Saturday, 23 Nov 2024

കർക്കടക ചൊവ്വ കടൽ വറ്റിക്കും; ഇടവം അരക്ഷിതാവസ്ഥയുടെ കാലം

ജ്യോതിഷ ചക്രവർത്തി പെരിങ്ങോട് ശങ്കരനാരായണൻ

രാഷ്ട്രീയതലത്തിലും സാമൂഹ്യപരമായും വളരെയേറെ വ്യതിയാനങ്ങൾ സംഭവിക്കുന്ന മാസമാണിത്; 1196 ഇടവം മാസം. 2021 ജൂൺ 2, ഇടവം 19 വരെ ചൊവ്വ മിഥുനത്തിലാണ്. പൊതുവേ അരക്ഷിതാവസ്ഥയുടെ കാലമാണ്. അജ്ഞാതജ്വരം ഉഗ്രത പ്രാപിക്കാം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണം, അതിയായ ചൂടും അപ്രതീക്ഷിത വർഷവും ഫലമാകുന്നു. ഇടവം 19, ജൂൺ 2 ന് ചൊവ്വ ഗ്രഹം നീചരാശിയായ കർക്കടകത്തിലേക്ക് മാറുന്നതും ദോഷകരമാണ്. കർക്കടക ചൊവ്വ കടൽ വറ്റിക്കുമെന്നാണ് ചൊല്ല്. ശനിയുടെ ദൃഷ്ടി ചൊവ്വയ്ക്കുണ്ട്. അഗ്‌നിയും കാറ്റും കൂടി നോക്കുന്നു. അതും ഗുണം പോര. പകർച്ചവ്യാധികളുടെ താണ്ഡവം പ്രതീക്ഷിക്കാം. ആകെപ്പാടെ ഭയമുണ്ടാക്കുന്ന അവസ്ഥ സംജാതമാകും. വേണ്ട മുൻകരുതലുകൾ പാലിക്കുകയും രോഗബാധയുണ്ടായാൽ ചികിത്സ തേടുകയും ഈശ്വരഭജനയുമാണ് ശരിയായ പ്രതിവിധി.

മഹാമാരിയായ കോവിഡിന്റെ അതിരൂക്ഷ വ്യാപനം മാസാവസാനത്തോടെ നിയന്ത്രണ വിധേയമാക്കാൻ കഴിയുന്നതാണ്. എന്നാൽ എവിടെയും ഒരു പിടിവള്ളി കിട്ടാതെ ഉഴറിയ ചില രാഷ്ട്രീയ നേതാക്കൾക്ക് ഇത് ഗുണകരമായ കാലഘട്ടമാണ്. അവർക്ക് പിടിച്ചു നിൽക്കാൻ വേണ്ട വകകൾ വീണു കിട്ടും. കലാസാഹിത്യ പ്രവർത്തകർക്ക് നിർജീവാവസ്ഥ കുഴപ്പമില്ലാതെ കടന്നുപോകും. വ്യാപാര-വ്യാവസായ വിദ്യാഭ്യാസ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. ആരോഗ്യരംഗത്ത് രോഗ പ്രതിരോധത്തിനായി ഭഗീരഥ പ്രയത്‌നം നടത്തുകയും അതിൽ ഏറെ കുറെ വിജയിക്കുകയും ചെയ്യും. ഇടവത്തിൽ സൂര്യഗ്രഹണം വളരെനിസാരം മാത്രം. ഇടവം 27, ജൂൺ 10 ന് മകയിരം നക്ഷത്രത്തിൽ ആണ് രാഹു ഗ്രസ്ത സൂര്യഗ്രഹണം സംഭവിക്കുക.

