് വ്യാഴം, അതായത് മാസത്തിലെ ആദ്യ വ്യാഴാഴ്ച തുടങ്ങി വിഷ്ണു പ്രധാനമായ ദിവസങ്ങളെല്ലാം ഒന്നിച്ചു വരുന്ന ഈ അപൂർവ്വ ദിനത്തിൽ ഭഗവാൻ ശ്രീ നാരായണനെ വ്രതാനുഷ്ഠാനത്തോടെ ഭജിക്കുന്നത് നാലിരട്ടി ആഗ്രഹസാഫല്യം നൽകും എന്നാണ് വിശ്വാസം. ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തതാണ്. വ്യാഴദോഷത്തിന് പരിഹാരവുമാണ്
ഈ വ്രതാനുഷ്ഠാനം.
ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 12 മണിക്കൂർ ഹരിവാസര സമയത്ത് വിഷ്ണു നാമങ്ങൾ ജപിക്കണം എന്നതാണ് ഏകാദശിയുടെ പ്രധാന ചിട്ട. ഈ ജപത്തിൽ ഓം നമോ നാരായണായ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നിവ ജപിക്കുന്നത് അത്യുത്തമമാണ്. ഭഗവൽ സാന്നിധ്യം കൂടുതലുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് നല്ലതാണ്.
കുടുംബൈശ്വര്യത്തിന് ഏകാദശിവ്രതം അനുഷ്ഠിക്കുന്നത്. ദശമി, ഏകാദശി, ദ്വാദശി തിഥികൾ വരുന്ന മൂന്ന് ദിവസങ്ങളിലായാണ് വ്രതമെടുക്കേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കൽ എടുക്കണം. ഏകാദശി ദിവസം അതിരാവിലെ ഉണർന്നു കുളിച്ച് ശരീരശുദ്ധി വരുത്തിയ ശേഷം നിലവിളക്ക് കൊളുത്തി വിഷ്ണു മന്ത്രങ്ങൾ ജപിക്കണം. ഈ ദിനം മുഴുവൻ ഉപവസിക്കാൻ സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ ലഘു ഭക്ഷണമോ കഴിക്കുക. അരി ആഹാരം കഴിക്കരുത്, പകലുറക്കം പാടില്ല. വിഷ്ണു ക്ഷേത്ര ദർശനവും അര്‍ച്ചനയും വ്രതത്തിന്റെ ഭാഗമാണ്. അതിന് കഴിയുന്നില്ലെങ്കിൽ തികഞ്ഞ ഭക്തിയോടെ വിഷ്ണു മന്ത്രങ്ങൾ ജപിക്കുക. ഏകാദശി ദിവസം രാവിലെ തുളസീ പൂജയും നടത്തണം. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി നാളിൽ ഹരിവാസര സമയ ശേഷം മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക.
ജ്യോതിഷൻ വേണു മഹാദേവ്
+91 9847475559