Monday, 30 Sep 2024

കർക്കടകത്തിൽ രാമായണം വായിച്ചാൽ ഗൃഹത്തിൽ ഐശ്വര്യം, സന്തോഷം

കർക്കടകത്തിലെ സുപ്രധാന അനുഷ്ഠാനങ്ങളാണ് രാമായണ പാരായണവും വാവുബലിയും. സർവ ദു:ഖങ്ങളും അകറ്റാനും ഗൃഹത്തിൽ സന്തോഷവും ഐശ്വര്യവും കെെവരാനും കർക്കടകത്തിലെ രാമായണ വായന ഏറ്റവും നല്ലതാണ്. പറ്റിയാൽ ദിവസവും രാമായണം വായിക്കുന്നതും ഉത്തമമാണ്.

പവിത്രമായ രണ്ട് ഭാരതീയ ഇതിഹാസങ്ങളിൽ അതീവ ശ്രേഷ്ഠമാണ് ആദികാവ്യമായ രാമായണം. ഓം നമോ നാരായണ നമഃ എന്ന അഷ്ടാക്ഷരി മന്ത്രത്തിലെ ബീജാക്ഷരമായ രാ യും നമഃ ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ മായും ചേർന്ന ശെൈവ – വൈഷ്ണവ ചെെതന്യം രാമനാമത്തിലുണ്ട്. ശ്രീരാമദേവന്റെ ദിവ്യ ചരിതവും ഭൂലോകം, ഭുവർലോകം, സ്വർഗ്ഗലോകം തുടങ്ങി ത്രിലോകങ്ങളുടെയും വേദമാതാവായ ഗായത്രിയുടെ സ്തൂലരൂപവും ഒന്നിക്കുന്ന പൈതൃകത്തിന്റെ പുണ്യമാണ് രാമായണം ഗ്രന്ഥം.

വിധിപ്രകാരമുള്ള രാമായണ വായനയ്ക്ക് ചില ചിട്ടകളുണ്ട്. രാവിലെ 8 മണി മുതൽ വൈകുന്നേരം ആറു മണിവരെയാണ് പാരായണത്തിന് ഏറ്റവും ഉത്തമമായ സമയം. കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് നെയ് വിളക്ക് കൊളുത്തി വച്ച് ശ്രീരാമ പട്ടാഭിഷേകത്തിന്റെ ചിത്രത്തിന് മുന്നിലിരുന്ന് ആദ്യം രാമ നാമം ജപിക്കണം. തുടർന്ന് രാമസ്തുതികൾ ചൊല്ലണം. അതിനു ശേഷം രാമായണ പാരായണം തുടങ്ങാം. ഒരോ ദിവസവും പാരായണശേഷവും ശ്രീരാമചന്ദ്രനെ സ്തുതിക്കണം. ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള പൂർവ്വരാമായണമോ അതല്ലെങ്കിൽ അശ്വമേധം വരെ ഉത്തരരാമായണമോ കർക്കടകം തീരും മുൻപ് വായിച്ചു പൂർത്തിയാക്കണം. രാമായണത്തിലെ 24,000 ശ്ലോകങ്ങൾ വായിച്ചു തീർക്കണമെന്നാണ് പ്രമാണം. 24,000 ഗായത്രി ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ രാമായണം വായിക്കുന്നത്. കർക്കടകം ഒന്നു മുതൽ 32 വരെ ഓരോ ഭാഗമായി പാരായണം ചെയ്യുക. ഒരു കഥാസന്ദർഭമോ, സ്തുതിയോ പൂർണ്ണമാകുന്ന രീതിയിൽ ദിവസവും വായന നിറുത്തണം. കഴിയുന്നതും ഐശ്വര്യം ഉള്ള ഏതെങ്കിലും ഭാഗത്ത് നിർത്തുന്നതാണ് നല്ലത്. ക്ഷേത്രത്തിൽ പൂജയോ വഴിപാടുകളോ നടത്താൻ സാഹചര്യമുള്ളവർ കഴിവനുസരിച്ച് പൂജ നടത്തിയാൽ നല്ലത്. പുണർതം നക്ഷത്രത്തിലും പട്ടാഭിഷേകം പാരായണം ചെയ്യുമ്പോഴും കർക്കടകം 32 ന് വായന പൂർണ്ണമാകുമ്പോഴും ക്ഷേത്രത്തിൽ അർച്ചനയെങ്കിലും ചെയ്താൽ നല്ലത്. ഉത്തര രാമായണം വായിക്കുന്നു എങ്കിൽ അതു വായിച്ച ശേഷം ബാലകാണ്ഡം വായിച്ച് നിറുത്തണം. രാമായണപാരായണം പൂർത്തിയാക്കുമ്പോൾ കർപ്പൂരം കത്തിച്ച് ശ്രീരാമ ചിത്രത്തിൽ ഉഴിയണം.

രാമായണത്തിലെ ഓരോ ഭാഗത്തിന്റെയും പാരായണത്തിന് അതിനനുസൃതമായ ഫലങ്ങൾ ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്: മക്കളുടെ വിദ്യാവിജയത്തിനും സന്താന സൗഭാഗ്യത്തിനും രാമായണത്തിലെ ബാലകാണ്ഡം വായിക്കുക.

കാര്യ വിജയത്തിനും ദാമ്പത്യത്തിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനും വിരഹദുഃഖം അകലാനും സന്തോഷമുള്ള ദാമ്പത്യ ജീവിതം ലഭിക്കാനും രാമായണത്തിലെ സുന്ദര കാണ്ഡത്തിലെ ഹനുമത് സീതാസംവാദ ഭാഗത്തു ഉഷസി നിശിചരി കളിവരുടലു …….എന്നതു മുതൽ ദാസൻ ദയാനിധേ പാഹിമാം പാഹിമാം എന്ന വരികൾ വരെയുള്ള വരികൾ വായിക്കണം.

സുന്ദര കാണ്ഡമാണ് രാമായണത്തിൽ ഏറ്റവും പ്രധാനം. രാമായണം മുഴുവൻ വായിക്കാൻ കഴിയാത്തവർ സുന്ദരകാണ്ഡം മാത്രം വായിച്ചാൽ മതി. സുന്ദരകാണ്ഡത്തിൽ സർവ്വ ലോക മാതാവായ ലളിത ദേവിയുടെ സാന്നിദ്ധ്യം ഉണ്ട്. അതു പോലെ സുന്ദരകാണ്ഡം വായിക്കുന്നിടത്ത് ഹനുമാൻ അദൃശ്യനായി വരും എന്നും ആചാര്യന്മാർ പറയുന്നു.

സന്താന ഭാഗ്യത്തിനും ആയുരാരോഗ്യ സൗഖ്യത്തിനും സുന്ദര കാണ്ഡപാരായണം ഉത്തമമാണ്. സുന്ദരകാണ്ഡം വഴിപാടായി ചെയ്യിക്കുന്നതും ഐശ്വര്യദായകമാണ്.

സരസ്വതി ജെ. കുറുപ്പ്
+91 90745 80476

error: Content is protected !!
Exit mobile version