ഇടവം 20, ജൂൺ 3 മുതൽ മിഥുനം 5, ജൂൺ 19 വരെ ബുധൻ മൗഢ്യമാകയാൽ മൃതാവസ്ഥയിലാണ്. ഇടവം 12, മേയ് 20 ന് ബുധൻ സ്വക്ഷേത്രത്തിൽ പ്രവേശിക്കുന്നത് നല്ലതാണ്. ഇടവത്തിൽ ശുക്രൻ യുവ അവസ്ഥയിലാണ്. വ്യാഴത്തിന് കുമാരാവസ്ഥയാണ്. കുംഭത്തിലെ വ്യാഴം വിശേഷഭാഗ്യം ചെയ്യും. ഉച്ചസ്ഥനായ വ്യാഴത്തിന്റെ അതേഫലം വ്യാഴം കുംഭത്തിൽ സ്ഥിതി ചെയ്യുമ്പോൾ ഉണ്ട്. ശനിക്ക് യൗവ്വനാവസ്ഥയാണ്. ഇടവം 19, ജൂൺ 2 മുതൽ ശനി ചൊവ്വയെ നോക്കുന്നത് മോശമാണ്. അരാജകത്വം അനുഭവപ്പെടും. സ്വക്ഷേത്രവാനായ ശനി നിര്യാണകാരകനുമാണ്. അതിനാൽ കുറെയേറെ മരണങ്ങൾ സംഭവിക്കാം. ചൊവ്വ കൗമാര അവസ്ഥയിലാണ്. ചൊവ്വയുടെ പകർച്ചയും മോശമാണ്. നീചത്തിൽ ചൊവ്വ പ്രവേശിക്കുന്നത് ദോഷമാണ്.

നീചത്തിലെത്തുന്നതിന് മുമ്പുവരെ വ്യാഴത്തിന്റെ വിശേഷ ദൃഷ്ടി നല്ല പരിഹാരമാകുന്നു. അതിനാൽ കടുത്ത അനർത്ഥങ്ങൾ ഒഴിഞ്ഞു പോകും. എങ്കിലും ചെറിയ വാഹനാപകടം, ജലയാത്രയിൽ അപകടം, സൂര്യതാപം കൊണ്ട് ദോഷങ്ങൾ, അഗ്‌നിഭയം, ഭൂചലനം എന്നിവ ചെറിയതോതിൽ ഉണ്ടാകും. കുറ്റകൃത്യങ്ങൾ കൂടി കൂടി വരും. സാമ്പത്തിക തകർച്ച ഏതു രംഗത്തും സംഭവിക്കും. രാഹുവിന്റെ ഇടവത്തിലെ സ്ഥിതിയും കേതുവിന്റെ വൃശ്ചികത്തിലെ സ്ഥിതിയും ഏറ്റവും അനുകൂലമാകയാൽ ഭൂമിയിൽ വിഷാംശങ്ങൾക്ക് കുറവ് വരാവുന്നതാണ്.

ബുധശുക്രന്മാരുടെ പകർച്ചഅനുകൂലമാണ്. ശുക്രന്റെ പകർച്ച ഇടവം 14, മേയ് 28 ന് മിഥുനത്തിലേക്കുള്ള പോക്ക് നല്ലതാണ്. ബന്ധു ക്ഷേത്രത്തിലേക്ക് കൂടാതെ വ്യാഴത്തിന്റെ ദൃഷ്ടി ഉണ്ടെങ്കിലും ബുധനും വ്യാഴവും ശത്രുക്കളാകയാൽ ദൃഷ്ടി വലിയ ഗുണം ചെയ്യില്ലെങ്കിലും ദോഷത്തെ ഇല്ലാതാക്കുന്നു. കൂടാതെ സ്വക്ഷേത്രത്തിൽ നിന്നാണ് ശുക്രൻ മാറുന്നത്. അതുകൊണ്ട് ഇടവമാസത്തെ ശുക്രൻ അനുകൂലിയാണ്. സ്ത്രീകൾക്കും സൗന്ദര്യ കാര്യങ്ങൾക്കും പ്രത്യേക ചികിത്സയുടെ കാര്യങ്ങളിലും മരണനിരക്ക് കുറച്ച് കുറയ്ക്കുന്നതിനും ശുക്രൻ സഹായിക്കും. മൃതസഞ്ജീവിനി കാരകനാണ് ശുക്രൻ .

ജ്യോതിഷ ചക്രവർത്തി
പെരിങ്ങോട് ശങ്കരനാരായണൻ
+91 9447404003

Story Summary: Effects of planets in different houses during Edavam,1196


error: Content is protected !!
Exit mobile version